Wednesday, January 5, 2011


സൈബര്‍ സംവാദങ്ങളിലെ രാഷ്ട്രീയ അധോലോകം

സൈബര്‍ സംവാദങ്ങള്‍ ഇന്ന് കേരളത്തിലും സജീവം. ഏത് വിഷയത്തെ കുറിച്ചും നിങ്ങള്‍ക്ക് ഫേസ്ബുക്കിലോ ട്വിറ്ററിലോ മറ്റ് സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലോ സംവാദം തുടങ്ങാം. മലയാളത്തില്‍ നടക്കുന്ന ഇത്തരം സംവാദങ്ങള്‍ മിക്കപ്പോഴും ഗൌരവമുള്ളതോ ആരോഗ്യകരമോ അല്ല എന്നാണ് കഴിഞ്ഞ അരക്കൊല്ലത്തെ എന്റെ അനുഭവം. ഇംഗ്ലീഷില്‍ കുറച്ചുകൂടി ഗൌരവമായ ചര്‍ച്ചകളും സംവാദങ്ങളും ഇടപെടലുകളും നടക്കുന്നുണ്ട്. വിക്കിലീക്ക്സ് സ്ഥാപകന്‍ അസാന്‍ജിന്റെ രഹസ്യരേഖ പുറത്തുവിടലുമായി ബന്ധപ്പെട്ട ഗൌരവമേറിയ ചര്‍ച്ചകളും ഇടപെടലുകളും നാം കണ്ടു കഴിഞ്ഞു. അസാന്‍ജിനെ സ്ത്രീപീഡന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തപ്പോള്‍ ലോകം മുഴുവന്‍ സൈബര്‍ ആക്രമണങ്ങളുണ്ടായി. ഇത് പുതിയ കാലത്തെ പുതിയ രീതിയിലുള്ള ഭീകരാക്രമണമാണെന്നുവരെ അമേരിക്ക ലോക രാഷ്ട്രങ്ങളെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. തീര്‍ച്ചയായും സൈബര്‍ലോകത്തെ പുതിയ സംഭവങ്ങള്‍ വന്‍കിടക്കാര്‍ക്കും രഹസ്യങ്ങളുള്ളവര്‍ക്കും ഭാവിയില്‍ ഭീഷണി തന്നെയാണ്.
മലയാളത്തില്‍ ഇത്തരം ഇടപെടലുകള്‍ പൊതുവെ കുറവാണ്. തീരെ ഇല്ലെന്ന് പറയാനാവില്ല എന്നു മാത്രം. ടെഹല്‍ക്കയുടെ കേരള കറസ്പോണ്ടന്റ് ഷാഹിനക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തപ്പോള്‍ അതിനെതിരെ അതിശക്തമായ പ്രതികരണവും കാമ്പയിനും സംവാദവും നടന്നത് സൈബര്‍ ലോകത്തായിരുന്നു. മറ്റ് പ്രിന്റ്, വിഷ്വല്‍ മീഡിയകള്‍ ഇത് കാര്യമായി ശ്രദ്ധിച്ചില്ലെങ്കിലും അതിനെക്കാള്‍ ഫലപ്രദമായി ഇടപെടാന്‍ സൈബര്‍ചര്‍ച്ചകള്‍ക്ക് കഴിഞ്ഞു. supportshahina@groups.facebook.com എന്ന ഒരു ഓപ്പണ്‍ ഗ്രൂപ്പ് തന്നെ ഫേസ് ബുക്കില്‍ നിലവില്‍ വരികയും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സംവാദങ്ങളും ഇടപെടലുകളും തുടരുകയും ചെയ്യുന്നു. ഏതാണ്ട് 670 പോസ്റ്റുകള്‍ ഇതിനകം ഈ ഗ്രൂപ്പില്‍ ഉണ്ടായി. എന്‍ഡോസള്‍ഫാന്‍ വിവാദങ്ങളുമായി ബന്ധപ്പെട്ടും ഫേസ്ബുക്കില്‍ ഗൌരവമുള്ള ചര്‍ച്ചകള്‍നടന്നു. നടക്കുന്നു. എന്‍ഡോസള്‍ഫാന്‍....ഒരു... തീരാകണ്ണീര്‍.... എന്ന ഒരു ഒപ്പണ്‍ ഗ്രൂപ്പ് തന്നെ നിലവില്‍ വരികയും ശക്തമായ ഇടപെടല്‍ നടത്തുകയുമുണ്ടായി. ഇതിലും 150 ല്‍ പരം പോസ്റ്റുകളുണ്ടായി. ഇത്തരം അപൂര്‍വമായ ചില ഉദാഹരണങ്ങള്‍ മാറ്റി വെച്ചാല്‍ മലയാളത്തിലെ സൈബര്‍ സംവാദങ്ങള്‍ ആശാവഹമെന്ന് പറയാനാവില്ല.
