Friday, February 25, 2011

കാക്ക കൊത്തിയ തങ്കക്കിനാക്കള്‍



കാത്തുകാത്തൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തിപ്പോകുമോ എന്ന പേടിയാണ് പച്ച വാഴാന്‍ തക്കം പാര്‍ത്തിരുന്ന മലപ്പുറത്തിന്റെ തട്ടകത്തിപ്പോള്‍. അത്രക്ക് ശുഭകരമായിരുന്നു കാര്യങ്ങള്‍. അവസാനം നടന്ന രണ്ട് തെരഞ്ഞെടുപ്പിലും പാര്‍ട്ടിയുടെ കരുത്ത് കൂടുന്ന കാഴ്ച. അണികളെല്ലാം മുമ്പെങ്ങും കാണാത്ത ആവേശത്തില്‍. കാത്തുകാത്തിരുന്ന മധുരമനോഹര നേരം അടുത്തപ്പോള്‍ പക്ഷേ, കാര്യങ്ങള്‍ ആകെ പാളിപ്പോയതിന്റെ അങ്കലാപ്പ് കാണാം ലീഗ് കേന്ദ്രങ്ങളില്‍. പടിക്കലെത്തിയപ്പോള്‍ കലമുടച്ച പ്രതീതി. നിയമസഭയില്‍ നൂറുമേനിതന്നെ വിളഞ്ഞേക്കുമെന്ന് മറുപക്ഷം പോലും ഉറപ്പിച്ചപ്പോഴാണ് പാര്‍ട്ടിനേതാവിനെ തന്നെ ശനിദശ പിടികൂടിയത്. ഇതിനിടയില്‍ കലങ്ങിപ്പോയത് ഒരുപാടുപേരുടെ സ്വപ്‌നങ്ങളാണ്. മുസ്‌ലിം ലീഗില്‍ ആരൊക്കെ സ്ഥാനാര്‍ഥികളാകണമെന്ന് തീരുമാനിക്കുന്നത് ആത്യന്തികമായി പി.കെ കുഞ്ഞാലിക്കുട്ടി തന്നെ. പക്ഷേ, അദ്ദേഹത്തിന് ഇക്കുറി മത്സരിക്കാന്‍ പറ്റുമോ? മുന്നിലുള്ളവരെ തള്ളിമാറ്റി മുന്നേറാനൊരുങ്ങിയെന്ന് കുഞ്ഞാലിക്കുട്ടി സൂചിപ്പിച്ച രണ്ടു പേരും മലപ്പുറംജില്ലയിലെ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിത്വം ഏറക്കുറെ ഉറപ്പിച്ചതായിരുന്നു. അത് വെറുമൊരു ചീട്ടുകൊട്ടാരമായി. ഡോ. എം. കെ മുനീറിന് മലപ്പുറത്തേക്ക് ഇക്കുറി പ്രവേശനമില്ലെന്ന് ഏതാണ്ടുറപ്പാണ്. ഇന്ത്യാവിഷന്റെ വെളിപ്പെടുത്തലുകളുണ്ടായപ്പോള്‍ മുനീറിനെതിരെ പ്രകടനം നടത്താന്‍ മുനിസിപ്പല്‍ മുസ്‌ലിംലീഗ് കമ്മിറ്റി ആലോചിച്ചിരുന്നു. നേതൃത്വം ഇടപെട്ടതിനാല്‍ അതൊരു മുനീര്‍വിരുദ്ധ പ്രമേയം മാത്രമായി ഒതുങ്ങി. കാര്യം വ്യക്തം- മത്സരിക്കാന്‍ ഇവിടെ ആണുങ്ങള്‍ ധാരാളമുണ്ട്. അത് മലപ്പുറത്തായാലും കൊണ്ടോട്ടിയിലായാലും. വേണമെങ്കില്‍ കൊടുവള്ളിയിലോ കോഴിക്കോട്ടോ ഒരു കൈനോക്കട്ടെ. അതൊക്കെമതി. കെ.