2006 നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിലാണ് വി.എസ് അച്യൂതാനന്ദന്‍ ഇങ്ങിനെ പറഞ്ഞത്. പിന്നീട് പലതവണ അതാവര്‍ത്തിച്ചു. ഏതാണ്ട് അഞ്ച് വര്‍ഷം ഭരിച്ചിട്ടും വി.എസ് എന്ന മുഖ്യമന്ത്രിക്ക് അതിന് കഴിഞ്ഞില്ല. എന്നാല്‍ കഴിഞ്ഞ മാസം വി.എസ് ഇതേ വാക്കുകള്‍ ആവര്‍ത്തിക്കാന്‍ തുടങ്ങി. ഇപ്പോള്‍ അദ്ദേഹം ഇത് പലതവണ ആവര്‍ത്തിച്ചിരിക്കുന്നു. ബാലകൃഷ്ണപിള്ള ജയിലിലാകുകയും ചെയ്തു. ഇപ്പോള്‍ പറയുന്നത് യു.ഡി.എഫ് യോഗം ജയിലില്‍ ചേരാനാകും വിധം എല്ലാവരും അവിടെയെത്തുമെന്നാണ്. വി.എസ് എന്ന രാഷ്ട്രീയക്കാരന്റെ പ്രസംഗമായോ ആഗ്രഹമായോ ഇതിനെ കണ്ടാല്‍ മതി. പക്ഷെ ചിലരെയൊക്കെ വി.എസ് ലക്ഷ്യമാക്കുന്നുണ്ട്. ഐസ്ക്രീം കേസ് അന്വേഷണം കഴിഞ്ഞാല്‍ അടുത്തവര്‍ ജയിലിലെത്തും എന്ന് ഏതാണ്ട് ഉറപ്പിച്ച് തന്നെ അദ്ദേഹം പറയുന്നു. പ്രത്യേക അന്വേഷണ സംഘം ചുമതലപ്പെടുത്തിയ പൊലീസ് ഓഫീസര്‍ ദല്‍ഹിയിലെത്തി സുപ്രീം കോടതിയിലെ ഒരു സീനിയര്‍ അഭിഭാഷകനില്‍ നിന്ന് നിയമോപദേശം ശേഖരിച്ച് തിരിച്ചു വന്നിട്ട് ഏതാണ്ട് ഒരാഴ്ചയായി. അതിനുശേഷമാണ് ചട്ടം 164 പ്രകാരം മജസ്ട്രേറ്റ് മുമ്പാകെ മൊഴി നല്‍കാന്‍ റഊഫിന് സമന്‍സയക്കാന്‍ പൊലീസ് കോടതിയില്‍ അഭ്യര്‍ഥന നടത്തിയത്. കോടതി സമന്‍സയച്ചു. രണ്ട് തവണയായി റഊഫ് മൊഴിയും നല്‍കി. മജിസ്ട്രേറ്റ് മുമ്പാകെ നല്‍കിയ ഈ മൊഴി ഇനി മാറ്റാനാവില്ല. അതിനുശേഷമാണ് വി.എസ് ശനിയാഴ്ച വീണ്ടും ഇതാവര്‍ത്തിച്ചിരിക്കുന്നത്. എന്താണ് സംഭവിക്കാന്‍ പോകുന്നത്. കുഞ്ഞാലിക്കുട്ടി അറസ്റ്റ് ചെയ്യപ്പെടുമോ? അദ്ദേഹത്തെ കയ്യാമം വെച്ച് നടത്തിക്കുമോ? വി.എസിനെ പോലെ വാക്കിന് വിലകല്‍പിക്കുന്ന ഒരു മുഖ്യമന്ത്രി പറയുമ്പോള്‍ അതങ്ങിനെയങ്ങ് തള്ളാനാവില്ല.
കേന്ദ്ര പൊതുബജറ്റ് അവതരിപ്പിച്ച് കഴിഞ്ഞാല്‍ മാര്‍ച്ച് ആദ്യവാരം കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഔദ്യോഗികമായി ഉണ്ടാകാനാണ് സാധ്യത. അതിനുമുമ്പ് കുഞ്ഞാലിക്കുട്ടിയെ പൂട്ടുക സാധ്യമാണോ? അദ്ദേഹം ഒരു വിദേശ യാത്രക്കൊരുങ്ങുകയാണെന്ന് കേള്‍ക്കുന്നു. അങ്ങിനെയെങ്കില്‍ പൊലീസിന്റെ അടുത്ത നീക്കം എന്താകും. തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ എന്തെങ്കിലും ചിലത് സംഭവിക്കാം. അത്രയേ പറയാനാകൂ.
ഇനി വി.എസ് പറയും പോലെകുഞ്ഞാലിക്കുട്ടിയെ പ്രതിയാക്കുകയോ അറസ്റ്റ് ചെയ്യുകയോ ഒക്കെ ഉണ്ടായാല്‍ തെരഞ്ഞെടുപ്പ് രംഗത്തെ അവസ്ഥയെന്താകും. ഇടത്പക്ഷത്തിന് അത് വിജയപ്രതീക്ഷ നല്‍കുന്നുണ്ടോ? ഇത്തരം കുറെ ചോദ്യങ്ങള്‍ക്ക് അടുത്ത ഒരാഴ്ചക്കകം ചില ഉത്തരങ്ങള്‍ കിട്ടും. അല്ലെകില്‍ ചില സൂചനകള്‍. എതായാലും കുഞ്ഞാലിക്കുട്ടിയെ കയ്യാമം വെക്കുക അസാധ്യം. ഒരു രാഷ്ട്രീയ നേതാവിനെ അങ്ങിനെ അവമതിച്ചാല്‍ അത്തന്നെ പ്രചരണവിഷയമാകും എന്നുറപ്പ്. പിന്നെ പരസ്യമായി കയ്യാമം വെച്ച് നടത്താന്‍ ഒരുപാട് നിയമതടസ്സങ്ങളുമുണ്ട്. അതിനാല്‍ വി.എസിന്റെ ഈ ആഗ്രഹം അത്ര എളുപ്പമല്ല. നമുക്ക് ഇനി ഒരാഴ്ച കൂടി കാത്തിരിക്കാം.
No comments:
Post a Comment