Friday, March 25, 2011

അച്യുതാനന്ദനെ ചെറുക്കാന്‍ കുഞ്ഞാലിക്കുട്ടിയെ രംഗത്തിറക്കും


തിരുവനന്തപുരം: മുഖ്യമന്ത്രി അച്യുതാനന്ദന്റെ നേതൃത്വത്തില്‍ യു.ഡി.എഫിനെതിരെ നടക്കുന്ന ആരോപണ വര്‍ഷം തടയാന്‍ കുഞ്ഞാലിക്കുട്ടിയെതന്നെ രംഗത്തിറക്കുമെന്ന് മുസ്‌ലിം ലീഗ്.
വെള്ളിയാഴ്ച യു.ഡി.എഫ് നേതൃയോഗത്തിലാണ് ലീഗ് നേതാക്കള്‍ ഈ വിവരം അറിയിച്ചത്. ഐസ് ക്രീം പാര്‍ലര്‍ കേസിനെ ചൊല്ലി വി.എസ് നടത്തുന്ന ശക്തമായ പ്രചാരണത്തിന് മറുപടി പറയാതെ പോയാല്‍ അപകടമാണെന്ന് മുന്നണിയില്‍ പരാമര്‍ശം വന്നപ്പോഴാണ്, ഇതിനു മറുപടി പറയാന്‍ പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ രംഗത്തിറങ്ങുമെന്ന് ലീഗ് നേതാക്കള്‍ അറിയിച്ചത്.
മാത്രമല്ല, ലീഗിനും മുന്നണിക്കുമെതിരെയുണ്ടാകുന്ന ആക്രമണങ്ങളെ ചെറുക്കാന്‍ ഇ.ടി. മുഹമ്മദ് ബഷീറിനെ വക്താവായി നിശ്ചയിച്ചിട്ടുണ്ടെന്നും ലീഗ് യു.ഡി.എഫിനെ അറിയിച്ചു.
ഇടതുമുന്നണിയുടെ പ്രചാരണപരിപാടി നയിക്കുന്നത് വി.എസ്. അച്യുതാനന്ദനാണ്. അദ്ദേഹം ഐസ്‌ക്രീം കേസ് സംബന്ധമായി കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ മുന്നണിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ പ്രചാരണത്തിന്റെ അനുരണനങ്ങള്‍ സമൂഹത്തിലെ വിവിധ കേന്ദ്രങ്ങളെ ആശയക്കുഴപ്പത്തിലാഴ്ത്തുന്നു എന്നാണ് മുന്നണിയുടെ വിലയിരുത്തല്‍. ഇക്കാര്യം ഗൗരവത്തോടെ എടുത്തിട്ടുണ്ടെന്ന് ലീഗ് പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു.
വി.എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കള്‍ക്കെതിരെ കനത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. മുന്‍ യു.ഡി.എഫ് ഭരണകാലങ്ങളില്‍ നടന്ന പാമോയില്‍ അഴിമതി അടക്കം എല്ലാം ഉപയോഗിച്ചുള്ള പ്രചാരണതന്ത്രമാണ് അച്യുതാനന്ദന്‍ പരീക്ഷിക്കുന്നത്. യു.ഡി.എഫിന് ഇതുവരെ ഈ പ്രചാരണത്തെ ഫലപ്രദമായി ചെറുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ അവസ്ഥ അപകടമുണ്ടാക്കുമെന്നു കണ്ടതിനെ തുടര്‍ന്നാണ്, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി വെള്ളിയാഴ്ച വി.എസിനെതിരെ രംഗത്തിറങ്ങിയത്. വി.എസിന്റെ രാഷ്ട്രീയം പ്രതികാരത്തിന്‍േറതാണെന്നു പറഞ്ഞുകൊണ്ടാണ് ഉമ്മന്‍ ചാണ്ടി തുടക്കമിട്ടത്.
ഈ ചുവടുപിടിച്ച് പിന്നാലെ ലീഗും രംഗത്തിറങ്ങുമെന്ന സൂചനയാണ് വെള്ളിയാഴ്ച യു.ഡി.എഫ് യോഗത്തില്‍ ഉണ്ടായത്.
ഇടതുപക്ഷത്തിന്റെ പ്രചാരണ നായകനായ വി.എസിനെതിരെ നിയമസഭയുടെ അവസാന സമ്മേളനത്തിലുയര്‍ന്ന ആക്രമണത്തിന്റെ ശൈലിയാണ്, തെരഞ്ഞെടുപ്പുവേളയിലും യു.ഡി.എഫ് പരീക്ഷിക്കുക എന്ന് ഇതിലൂടെ വ്യക്തമാകുന്നു.
വി.എസിന്റെ മകനെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ പ്രചാരണ തലത്തിലും ഇനി ഉയരും. മക്കാവു സന്ദര്‍ശനമായിരിക്കും ഐസ് ക്രീമിനെതിരായി ഉപയോഗിക്കുക. ലോട്ടറി കേസ് ഇരുപക്ഷവും പരസ്‌പരം പ്രയോഗിക്കും.
സ്മാര്‍ട്ട് സിറ്റിയും പഴയ കണ്ണൂര്‍ വൈദ്യുതി പദ്ധതിയും അടക്കം പഴയ കഥകളും പുതിയ കഥകളുമായി പ്രചാരണ രംഗം ചൂടാകും.
ഇരുപക്ഷവും അഴിമതിക്കഥകളാകും പ്രചാരണ വേദികളില്‍ ഉപയോഗിക്കുക എന്നത്, ഈ നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പ്രത്യേകതയായിരിക്കും.

madhyamam daily 26.03.11

No comments:

Post a Comment