എം ഷാജി ഒന്നും മിണ്ടാതെയാണ് പെട്ടത്. വള്ളിക്കുന്നില്‍ ഒരുകൈനോക്കാന്‍ സാധ്യത ധാരാളമായിരുന്നു. അതെല്ലാം തവിടുപൊടി. മങ്കടയിലൂടെ മുസ്‌ലിംലീഗിനെ അന്ന് മുട്ടുകുത്തിച്ച മഞ്ഞളാംകുഴി അലി, എം.എല്‍.എ സ്ഥാനമൊഴിഞ്ഞതും മുസ്‌ലിംലീഗില്‍ ചേര്‍ന്നതുമെല്ലാം ഇക്കുറി യു.ഡി.എഫിന്റെ വിജയത്തിളക്കം സമ്പൂര്‍ണമാക്കുമെന്ന് പ്രതീക്ഷിച്ചപ്പോഴാണ് സംഗതികളെല്ലാം കൈവിട്ടുപോയത്. മങ്കടയില്‍തന്നെയാണ് അലിക്ക് താല്‍പര്യം. പക്ഷേ, അലിയില്ലാത്ത ഇടതുമുന്നണി മങ്കടയില്‍ രണ്ട് കാലും പോയവനെ പോലെയാണ് എന്ന് ലീഗിനറിയാം. അലി ഇനി മങ്കടയില്‍ മത്സരിക്കേണ്ടതില്ല, അവിടം പി. ഉബൈദുല്ലക്കോ മണ്ഡലത്തിലെ തന്നെ മറ്റൊരു നേതാവിനോ ഒഴിഞ്ഞുകൊടുക്കാം. എന്നിട്ട് അലിയെ പെരിന്തല്‍മണ്ണ സീറ്റ് പിടിക്കാന്‍ നിയോഗിക്കാം എന്നൊക്കെയാണ് ആഗ്രഹം. പെരിന്തല്‍മണ്ണ മണ്ഡലത്തിലേക്ക് അലിക്ക് സ്വാഗതവുമായി ബാനറുകള്‍ ഉയര്‍ത്തിയവരുടെ താല്‍പര്യവും മറ്റൊന്നല്ല. പക്ഷേ, മത്സരിക്കുന്നുണ്ടെങ്കില്‍ അത് മങ്കട തന്നെയെന്നാണ് അലിയുടെ നിലപാട്. പെരിന്തല്‍മണ്ണയില്‍ അങ്കത്തിനിറങ്ങി വെറുമൊരു ചാവേറാകാന്‍ താനില്ലെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. സ്ഥാനാര്‍ഥിനിര്‍ണയം കൂടുതല്‍ സുതാര്യവും ജനാധിപത്യപരവുമാക്കണമെന്ന് ലീഗിന് ആഗ്രഹമുണ്ടായിരുന്നു. അതിനായി അതത് മണ്ഡലങ്ങളില്‍നിന്ന് പ്രവര്‍ത്തകരുടെ നിര്‍ദേശം സ്വീകരിക്കാനും തീരുമാനിച്ചതാണ്. എന്നാല്‍, എം.എല്‍.എ കുപ്പായം തയ്പ്പിച്ചുവെച്ചവര്‍ മണ്ഡലം കമ്മിറ്റികളെ സ്വാധീനിച്ച് അവരുടെ പേര് ലിസ്റ്റില്‍ വരുത്താന്‍ പെടാപ്പാട് പെടുകയാണ്. ചിലര്‍ പഞ്ചായത്ത് കമ്മിറ്റികളെക്കൊണ്ട് പ്രമേയങ്ങള്‍ പാസാക്കിച്ച് മണ്ഡലം കമ്മിറ്റികള്‍ക്ക് അയക്കുന്ന തന്ത്രവും പയറ്റുന്നു. കൊണ്ടോട്ടിയിലെ സിറ്റിങ് എം.എല്‍.