Monday, February 21, 2011

ഡോ. മുനീര്‍ ചാനല്‍ ചെയര്‍മാനായി തുടരും


ഇന്ത്യാവിഷന്‍ ചാനല്‍ ചെയര്‍മാനും ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് കേരളസംസ്ഥാന സെക്രട്ടറിയുമായ ഡോ. എം.കെ മുനീര്‍ ഇന്ത്യാവിഷന്‍ ചാനലിന്റെ ചെയര്‍മാനായി തുടരും. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷമാണ് മുനീര്‍ ചാനലിലെ മുഴുവന്‍ ജീവനക്കാരുടെയും യോഗം വിളിച്ചു ചേര്‍ത്ത് ഇക്കാര്യം അറിയിച്ചത്. ചാനലില്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വന്ന ഒളികാമറ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ലീഗ് നേതൃത്വം മുനീറിനോട് ചാനല്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനദ്ദേഹം തയാറായില്ല. തുടര്‍ന്ന് ലീഗ്മുഖപത്രമായ ചന്ദ്രികയില്‍ മുനീറിനെ വിമര്‍ശിക്കുന്ന വാര്‍ത്തകള്‍ വരികയും മലപ്പുറം മുനിസിപ്പല്‍ ലീഗ് കമ്മിറ്റി മുനീറിനെതിരെ പ്രമേയം പാസാക്കി പത്രങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. മറ്റു ചില ഭാഗങ്ങളിലും മുനീറിനെതിരെ വിമര്‍ശനങ്ങളും നങ്ങളുമുണ്ടായി. കുഞ്ഞാലിക്കുട്ടി തന്നെ മനോരമ ചാനലില്‍ മുനീറിനെ കടുത്ത രീതിയില്‍ വിമര്‍ശിച്ചു. ഇതേ തുടര്‍ന്ന് മുനീര്‍ പാണക്കാടെത്തി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള തന്റെ രാജിക്കത്ത് പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി. പാര്‍ട്ടി നേതൃത്വം രാജി സ്വീകരിച്ചില്ല. കുഞ്ഞാലിക്കുട്ടി പിന്നീട് മനോരമ ചാനലിലെ വാക്കുകള്‍ തിരുത്തിയിരുന്നു. ഇന്ത്യാ വിഷന്‍ ശേഖരിച്ച ഒളികാമറ റിപ്പോര്‍ട്ടുകള്‍ ജനങ്ങളെ കാണിക്കാതെ മുഖ്യമന്ത്രിക്ക് ചാനല്‍ പ്രവര്‍ത്തകര്‍ കൈമാറുകയുമുണ്ടായി. പൊലീസിന്റെ പ്രത്യേക അന്വേണ സംഘം ചാനലിലെ വെളിപ്പെടുത്തലുകളെ കുറിച്ചും അവര്‍ നല്‍കിയ രേഖകളുടെ അടിസ്ഥാനത്തിലും അന്വേഷണം നടത്തി വരികയാണ്. ഇതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇന്ത്യാവിഷന്‍ വീണ്ടും വാര്‍ത്തകളും വെളിപ്പെടുത്തലുകളും നല്‍കുകയുണ്ടായി.
ഇന്നലെ നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ മുനീറിന്‍െ നിലപാടുകളെ കാര്യമായി ആരും എതിര്‍ത്തില്ലെന്നാണ് അറിയുന്നത്. മുനീര്‍ തന്നെ ചാനല്‍ ചെയര്‍മാനായി തുടരാനും യോഗത്തില്‍ തീരുമാനമുണ്ടായി. ഇതിന്റെ വെളിച്ചത്തിലാണ് മുനീര്‍ ജീവനക്കാരുടെ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്ത് താന്‍ ചെയര്‍മാനായി തുടരുമെന്ന് അറിയിച്ചത്. ചാനലിന്റെ എഡിറ്റോറിയല്‍ ബോര്‍ഡിന് നേരത്തെയുണ്ടായിരുന്ന സ്വാതന്ത്യ്രം തുടര്‍ന്നുമുണ്ടാകുമെന്നും ഏതെങ്കിലും സാഹചര്യത്തില്‍ പാര്‍ട്ടിയോ ചാനലോ എന്ന തെരഞ്ഞെടുപ്പ് വന്നാല്‍ താന്‍ ചാനലിനൊപ്പമാകുമെന്നും മുനീര്‍ ജീവനക്കാരെ അറിയിച്ചു.

1 comment:

  1. സാങ്കല്പിക ചെയര്‍മാന്‍ ? വാര്‍ത്തകളില്‍ ഒന്നും ഇടപെടില്ല.. പൂര്‍ണ സ്വാതന്ത്രം.. ഇതാണ് ചാനല്‍ സ്വാതന്ത്രം.. ഇത്തരം മുതലാളിമാര്‍ ഉണ്ടെങ്കില്‍ സത്യസന്ധമായ വാര്‍ത്തകള്‍ പുറത്തുവരും... :) മുനീറിന് ആശംസകള്‍..

    ReplyDelete