മലപ്പുറം: മുസ്ലിം ലീഗ് ജനറല്‍സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരായ പൊലീസ് അന്വേഷണം നിര്‍ണായക ഘട്ടത്തില്‍. ബന്ധുവായ റഊഫിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ആരംഭിച്ച പൊലീസ് അന്വേഷണത്തില്‍ നിരവധി ഗൌരവസ്വഭാവമുള്ള തെളിവുകളും സൂചനകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് അന്വേഷണവുമായി ബന്ധപ്പെട്ട് ശേഖരിച്ച മുഴുവന്‍ വിവരങ്ങളും തെളിവുകളുമായി തിരുവനന്തപുരത്തെത്താന്‍ കോഴിക്കോട്ടെ അന്വേഷണ സംഘത്തിന് നിര്‍ദേശം കിട്ടിയിട്ടുണ്ട്. കോഴിക്കോട്ടെ അസിസ്റ്റന്റ് കമീഷണര്‍ ജെയിസണ്‍ അബ്രഹാം അന്വേഷണ ഫയലുകളുമായി ഇന്ന് തിരുവനന്തപുരത്തെത്തും. പ്രത്യേക അന്വേഷണസംഘം തലവന്‍ വിന്‍സണ്‍പോളിന് ഈ വിവരങ്ങള്‍ കൈമാറും. മറ്റൊരു സംഘം ഇന്ന് ദല്‍ഹിക്ക് തിരിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് സംഘം ദല്‍ഹിയിലേക്ക് പുറപ്പെടുന്നത്. സുപ്രീം കോടതിയിലെ ചില അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടുകയാണ് പ്രധാന ലക്ഷ്യം. വളരെ വിശദമായ വിവരങ്ങളും നോട്ടുകളുമായാണ് സംഘം ദല്‍ഹിക്ക് പുറപ്പെടുന്നത്.
ഐസ്ക്രീം പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട് ഇരകള്‍ക്ക് പണം നല്‍കി മൊഴിമാറ്റം നടത്തിയെന്നും ഹൈക്കോടതി ജഡ്ജിയടക്കമുള്ളവര്‍ക്ക് പണം നല്‍കി അനുകൂല വിധി സമ്പാദിച്ചു എന്നുമാണ് റഊഫ് വെളിപ്പെടുത്തിയിരുന്നത്. മൊഴിമാറ്റം നടത്തിച്ചതിനെക്കാള്‍ ഗുരുതരമായ ചിലകുറ്റങ്ങള്‍ അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കോടതി വിധികള്‍ ഒരു ലോഡ്ജില്‍ വെച്ച് പ്രതികള്‍ക്ക് വേണ്ടി തയാറാക്കി നല്‍കിയതായ വെളിപ്പെടുത്തലുകള്‍ ഇതില്‍ ഒന്നാണ്. ഇതിന്റെ ഏറെ നിര്‍ണായകമാകാനിടയുള്ള ചില തെളിവുകള്‍ സംഘത്തിന് ലഭിച്ചിട്ടുണ്ട്. വിധിയുടെ ഡ്രാഫ്റ്റും അതില്‍ ഒരു അഭിഭാഷകനും ഭാര്യയും സ്വന്തം കൈപ്പടയില്‍ എഴുതിയ തിരുത്തുകളടങ്ങുന്ന രേഖയും പൊലീസിന് ലഭിച്ചിട്ടുണ്ട്. പി.കെ കുഞ്ഞാലിക്കുട്ടിയെ കേസില്‍ നിന്നൊഴിവാക്കാന്‍ നിയമോപദേശം നല്‍കിയ ഉദ്യോഗസ്ഥന് ലക്ഷങ്ങള്‍ നല്‍കിയതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. ഇദ്ദേഹത്തിന്റെ സ്ഥാപനത്തിന് ലക്ഷക്കണക്കിന് രൂപ ഒരു ദേശസാല്‍കൃത ബാങ്ക് വഴി അടച്ചതിന്റെ രേഖകളും ലഭിച്ചതായാണ് സൂചന. നിയമോപദേശം കൂടി കിട്ടിയാല്‍ അതനുസരിച്ച് അധികം വൈകാതെ നടപടികളുണ്ടാകുമെന്നാണ് കരുതുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായതിനാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ നടപടികളിലേക്ക് നീങ്ങാവുന്ന വിധമാണ് അന്വേഷണം നീങ്ങുന്നത്.
No comments:
Post a Comment