Saturday, February 26, 2011

ഇതൊരു തരം ഭ്രാന്താണ്. നാദാപുരത്ത് ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം; മരണം അഞ്ചായി


നാദാപുരത്ത് ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം; മരണം അഞ്ചായി







നാദാപുരം: നരിക്കാട്ടേരി അണിയേരികുന്നില്‍ ബോംബ് നിര്‍മാണത്തിനിടെ നടന്ന സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. പുത്തൂരിടത്ത് റഫീഖ് (26), ചാലില്‍ റിയാസ് (28), ചെറിയ തയ്യില്‍ സമീര്‍ (24) എന്നിവരാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കരയത്ത് ഷബീര്‍ (25), അജ്‌നാസ് പൂവുള്ളതില്‍ (25), ഷബീല്‍ പൂവുള്ളതില്‍ (26), ഷബീര്‍ വലിയപീടികയില്‍ (26) എന്നിവര്‍ക്കാണ് പരിക്ക്.
ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് സ്‌ഫോടനം നടന്നത്. സംഘര്‍ഷം നടക്കുന്ന പയന്തോങ്ങ് ഭാഗത്തേക്ക് കൊണ്ടുപോകുന്നതിന് ബോംബ് നിര്‍മിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നതെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റതായി സംശയമുണ്ട്.
സ്‌ഫോടനം നടന്ന സ്ഥലം കുന്നിന്‍ പ്രദേശമായതിനാല്‍ ആള്‍ത്താമസം കുറവാണ്.
നിര്‍മിച്ച ബോംബുകള്‍ മാറ്റുന്നതിനിടെ വീണുപൊട്ടിയാണ് സ്‌ഫോടനം നടന്നതെന്ന് സംശയമുണ്ട്. ഒരു കൂട്ടം ബോംബുകള്‍ ഒന്നിച്ച് പൊട്ടുന്ന ശബ്ദം കേട്ടതായി സമീപ വാസികള്‍ പറഞ്ഞു. മരിച്ചവരുടെ ശരീരം ഏതാണ്ട് പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്.
നരിക്കാട്ടേരി നായര്‍കണ്ടി കുന്നില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ബോംബ് നിര്‍മാണത്തിനിടെ വന്‍ സ്‌ഫോടനം നടന്നെങ്കിലും പരിക്കേറ്റവര്‍ രക്ഷപ്പെട്ടിരുന്നു.
ബോംബ് നിര്‍മാണത്തിനിടെ ഈ മേഖലയില്‍ ഇത്രയും പേര്‍ ഒന്നിച്ചുമരിക്കുന്നത് ആദ്യസംഭവമാണ്. സ്‌ഫോടനം നടന്നിടത്തുനിന്ന് ബോംബ് നിര്‍മാണ സാമഗ്രികള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

``````````````````````````````````````````````````````````````````
ഇതൊരു തരം ഭ്രാന്താണ്.

അതെ, ഇതൊരു തരം ഭ്രാന്ത്തന്നെയാണ്.
ഈ ഭ്രാന്തിന് മറ്റുള്ളവര്‍ ഇരയാകുമ്പോള്‍ നമുക്കതൊരു സംഭവമോ വാര്‍ത്തയോ മാത്രം.
ഇത്സംഭവിച്ചില്ലായിരുന്നെങ്കില്‍ ഈ ബോംബ് സ്ഫോടനത്തില്‍ മറ്റേതോ മനുഷ്യര്‍ മരിക്കുമായിരുന്നോ, ചിലപ്പോള്‍ നിരപരാധികള്‍- സ്ത്രീകളോ കുട്ടികളോ. അവരുടെ ജീവനും സ്വത്തും തല്‍ക്കാലം രക്ഷപ്പെട്ടു.
ദൈവഹിതം അങ്ങിനെയാണ്.
ഇതൊരുതരം മനോരോഗമാണ്. വര്‍ഗീയത എന്ന രോഗം. ഇതിന് ചികിത്സ നല്‍കിയേ മതിയാകൂ. പകരത്തിന് പകരം ബോംബെറിഞ്ഞും കൊന്നുമല്ല ഇതിന് ചികിത്സിക്കേണ്ടത്. കഴിഞ്ഞ രാത്രി 13 വീടുകള്‍ക്ക് നേരെ ബോംബെറിഞ്ഞവരും ഈ രോഗത്തിന് ഇരകള്‍ തന്നെയാണ്. അവരെയൂം ചികിത്സിച്ചേ പറ്റൂ. വ്യക്തിപരമായ ചികിത്സയല്ല. സാമൂഹികമായ ചികിത്സ തന്നെയാണ് വേണ്ടത്. ഇല്ലെങ്കില്‍ ഇനിയും ബോംബുകള്‍ ഉണ്ടാക്കപ്പെടും.
കൊലപാതകങ്ങള്‍ നടക്കും. ശത്രുവിന് തിരിച്ചടി കിട്ടിയാല്‍ അവര്‍ കീഴടങ്ങിക്കൊള്ളും എന്നത് തെറ്റായ വിലയിരുത്തലാണ്. ഇരതയും കാലത്തെ അനുഭവങ്ങളില്‍ നിന്ന് അത് മനസിലാക്കാന്‍ കഴിയേണ്ടതാണ്.

തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ഇത് ആരുടെയെങ്കിലും ആസൂത്രിത നീക്കമാണോ?
നിലവിലുള്ള രാഷ്ട്രീയ സാഹചര്യം ഇങ്ങിനെ ഒരു ആശങ്കക്ക് കൂടി വഴിതുറക്കുന്നുണ്ട്.

2 comments:

  1. അതെ, ഇതൊരു തരം ഭ്രാന്താണ്‌, ആര്‌ ചെയ്താലും അതിനെ അപലപിക്കണം. നമുക്കൊക്കെ എല്ലാം നമ്മൾ വിശ്വസിക്കുന്ന രാഷ്ട്രീയക്കണ്ണിലൂടെ മാത്രമെ ഇതൊക്കെ കാണാനാകൂ എന്നതാണ്‌ വലിയ പ്രശ്നം. 

    ReplyDelete
  2. അതെ സമ്മതിച്ചു,ഇതൊര്‍ തരം മൂച്ചിപ്പ്രാന്ത് തന്നെ..!
    പ്രാദേശികനേതൃത്വം ഷണ്ഠീകരിക്കപ്പെടുന്നേടത്ത് ഇത്തരം പിരാന്തന്മാര്‍ക്ക് പഞ്ഞമില്ലാ...

    ReplyDelete