പൊതുസമൂഹത്തില്‍ ആരോഗ്യകരമായ ചര്‍ച്ചകളും സംവാദങ്ങളും അസാധ്യമാകും വിധം രാഷ്ട്രീയവല്‍കരണം നടന്നുകഴിഞ്ഞ നാടാണ് കേരളം. ഈ പ്രശ്നം ഇപ്പോള്‍ സൈബര്‍ ലോകത്തെയും ബാധിച്ചു കഴിഞ്ഞു. സൈബര്‍ ചര്‍ച്ചകളിലധികവും ഈവിഭാഗം ഹൈജാക്ക് ചെയ്യുന്നത് നോക്കി നില്‍ക്കാനെ കഴിയൂ. മതരാഷ്ട്രീയ പക്ഷപാതികള്‍ സൈബര്‍ലോകത്തും നിറഞ്ഞുകഴിഞ്ഞു. അര്‍ഥരഹിതമോ വ്യക്തിവൈരാഗ്യം നിറഞ്ഞതോ ആയ ഇടപെടലുകളിലൂടെ ആരോഗ്യകരമായ ചര്‍ച്ചകള്‍ അസാധ്യമാക്കുകയാണ് ഈ വിഭാഗങ്ങളുടെ തന്ത്രം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പു കാലത്ത് ഇത ്പ്രകടമായിരുന്നു. പി.ശശിയെ സി.പി.എം കണ്ണൂര്‍ ജില്ലാസെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ വാര്‍ത്ത ഫേസ്ബുക്കില്‍ ചര്‍ച്ചക്കായി വെച്ചപ്പോള്‍ ഒരാള്‍ കമന്റ് ചെയ്തത് ഇങ്ങിനെ: 'നായിന്റെ മോനെ നീ ലീഗിനെ കുറിച്ച്അഭിപ്രായം പറഞ്ഞാല്‍ മതി.' അത്തരമൊരു സംവാദം ആവശ്യമില്ലാതിരുന്നതിനാല്‍ ഞാന്‍ ആകമന്റ് ഡിലീറ്റ് ചെയ്തു. തെരഞ്ഞെടുപ്പ് സമയത്ത് തന്തക്ക് വിളിച്ച് കമന്റ് എഴുതുന്നവര്‍ വരെ ധാരാളം. ഒരു ഘട്ടത്തില്‍ 'ഒരപേക്ഷ എല്ലാവരോടും എന്നൊരു പോസ്റ്റ് വരെ എനിക്ക് ചെയ്യേണ്ടി വന്നു. അതും ചര്‍ച്ചയായി. അതിലും ഇത്തരക്കാര്‍ ഇടപെട്ടെങ്കിലും ചര്‍ച്ച അധികമൊന്നും വഴിമാറിയില്ല. നജ്മല്‍ ബാബു കൊരമ്പയില്‍ എന്ന സുഹൃത്ത് എഴുതി:: എന്തായാലും ഒരു കാര്യം ഉറപ്പിക്കാം. കണ്ണൂര് പോലെ FB യില്‍ തലപോകില്ല. ആരോഗ്യകരമായ ചര്‍ച്ചക്ക് പിന്തുണ.
മുഹമ്മദ് സാദിഖ്എഴുതി:
Muhamed Sadik: dayavu cheythu itharam charchakalil enne tag cheyyalle? inbox pandaramadangunnu...
ഇതാണ് ഇത്തരം ചര്‍ച്ചകളുടെ അവസ്ഥ.
