Sunday, February 27, 2011

ഐ.എം.എയുടെ പെപ്സി കരാറിനെ എതിര്‍ത്ത ഡോ. ബാബുവിനെ പുറത്താക്കാന്‍ നീക്കം.

മലപ്പുറം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പെപ്സി, ഡാബര്‍ കരാറിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സിലിന് പരാതി നല്‍കിയ ഡോ.കെ.വി ബാബുവിനെ ഐ.എം.എയില്‍ നിന്ന് പുറത്താക്കാന്‍ നീക്കം. ഇന്നലെ ചാലക്കുടിയില്‍ ചേര്‍ന്ന ഐ.എം.എ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ബാബുവിനെ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചിരിക്കയാണ്. ഐ.എം.എയുടെ ദേശീയ പ്രവര്‍ത്തക സമിതി അംഗമായിരുന്ന ബാബു, പെപ്സിയുമായി സംഘടന ദേശീയ നേതൃത്വം ഉണ്ടാക്കിയ 2.25 കോടി രൂപയുടെ കരാറിനെ എതിര്‍ത്തതിനോടുള്ള പ്രതികരണമായാണ് ഈ നടപടി. സംഘടനവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലാണ് നടപടി. ഡോ. ബാബു നേരത്തെ ദേശീയ പ്രവര്‍ത്തക സമിതിയില്‍ നിന്ന് രാജിവെച്ചിരുന്നു.
ചികിത്സാ രംഗത്തെ ധാര്‍മികതക്കെതിരാണ് ഐ.എം.എയും പെപ്സിയുമായുണ്ടാക്കിയ കരാറെന്ന് ചൂണ്ടിക്കാട്ടിയാണ് ബാബു മെഡിക്കല്‍കൌണ്‍സിലിന് പരാതി നല്‍കിയത്. പരാതി അംഗീകരിച്ച കൌണ്‍സില്‍ ഐ.എം.എ ദേശീയ നേതൃത്വത്തെ ആറുമാസത്തേക്ക് സസ്പെന്റ് ചെയ്യുകയും കരാര്‍ പിന്‍വലിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പെപ്സി കമ്പനി കരാറില്‍ നിന്ന് പിന്‍വാങ്ങുകയും ഐ.എം.എയുടെ പേരും ലോഗോയും പരസ്യവുമില്ലാതെ ക്വാക്കര്‍ ഓട്സ്, ട്രോപിക്കാന ജൂസ് എന്നീ ഉല്‍പന്നങ്ങള്‍ പുത്തിറക്കുകയും ചെയ്തു. ഇതിനിടയില്‍ ഇന്നലെ ചേര്‍ന്ന യോഗമാണ് ബാബുവിനെ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. സംസ്ഥാന കമ്മിറ്റിക്ക് സസ്പെന്റ് ചെയ്യാനെ അധികാരമുള്ളു. പുറത്താക്കേണ്ടത് ദേശീയ കമ്മിറ്റിയാണ്. അതിനാല്‍ ഇദ്ദേഹത്തെ പുറത്താക്കണമെന്ന് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെടാനാണ് തീരുമാനം.
മെഡിക്കല്‍ കൌണ്‍സില്‍ അനുശാസിക്കുന്ന സദാചാര സംഹിതകള്‍ സംഘടനയും പാലിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടതേയുള്ളു എന്നും അതിന് തന്നെ പുറത്താക്കാന്‍ തീരുമാനിക്കുന്നുവെങ്കില്‍ അത് ദൌര്‍ഭാഗ്യകരമാണെന്നും ഡോ. ബാബു മാധ്യമത്തോട് പറഞ്ഞു.

No comments:

Post a Comment