Friday, March 25, 2011

യു.ഡി .എഫ് പ്രകടന പത്രിക പ്രകാശന ചടങ്ങില്‍ നിന്ന് ഹസന്‍ വിട്ടുനിന്നു

യു.ഡി .എഫ് പ്രകടന പത്രിക പ്രകാശന ചടങ്ങില്‍ നിന്ന് ഹസന്‍ വിട്ടുനിന്നു

തിരുവനന്തപുരം: യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കല്‍ ചടങ്ങില്‍ നിന്ന് പ്രകടന പത്രിക തയാറാക്കാന്‍ നിയോഗിച്ച കമ്മിറ്റിയുടെ കണ്‍വീനര്‍ എം.എം.ഹസന്‍ വിട്ടുനിന്നു. സീറ്റ് വിഭജനം പൂര്‍ത്തിയാകാത്തതിനാല്‍ പലതവണ മാറ്റി വെച്ച പ്രകടനപത്രികയുടെ പ്രകാശനം എറണാകുളത്ത് നടന്ന യു.ഡി.എഫ് കക്ഷി നേതാക്കളുടെ യോഗത്തിലാണ് നിര്‍വഹിച്ചത്. സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഹസന്‍ വിട്ടുനിന്നതെന്നറിയുന്നു.
കെ.പി.സി.സി വക്താവ് എം. എം. ഹസന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച കമ്മിറ്റിയാണ് പ്രകടന പത്രിക തയാറാക്കിയത്. എല്ലാ ഘടകകക്ഷികളുടെയും പ്രതിനിധികള്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്നുവെങ്കിലും ഹസനും സി.എം.പി നേതാവ് സി.പി.ജോണുമാണ് പ്രധാന പങ്ക് വഹിച്ചത്. തിരുവനന്തപുരത്ത് നടത്തിയ കേരള വികസന കോണ്‍ഗ്രസില്‍ ഉയര്‍ന്നുവന്ന നിര്‍േദശങ്ങളും അവതരിപ്പിച്ച പ്രബന്ധങ്ങളും പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ കേരള മോചന യാത്രയില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച നിവേദനങ്ങളും നിര്‍ദേശങ്ങളും പ്രകടന പത്രിക തയാറാക്കുന്നതിനായി ഉപയോഗിച്ചു. മോചനയാത്രയുടെ കണ്‍വീനറും ഹസനായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ക്ക് സീറ്റ് നല്‍കിയെങ്കിലും ഹസനെ ഒഴിവാക്കിയത് വ്യാപക പരാതിക്ക് കാരണമായിട്ടുണ്ട്. പല മണ്ഡലങ്ങളില്‍ പേരുള്‍പ്പെടുത്തി അപമാനിച്ചുവെന്ന തോന്നലിലാണ് ഹസന്‍. ഇതില്‍ പ്രതിഷേധിച്ച് കെ.പി.സി.സി വക്താവ് സ്ഥാനം ഒഴിയാനും തീരുമാനിച്ചതായി അറിയുന്നു.
ഇതിനിടെ, മുസ്‌ലിം ലീഗിനെ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിലെ മുസ്‌ലിം നേതാക്കള്‍ക്ക് സ്ഥിരമായി സീറ്റ് നിഷേധിക്കുന്നതെന്ന് പറയുന്നു. മുസ്‌ലിം ലീഗിന്‍േറതിന് പുറമെ കോണ്‍ഗ്രസും സീറ്റ് നല്‍കിയാല്‍ യു.ഡി.എഫ് എം.എല്‍.എമാരില്‍ സാമുദായിക സന്തുലനം താളം തെറ്റുമെന്ന കാരണമാണത്രെ പലപ്പോഴും പറയുന്നത്. കാലങ്ങളായി മുസ്‌ലിം ലീഗ് യു.ഡി.എഫിലാണ്. മുസ്‌ലിം ലീഗ് മറ്റൊരു പാര്‍ട്ടിയാണെന്ന വാദം കോണ്‍ഗ്രസ് നേതൃത്വം അംഗീകരിക്കാറില്ലത്രെ. മലബാറില്‍ ലീഗുമായി പൊരുതിയാണ് മുസ്‌ലിം നേതാക്കള്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.കെ.പി.നൂറുദ്ദീന്‍, എന്‍.പി.മൊയ്തീന്‍ തുടങ്ങി ഒട്ടേറെ നേതാക്കള്‍ ഇത്തരത്തില്‍ അവഗണിക്കപ്പെട്ടവരുടെ പട്ടികയിലുണ്ടെന്നും പറയുന്നു.

madhyamam daily 25.03.11

1 comment:

  1. ഹസ്സന്‍ കമ്യുണിസ്റ്റല്ലാത്തതു കൊണ്ടാണോ മൊയ്തു... വാക്കുകള്‍ക്ക ഒരു തണുപ്പ്. കൂടെ സീറ്റ് കിട്ടാത്ത ഏതെങ്കിലും സി.പി.എം കാരനെ/കാരിയെ കൂട്ടിയിരുന്നെങ്കില്‍ സ്വാഭാവികമായ മാധ്യമം എരുവുണ്ടായിരുന്നു. ഇത് വായിച്ചിട്ട് ഒരു സുഖം കിട്ടുന്നില്ല.

    ReplyDelete