Tuesday, March 29, 2011

സര്‍ക്കാറിലേക്ക് 24.92 ലക്ഷം അടക്കാനുണ്ടെന്ന് പി.ജെ. ജോസഫ്


തൊടുപുഴ: പുഷ്പകൃഷി ക്രമക്കേടുമായി ബന്ധപ്പെട്ട് സര്‍ക്കാറിലേക്ക് 24.92 ലക്ഷം തിരിച്ചടക്കാനുണ്ടെന്ന് പി.ജെ. ജോസഫിന്റെ സത്യവാങ്മൂലം. തൊടുപുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിഎന്ന നിലയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ കണക്ക് വ്യക്തമാക്കുന്നത്. ഏതെങ്കിലും ബാധ്യതയുണ്ടോയെന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് ഇങ്ങനെ രേഖപ്പെടുത്തിയത്.2010 നവംബര്‍ മൂന്നിന് 286 -10 എ.ഡി എന്ന നമ്പറില്‍ ഇറക്കിയ ഉത്തരവില്‍ ഈ തുക തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിനെതിരെ ഹൈകോടതിയില്‍ നിന്ന് ജോസഫ് സ്‌റ്റേ വാങ്ങി. ജോസഫ് പ്രസിഡന്റായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഫേ്‌ളാറികള്‍ച്ചര്‍ എന്ന സംഘടന രൂപവത്കരിച്ച് പട്ടിക വിഭാഗക്കാരുടെ പേരില്‍ പുഷ്പകൃഷി നടത്താന്‍ കൃഷി വകുപ്പില്‍നിന്ന് ഫണ്ട് അനുവദിപ്പിക്കുകയായിരുന്നു. ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് വിജിലന്‍സ് കേസിലാണ് തുക ഈടാക്കാന്‍ ഹൈകോടതി നിര്‍ദേശിച്ചത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായി മാര്‍ച്ച് 16നാണ് ജോസഫ് ഹൈകോടതിയില്‍ റിട്ട് അപ്പീല്‍ ഫയല്‍ ചെയ്തത്. ക്രമക്കേടുമായി ബന്ധപ്പെട്ട് സര്‍ക്കാറില്‍ ജോസഫടക്കമുള്ളവരില്‍നിന്ന് പലിശയടക്കം തുക ഈടാക്കണമെന്ന് 2008 നവംബറിലാണ് ഹൈകോടതി ഉത്തരവിട്ടത്. വിധി പുറപ്പെടുവിച്ച് മൂന്ന് മാസത്തിനുള്ളില്‍ തുക അടക്കണമെന്നായിരുന്നു നിര്‍ദേശം. ഈ തുക അടച്ച് തീര്‍ത്തിട്ടില്ലെന്ന് പത്രികയുടെ സൂക്ഷ്മ പരിശോധനാ വേളയില്‍ എല്‍.ഡി.എഫ് പരാതിപ്പെട്ടു. തുടര്‍ന്ന് വരണാധികാരി ജോസഫിന് ലഭിച്ച സ്‌റ്റേ ഉത്തരവ് ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കാന്‍ കഴിഞ്ഞില്ല.എന്നാല്‍, സ്‌റ്റേ ലഭിച്ചെന്ന ജോസഫിന്റെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ പത്രിക സ്വീകരിക്കുകയായിരുന്നു.

No comments:

Post a Comment