എ യുടെ പേര് രണ്ട് മണ്ഡലത്തില്‍നിന്നുള്ള ലിസ്റ്റില്‍ വരാനാണ് സാധ്യത. തിരൂരില്‍ കുറുക്കോളി മൊയ്തീനും യൂത്ത് ലീഗ് നേതാവ് എന്‍.ശംസുദ്ദീനുമെല്ലാം ലിസ്റ്റില്‍ കയറാന്‍ വിയര്‍ക്കുന്നുണ്ട്. വള്ളിക്കുന്നില്‍ കെ.എം ഷാജി മാത്രമല്ല, മണ്ഡലം പ്രസിഡന്റ് എം.എ ഖാദറും ജില്ലാ ലീഗ് സെക്രട്ടറി ടി.വി ഇബ്രാഹിമും റിട്ടയേര്‍ഡ് പി.എസ്.സി അംഗം അബ്ദുല്‍ഹമീദും രംഗത്തുണ്ട്. ഇതിനെല്ലാം പുറമെ കെ. കുട്ടി അഹമ്മദ് കുട്ടിയെ എവിടെയെങ്കിലും അഡ്ജസ്റ്റ് ചെയ്യേണ്ടി വരും പുതിയ രാഷ്ട്രീയസാഹചര്യത്തില്‍. വള്ളിക്കുന്ന് സീറ്റ് കോണ്‍ഗ്രസിന് വേണമെന്ന് അവര്‍ വാശിപിടിക്കുന്നുണ്ട്. സ്ഥാനാര്‍ഥിപ്പട്ടികയില്‍ പേരുകള്‍ പലതുണ്ട്. പഴയ പടനായകന്‍ യു.കെ ഭാസി, യുവനേതാവും ഉമ്മന്‍ചാണ്ടിക്ക് പ്രിയപ്പെട്ടവനുമായ വി.വി പ്രകാശ്, ചെന്നിത്തലയുടെ സ്വന്തക്കാരന്‍ കെ.പി അബ്ദുല്‍ മജീദ് എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. പുതുതായി ഏറനാട് മണ്ഡലം നിലവില്‍ വരുമെന്നറിഞ്ഞതുമുതല്‍ എം.എല്‍.എ സ്ഥാനം ഉറപ്പിച്ച് നടപ്പാണ് സീതിഹാജിയുടെ പ്രിയപുത്രന്‍ പി.കെ. ബഷീര്‍. അവിടെ മറ്റൊരാള്‍ക്കും പ്രവേശനമില്ലാതെ പഴുതടച്ച കാവല്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. കുഞ്ഞാലിക്കുട്ടിക്ക് നീക്കിവെച്ച മലപ്പുറത്തും വേങ്ങരയിലും ഇനി എന്താണ് സംഭവിക്കുക എന്ന് പറയുക പ്രയാസം. കുഞ്ഞാലിക്കുട്ടി മത്സരിക്കുന്നില്ലെങ്കില്‍ രണ്ടിടത്തേക്കും ആളെ തീരുമാനിക്കണം. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അവസരം ഒക്കുമെങ്കില്‍ മന്ത്രിയാകുന്ന കുഞ്ഞാലിക്കുട്ടിക്കു വേണ്ടി സീറ്റ് ഒഴിഞ്ഞുകൊടുക്കാന്‍ തയാറുള്ള വിശ്വസ്തനുമായിരിക്കണം. അതാരെന്ന് ഈ കലങ്ങിയ രാഷ്ട്രീയ കാലാവസ്ഥയില്‍ പറയാനാവില്ല. എങ്കിലും മലപ്പുറത്ത് എം. ഉമ്മര്‍ എം.എല്‍.