Sunday, March 27, 2011

നാലിടങ്ങളില്‍ ബി.ജെ.പിക്ക് 'ഒരു കൈ' ്രപതീക്ഷ


കാസര്‍കോട്: 'ഒരുകൈ' സഹായം ്രപതീക്ഷിച്ച് സംസ്ഥാനത്ത് നാലു മണ്ഡലങ്ങളില്‍ ബി.ജെ.പി കേന്ദ്രീകരിക്കുന്നതായി സൂചന. തിരുവനന്തപുരം, നേമം, കാസര്‍കോട്, മഞ്ചേശ്വരം എന്നിവയാണ് ഈ മണ്ഡലങ്ങള്‍. പാലക്കാട് ഉള്‍പ്പെടെ 10 മണ്ഡലങ്ങളില്‍ ബി.ജെ.പി നില മെച്ചപ്പെടുത്താനാണ് ശ്രമിക്കുക. കാസര്‍കോട്, മഞ്ചേശ്വരം, നേമം, എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷികളിലുള്ളവരാണ് സ്ഥാനാര്‍ഥികള്‍. തിരുവനന്തപുരത്ത് കോണ്‍ഗ്രസിലെ വി.എസ്. ശിവകുമാറാണ് മത്സരിക്കുന്നത്. മഞ്ചേശ്വരത്തും കാസര്‍കോട്ടും മുസ്‌ലിംലീഗിന്റെയും നേമത്ത് സോഷ്യലിസ്റ്റ് ജനതയുടെയും സ്ഥാനാര്‍ഥികളോട് ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ മുഖംതിരിഞ്ഞ് നില്‍ക്കുന്നതാണ് ബി.ജെ.പിക്ക് പ്രതീക്ഷ നല്‍കുന്നത്. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ഗ്രൂപ്പിസത്തിലാണ് ബി.ജെ.പി പ്രതീക്ഷ.
കാസര്‍കോട്ട് മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ഥി ജയലക്ഷ്മി എന്‍. ഭട്ട് 1995ല്‍ കോണ്‍ഗ്രസുകാരിയായിരുന്നു. ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനായ ജയലക്ഷ്മി ഭട്ടുമായി ഇപ്പോഴും ചില പഞ്ചായത്തുകളിലെ കോണ്‍ഗ്രസുകാര്‍ക്ക് നല്ല ബന്ധമാണുള്ളത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് ജയിക്കേണ്ടിയിരുന്ന എടനീര്‍ മണ്ഡലത്തില്‍ അവര്‍ തോല്‍ക്കുകയും ബി.ജെ.പി ജയിക്കുകയും ചെയ്തു. ബി.ജെ.പി ജയിച്ച ജില്ലാ ഡിവിഷന്റെ കീഴിലുള്ള പഞ്ചായത്തുകളിലെ വോട്ട് നോക്കിയപ്പോഴാണ് വന്‍തോതില്‍ വോട്ട് ചോര്‍ച്ച ഉണ്ടായതായി വ്യക്തമായത്. ഇതേക്കുറിച്ച് ലീഗിന്റെ പരാതിയുണ്ടായി. തുടര്‍ന്ന് യു.ഡി.എഫ് അന്വേഷണ കമീഷനെ നിയോഗിച്ചു. എന്നാല്‍, അന്വേഷണ റിപ്പോര്‍ട്ട് മുന്നണി യോഗത്തില്‍ സമര്‍പ്പിച്ചിട്ടില്ല.കാസര്‍കോട്ട് മുസ്‌ലിംലീഗിന് വലിയ പ്രതീക്ഷയാണുള്ളത്. പാര്‍ട്ടിക്ക് സീറ്റ് തിരിച്ചു പിടിക്കേണ്ട മഞ്ചേശ്വരത്ത് ലീഗ് വളരെ സജീവമാണ്. പക്ഷേ, കര്‍ണാടകയില്‍ നിന്നുള്ള ചില വോട്ടുകള്‍ ബി.ജെ.പി മഞ്ചേശ്വരത്ത് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇതിനു പുറമെ ചില കോണ്‍ഗ്രസ് വോട്ടും ബി.ജെ.പി പ്രതീക്ഷിക്കുന്നു.
കാസര്‍കോട്ടെയും മഞ്ചേശ്വരത്തെയും 'വെച്ചുമാറല്‍' മണ്ഡലമാണെന്ന് സംശയിക്കാവുന്ന ഒന്നാണ് ഉദുമ. ഇവിടെ കോണ്‍ഗ്രസിലെ അഡ്വ. സി.കെ. ശ്രീധരനെതിരെ ബി.ജെ.പി നിര്‍ത്തിയിരിക്കുന്നത് ദുര്‍ബലയായ വനിതാ സ്ഥാനാര്‍ഥിയെ ആണ്. കേരളത്തില്‍ ബി.ജെ.പിയുടെ, പതിനായിരത്തിലധികം വോട്ടുള്ള ഫൈറ്റിങ് മണ്ഡലങ്ങളിലൊന്നാണ് ഉദുമ. പതിനായിരത്തിലേറെ വോട്ട് നേടുന്ന മണ്ഡലങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെ മത്സരിക്കുന്നുണ്ട്. ഇവരോട് തുലനം ചെയ്യാനാവാത്ത ഒരു വനിതയാണ് ഉദുമയിലെ ബി.ജെ.പി സ്ഥാനാര്‍ഥി, മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സെക്രട്ടറി ബി. സുനിത.

madhyama daily 28.03.11

No comments:

Post a Comment