Sunday, March 27, 2011

ലോകത്ത് വധശിക്ഷ കുറയുന്നു- ആംനെസ്റ്റി



ലോകത്ത് വധശിക്ഷ കുറയുന്നു- ആംനെസ്റ്റി

ലണ്ടന്‍: ആഗോളതലത്തില്‍ വധശിക്ഷകളുടെ എണ്ണം കുറഞ്ഞുവരുന്നതായി ലണ്ടന്‍ ആസ്ഥാനമാക്കിയുള്ള ആംനെസ്റ്റി ഇന്റര്‍നാഷണല്‍ എന്ന സംഘടന വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 23 രാജ്യങ്ങളിലാണ് വധശിക്ഷ നടപ്പാക്കിയത്. 2009ല്‍ 714 പേരുടെ വധശിക്ഷ നടപ്പാക്കിയപ്പോള്‍ അതു 2010ല്‍ 527 ആയി കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഈ കണക്കുകള്‍ ചൈനയെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതല്ല. ചൈനയിലെ വധശിക്ഷകളുടെ എണ്ണം മറ്റു രാജ്യങ്ങളുടേതിനാക്കാള്‍ കൂടുതല്‍ ആയിരിക്കും. 2007ലെ കണക്കുകള്‍ പ്രകാരം ചൈനയില്‍ 470 വധശിക്ഷകളാണ് നടപ്പാക്കിയത്. ആംനെസ്റ്റിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇറാനില്‍ 252 പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ഉത്തരകൊറിയ(60), യെമന്‍(53), യുഎസ്(46), സൗദി അറേബ്യ(27), ലിബിയ(18), സിറിയ(17), ബംഗ്ലാദേശ്(9), സൊമാലിയ(8), സുഡാന്‍(6) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളില്‍ നടപ്പാക്കിയ വധശിക്ഷകളുടെ കണക്കുകള്‍.

തൂക്കിക്കൊലയും വിഷം കുത്തിവച്ചും വെടി വെച്ചും ഉള്‍പ്പെടെ നിരവധി മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് വിവിധ രാജ്യങ്ങള്‍ വധശിക്ഷ നടപ്പാക്കുന്നത്. മധ്യ ആഫ്രിക്കന്‍ രാജ്യമായ ഗാബനാണ് വധശിക്ഷ നിര്‍ത്തിലാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ അവസാനമായി ഇടംപിടിച്ചിരിക്കുന്നത്. 139 രാജ്യങ്ങളില്‍ വധശിക്ഷ പൂര്‍ണമായും നിര്‍ത്തിലാക്കിയിരിക്കുകയാണ്. മംഗോളിയ വധശിക്ഷയ്ക്കു മൊറാട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്.

No comments:

Post a Comment