
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ നിരോധത്തിന് കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുന്നതിനായി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം ദല്‍ഹിയിലേക്ക് പോകണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ കെടുതി ഏറെ അനുഭവിക്കുന്ന കാസര്‍കോടുള്‍പ്പെടുന്ന കേരളംതന്നെ നിരോധത്തിന് മുന്‍കൈയെടുക്കേണ്ടതുണ്ട്.
നിരോധത്തിനെതിരെ എന്‍ഡോസള്‍ഫാന്‍ ലോബി നടത്തുന്ന ശ്രമങ്ങള്‍ക്ക് കേന്ദ്ര കൃഷി മന്ത്രാലയവും കൂട്ടുനില്‍ക്കുന്നതായി സംശയമുണ്ട്. കഴിഞ്ഞ നവംബര്‍ 23ന് ചേര്‍ന്ന അവലോകന യോഗത്തിലെ തീരുമാനങ്ങളിലൊന്നും നടപടിയുണ്ടാവാത്തത് ഖേദകരമാണ്. തെരഞ്ഞെടുപ്പ് കമീഷന്റെ പ്രത്യേകാനുമതി വാങ്ങി ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളാനും കൃത്യമായ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ തയാറാവണം. എന്‍ഡോസള്‍ഫാന്‍ കെടുതിയുടെ ഉത്തരവാദിത്തത്തില്‍നിന്ന് കമ്പനികള്‍ക്കോ കൃഷി മന്ത്രാലയത്തിനോ ഒഴിഞ്ഞുമാറാനാവില്ല.
ഗോഡൗണുകളില്‍ സൂക്ഷിച്ച എന്‍ഡോസള്‍ഫാന്‍ ഉടന്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി നിരാഹാര സമരം നടത്തിവരുകയാണ്. ഇവ എത്രയും പെട്ടെന്ന് നിര്‍വീര്യമാക്കി നീക്കം ചെയ്യണം. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ പരിഹാര സെല്ലിന് സ്ഥിരം സംഘത്തെ നിയമിക്കണമെന്നും സുധീരന്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ നാരായണന്‍ പേരിയ, പ്രഫ. ടി.സി. മാധവപണിക്കര്‍, കെ.ബി. മുഹമ്മദ്കുഞ്ഞി, അംബികാസുതന്‍ മാങ്ങാട്, സുധീര്‍കുമാര്‍ എന്നിവരും പങ്കെടുത്തു.
No comments:
Post a Comment