എയോ പി. ഉബൈദുല്ലയോ രംഗത്തെത്താം. കിളിയമണ്ണില്‍ ഫസലിനും മലപ്പുറത്ത് നോട്ടമില്ലാതില്ല. ചിലപ്പോള്‍ ഉമ്മറിന് മഞ്ചേരിയിലാകും തട്ടകമൊരുക്കുക. കോട്ടക്കലില്‍ അബ്ദുസ്സമദ് സമദാനി സീറ്റുറപ്പിച്ച മട്ടാണ്. മഞ്ചേരിയില്‍ മുന്‍ രാജ്യസഭാംഗം പി.വി അബ്ദുല്‍ വഹാബിന് സാധ്യത കൂടുതലുണ്ട്. രാജ്യസഭയില്‍ ഇപ്പോള്‍ ലീഗിന് പ്രതിനിധികളില്ല. ഒഴിവ് വരുന്ന അടുത്ത സീറ്റ് ലീഗിനാണെന്ന് നേരത്തെ കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ ടി.എ അഹമ്മദ് കബീറിനെയോ പി.വി അബ്ദുല്‍ വഹാബിനെയോ കെ.പി.എ മജീദിനെയോ രാജ്യസഭയിലേക്കയക്കാം. വഹാബിനാണ് നറുക്ക് വീഴുന്നതെങ്കില്‍ കബീര്‍ ഗുരുവായൂരിലേക്കോ മറ്റോ മാറും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദറിന്റെ പേര് നിര്‍ദേശിക്കാന്‍ ജില്ലയിലെ മണ്ഡലം കമ്മിറ്റികളൊന്നും തയാറാകാതെ വന്നാല്‍ അദ്ദേഹം മണ്ണാര്‍ക്കാട്ടേക്ക് വണ്ടികയറേണ്ടി വരും. ലീഗിന്റെ പ്രസംഗകന്‍ പി.വി മുഹമ്മദ് അരീക്കോടിന്റെ കാര്യമാണ് കഷ്ടം. അദ്ദേഹം സ്ഥാനാര്‍ഥി പട്ടികയില്‍ വരാതിരിക്കാന്‍ ചിലര്‍ നേരത്തെതന്നെ സൂത്രപ്പണി ഒപ്പിച്ചിട്ടുണ്ട്. താരതമ്യേന ജൂനിയറായ മകന്‍ അഡ്വ. പി.വി മനാഫിനെ ജില്ലാ പഞ്ചായത്തംഗമാക്കിയത് പിതാവിനെ മത്സരത്തില്‍നിന്ന് മാറ്റിനിര്‍ത്താനായിരുന്നത്രെ. എങ്കിലും കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ഒഴിഞ്ഞുകൊടുക്കാനുള്ള താല്‍ക്കാലികക്കാരനായെങ്കിലും മത്സരിക്കാന്‍ കഴിയുമോ എന്നാണ് ഇപ്പോഴത്തെ നോട്ടം. പുതിയ സാഹചര്യത്തില്‍ ഒരു കൈനോക്കാന്‍ നാലകത്ത് സൂപ്പിയും ഒരുങ്ങിക്കഴിഞ്ഞു. ഇതിന് മതസംഘടനാ നേതൃത്വത്തെ ഇടപെടുവിക്കുക എന്ന സൂത്രമാണ് സൂപ്പി പ്രയോഗിക്കുന്നത്. സൂപ്പി എവിടെയുണ്ടോ അവിടെ സീറ്റ് ചോദിക്കാന്‍ ഞാനുമുണ്ടെന്ന നിലപാടില്‍ പി.