Tuesday, March 29, 2011

പി.ശശിയുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല


പി.ശശിയുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല

തിരുവനന്തപുരം: സി.പി.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ശശിക്കെതിരായ അച്ചടക്ക നടപടിയില്‍ പാര്‍ട്ടി അവസാന തീരുമാനമെടുത്തിട്ടില്ലെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള. അതുകൊണ്ടുതന്നെ അതു സംബന്ധിച്ച കാര്യങ്ങള്‍ ആര്‍ക്കും പുറത്ത് പറയാന്‍ കഴിയില്ല. ആക്ഷേപമുന്നയിക്കപ്പെട്ടത് ഏത് വലിയ നേതാവിനെതിരായാലും അന്വേഷിക്കുകയും നിഗമനത്തിലെത്തുകയും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുകയും ആവശ്യമെങ്കില്‍ നടപടിയെടുക്കുകയും ചെയ്യും. തിരുവനന്തപുരത്ത് കേസരി ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കവെ എസ്.ആര്‍ .പി പറഞ്ഞു.

പിണറായി വിജയന്‍ മല്‍സരിക്കേണ്ടെന്ന് തീരുമാനിച്ചത് ലാവ്‌ലിന്‍ കേസിന്റെ അടിസ്ഥാനത്തിലല്ല. അദ്ദേഹത്തെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നിയോഗിക്കുകയായിരുന്നു. പാര്‍ട്ടി ചിലരെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും വേറെ ചിലരെ പാര്‍ലമെന്റി കാര്യങ്ങള്‍ക്കും വണ്ടി നിശ്ചയിക്കാറുണ്ട്. ഒരാള്‍ക്കെതിരെ കേസില്‍ കുറ്റം ഉന്നയിച്ചു എന്നതിന്റെ പേരില്‍ മാത്രം മല്‍സര രംഗത്ത് നിന്ന് മാറ്റി നിര്‍ത്തുന്നത് പാര്‍ട്ടി നിലപാടല്ല. മല്‍സരിക്കാതിരിക്കുന്നതിന് വേണ്ടി കള്ളക്കേസില്‍ കുടുക്കുന്ന പ്രവണത ഇന്ത്യയില്‍ ഉണ്ടെന്നും രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

തെരെഞ്ഞെടുപ്പിന് ശേഷം സര്‍ക്കാറിലെ നായകന്‍ തന്നെ തുടരുമോ എന്ന് ചോദിച്ചപ്പോള്‍ ഞങ്ങളുടെ മനസ്സില്‍ ഒരു മുഖ്യമന്ത്രിയുണ്ട് എന്നായിരുന്നു മറുപടി. കഴിഞ്ഞ തവണ ആന്റണി പറഞ്ഞ കാര്യം ഞാന്‍ ആവര്‍ത്തിക്കുകയാണ്. ഞങ്ങളുടെ മനസ്സില്‍ ഒരു മഖ്യമന്ത്രിയുണ്ട്. ഇപ്പോള്‍ സ്ഥാനാര്‍ഥികളെ മാത്രമാണ് തീരുമാനിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയെ തെരെഞ്ഞടുപ്പിന് ശേഷമാണ് പ്രഖ്യാപിക്കുക.

ജയരാജന്‍ ഏഷ്യാനെറ്റ് ലേഖകനെ കൈയേറ്റം ചെയ്തതായുള്ള പ്രചാരണം ശരിയല്ല. അനുഭാവികളും അങ്ങനെ ചെയ്‌തെന്ന് കരുതുന്നില്ല. ജയരാജന്റെ ഒരു കൈ അനക്കാന്‍ പറ്റാത്തതാണ്. അദ്ദേഹം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി എന്ന് പറയുന്നതില്‍ ശരിയുണ്ടോ എന്നത് അന്വേഷിക്കുമെന്നും എസ്.ആര്‍ .പി കൂട്ടിച്ചേര്‍ത്തു.


No comments:

Post a Comment