
തിരുവനന്തപുരം: സി.പി.എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ശശിക്ക് എതിെര ഉയര്‍ന്ന ആരോപണങ്ങള്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമീഷന്‍ ശരിവെച്ചു. ശിക്ഷാര്‍ഹമായ ഗുരുതരമായ കുറ്റമാണ് ശശി ചെയ്തതെന്ന് കമീഷന്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ശശിയില്‍ നിന്ന് വിശദീകരണം ചോദിക്കാന്‍ വ്യാഴാഴ്ച സമാപിച്ച സി.പി.എം സംസ്ഥാന സമിതി തീരുമാനിച്ചു. ഒരാഴ്ചക്കുള്ളില്‍ മറുപടി നല്‍കണം. മറുപടി തൃപ്തികരമല്ലെന്ന് ബോധ്യപ്പെട്ടാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും.
വൈക്കം വിശ്വന്‍, എ. വിജയരാഘവന്‍ എന്നിവരടങ്ങിയ കമീഷനെ ഫെബ്രുവരി മൂന്നിന് ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റാണ് ചുമതലപ്പെടുത്തിയത്. സി.പി.എം സംസ്ഥാന സമിതിയംഗം, കണ്ണൂര്‍ ജില്ലയില്‍ നിന്നുമുള്ള ഒരു ഡി.വൈ.എഫ്.ഐ നേതാവ് എന്നിവരില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കമീഷനെ നിയോഗിച്ചത്.
നേരത്തെ, പി. ശശിക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ 2010 ഡിസംബര്‍ 13 ന് ചേര്‍ന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം അദ്ദേഹത്തെ സ്ഥാനത്ത് നിന്നും ഒഴിവാക്കിയിരുന്നു. പകരം സംസ്ഥാന സമിതിയംഗമായ പി. ജയരാജനെ ചുമതല നല്‍കി. ആരോഗ്യപരമായ കാരണങ്ങളാല്‍ അവധിയില്‍ പ്രവേശിക്കുന്നുവെന്നാണ് സി.പി.എം ജില്ലാ നേതൃത്വം ഔദ്യോഗികമായി അറിയിച്ചത്.
ഒരു സംസ്ഥാന സമിതിയംഗം സംസ്ഥാന സെക്രട്ടറി പിണറായി വിജയനോടും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനോടും മുന്‍ ജില്ലാ സെക്രട്ടറിയുടെ സ്വഭാവദൂഷ്യം സംബന്ധിച്ച് അഞ്ച് മാസം മുമ്പ് തന്നെ പരാതിപ്പെട്ടിരുന്നു. സംസ്ഥാന സമിതിയംഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ചേര്‍ന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് പി.ശശിയെ താക്കീത് ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റംഗം പങ്കെടുത്ത ആ യോഗം പക്ഷേ പാര്‍ട്ടി നടപടി കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടെന്ന് തീരുമാനിച്ചിരുന്നു. ഇക്കാര്യം പുറത്തറിഞ്ഞാല്‍ പാര്‍ട്ടി 50 വര്‍ഷം പിറകോട്ട് പോകുമെന്നാണ് സെക്രട്ടേറിയറ്റംഗം യോഗത്തില്‍ അഭിപ്രായപ്പെട്ടത്. ജില്ലാ സെക്രട്ടറിക്കെതിരായ പരാതിയും നടപടിയും സംസ്ഥാന സെക്രട്ടേറിയറ്റിലടക്കവും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
എന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഡി.വൈ.എഫ്.ഐ നേതാവ് പാര്‍ട്ടി കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങള്‍ക്ക് രേഖാമൂലം പരാതി നല്‍കിയതോടെയാണ് ശശിയുടെ ജില്ലാ സെക്രട്ടറി സ്ഥാനം തെറിച്ചത്. ഡിസംബര്‍ 13 ന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് പരാതിയുടെ അടിസ്ഥാനത്തില്‍ ശശിയോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 ാം തീയതി ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ശശിക്കെതിരായ ആരോപണങ്ങളും പരാതികളും വി.എസ് ഉന്നയിച്ചിരുന്നു. ഇതിന് മറുപടി പറഞ്ഞ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി രേഖാമൂലം പരാതിപ്പെട്ടയാള്‍ ഇക്കാര്യം പുറത്തറിയരുതെന്ന് ആവശ്യപ്പെട്ടിരുന്നതിനാലാണ് റിപ്പോര്‍ട്ട് ചെയ്യാതിരുന്നതെന്ന് വിശദീകരിച്ചിരുന്നു.
No comments:
Post a Comment