അബ്ദുല്‍ ഹമീദും രംഗത്തിറങ്ങിക്കഴിഞ്ഞു. നിലമ്പൂര്‍, വണ്ടൂര്‍, പൊന്നാനി എന്നിവയാണ് കോണ്‍ഗ്രസിന്റെ മണ്ഡലങ്ങള്‍. ജില്ലയിലെ മണ്ഡലങ്ങളുടെ എണ്ണം 12ല്‍ നിന്ന് 16 ആയി മാറിയ സാഹചര്യത്തില്‍ രണ്ട് സീറ്റ് അധികം വേണമെന്നാണ് കോണ്‍ഗ്രസിന്റെ കടും പിടിത്തം. തവനൂര്‍, വള്ളിക്കുന്ന്, ഏറനാട് എന്നിവയിലാണ് കോണ്‍ഗ്രസിന്റെ കണ്ണ്. തവനൂരിലേക്ക് കുപ്പായം തുന്നിച്ചവരില്‍ യു.കെ ഭാസി, സി. ഹരിദാസ് തുടങ്ങിയവരുമുണ്ട്. നിലമ്പൂരില്‍ സാക്ഷാല്‍ ആര്യാടന്‍ മുഹമ്മദിനെ മാറ്റാന്‍ ആരുവിചാരിച്ചാലും നടക്കില്ല. പൊന്നാനിയില്‍ പി.ടി അജയമോഹന്‍ സീറ്റുറപ്പിച്ച മട്ടാണ്. ഇടതുമുന്നണി ചരിത്രത്തിലാദ്യമായി ജില്ലയില്‍ അഞ്ച് സീറ്റ് നേടി മലപ്പുറം ചുകന്നേ എന്ന് അലമുറയിട്ട് തുടങ്ങിയതിന് ദീര്‍ഘായുസ്സുണ്ടായില്ല. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും അത്പ്രകടമായി. ഇപ്പോള്‍ രണ്ട് സീറ്റിലാണ് ഇടതിന് പ്രതീക്ഷ. പെരിന്തല്‍മണ്ണയും തവനൂരും. കഴിഞ്ഞ തവണ ജയിച്ച മങ്കടയുടെ കാര്യം മഞ്ഞളാംകുഴി അലിയുടെ കുടിയിറക്കത്തോടെ അട്ടിമറിഞ്ഞു. പൊന്നാനിയില്‍ വികസനങ്ങള്‍ വന്നെങ്കിലും വലിയ പ്രതീക്ഷയില്ല. ഇക്കുറി പാലോളി മുഹമ്മദ്കുട്ടി മത്സരിക്കാനും സാധ്യത കുറവാണ്. നിലമ്പൂരില്‍ ആര്യാടനെ നേരിടാന്‍ പഴയകാല സ്ഥാനാര്‍ഥി പ്രഫ. എം. തോമസ് മാത്യുവിനെ രംഗത്തിറക്കാന്‍ ഇടതുമുന്നണി ആലോചനയുണ്ട്. ഇല്ലെങ്കില്‍ എം. സ്വരാജിനെയോ ശ്രീരാമകൃഷ്ണനെയോ പരിഗണിക്കും. ഇത്തവണ ഇല്ലാതായ കുറ്റിപ്പുറം മണ്ഡലത്തിലെ എം.എല്‍.എ കെ.ടി ജലീല്‍ കോട്ടക്കലോ തവനൂരോ എന്ന് ഇനിയും ഉറപ്പിച്ചിട്ടില്ല. കോട്ടക്കലേക്ക് നേരത്തെ കുഞ്ഞാലിക്കുട്ടിയെ ജലീല്‍ വെല്ലുവിളിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ അതിനുള്ള ചങ്കുറപ്പില്ല. തവനൂരിലാണ് നോട്ടം. എന്നാല്‍ വിജയപ്രതീക്ഷയുള്ള ഒരു മണ്ഡലത്തില്‍ പാര്‍ട്ടി ചിഹ്നത്തില്‍ ഒരാളല്ലാതെ സാധാരണ മത്സരിപ്പിക്കാറില്ല. പിണറായിയുടെ ജാഥയില്‍ സ്ഥിരമായി പങ്കെടുത്ത ജലീലിനെ പക്ഷേ അദ്ദേഹം കൈയൊഴിയില്ലെന്നാണ് പ്രതീക്ഷ.

No comments:

Post a Comment