ഒരാള്‍ക്ക് എന്തിനെകുറിച്ചായാലും ശരിയായോ സ്വന്തം താല്‍പര്യത്തിനനുസരിച്ച് വളച്ചൊടിച്ചോ തലതിരിച്ചിട്ടോ ഒരു കാര്യം പോസ്റ്റ് ചെയ്യാം. താല്‍പര്യമുള്ളവര്‍ പ്രതികരിക്കും. ഇല്ലിെല്‍ ഒഴിവാക്കും. ഫേസ്ബുക്ക് അടക്കമുള്ള നെറ്റ്വര്‍ക്കുകളുടെ സാധ്യതയും പരിമിതിയും ഇതുതന്നെ. കഴിഞ്ഞ ഡിസംബര്‍ 23 ന് ഒരു സുഹൃത്ത് ഫേസ്ബുക്കില്‍ ഒരു പടം പോസ്റ്റ് ചെയ്തു. പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ അഹമ്മദാബാദിലെ ഭാഗ്യനഗറില്‍ ബാലഗോകുലം സംഘടിപ്പിച്ച തിരുവാതിര ആഘോഷത്തില്‍ പ്രസംഗിക്കുന്നതായിരുന്നു പടം. ആ സുഹൃത്ത് തന്നെ അതില്‍ ആദ്യ പ്രതികരണവും എഴുതി:
Muhammed Sadique K P: jamathe islamiude manushiyavagasha sangadana nethaav vr krshnayyar''modi kk rosa pookkalumaayi .....solidaritty buji kutty rss[balagogulam programil] ......samskarika keralam mounam vediuka.
ഈ ഗുരുതര പ്രശ്നത്തില്‍ സാംസ്കാരിക കേരളം മൌനം വെടിയണമെന്നായിരുന്നു ആഹ്വാനം. തടര്‍ന്നുവന്ന കമന്റുകള്‍ ഏറെക്കുറെ ഒരേതൂവല്‍പക്ഷികളുടേത് തന്നെ. ഇത് ഒരു സാധ്യതയാണ്. മറ്റൊരുസാധ്യത ഇതേ പടം ഉപയോഗിച്ച് എനിക്ക് എന്റെ രീതിയില്‍ ഈ പ്രശ്നത്തെ അവതരിപ്പിക്കാം എന്നതാണ്. അപ്പോള്‍ തന്നെ ഞാന്‍ ആ സാധ്യത ഉപയോഗിച്ച് എന്റെ കുറിപ്പ് എഴുതി. ' കാള പെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കേണമോ' എന്ന പേരിലുള്ള ആ പോസ്റ്റിനും 32 കമന്റുകളുണ്ടായി.
ഇത്തരമൊരു സാധ്യത കണ്ടിട്ടു തന്നെയാണ് സി.പി.എം നേതൃത്വം പ്രവര്‍ത്തകരോട് ട്വിറ്ററിലും ഫേസ്ബുക്കിലും സജീവമാകാന്‍ നിര്‍ദേശിച്ചതും. ഇപ്പോള്‍ രാഷ്ട്രീയ താല്‍പര്യക്കാര്‍ ഫേസ്ബുക്കില്‍ സംഘടിതമായി ഇടപെടുന്നു. ആസൂത്രിതമായി വിഷയവും ചര്‍ച്ചകളും വഴിമാറ്റുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം കണ്ണൂരിലെ ഒരു ബൂത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ വോട്ട് ചെയ്യാനനുവദിക്കാതെ വിരട്ടിയോടിക്കുന്നതിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ ഞാന്‍ പോസ്റ്റ് ചെയ്തിരുന്നു. പോളിംഗ് നടന്നുകൊണ്ടിരിക്കെ വന്ന ഈ പോസ്റ്റിന് കാര്യമായി പ്രതികരണങ്ങളുമുണ്ടായി. ഇടതുപക്ഷക്കാര്‍ പക്ഷെ വ്യക്തിപരമായി അധിക്ഷേപിക്കാനും വര്‍ഗീയമായി ചര്‍ച്ചയെ വഴി തിരിച്ചു വിടാനുമാണ് ശ്രമിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കത്തില്‍, മുസ്ലിം ലീഗ് വനിത സ്ഥാനാര്‍ഥികള്‍ക്ക് മതപരമായ പെരുമാറ്റചട്ടം കൊണ്ടുവരുമെന്ന പോസ്റ്റിനും ഇതേ തരത്തിലുള്ള പ്രതികരണമുണ്ടായി. ലീഗ് അനുകൂലികള്‍ വ്യക്തിപരമായി അധിക്ഷേപങ്ങള്‍ ചൊരിഞ്ഞ് ചര്‍ച്ചകള്‍ വഴിമാറ്റാന്‍ശ്രമിച്ചു. ഇടതുപക്ഷക്കാര്‍ അതിനു വിടാതെ നിര്‍ത്തി പൊരിച്ചുകൊണ്ടിരുന്നു. ഇപ്പോള്‍ രാഷ്ട്രീയ വിഷയങ്ങളിലെ ചര്‍ച്ചകള്‍ അധികവും ഈ തരത്തിലാണ്.
ഫേസ്ബുക്കിലെ എന്റെ ഒരു വനിത സുഹുത്തിന്റെ അനുഭവം ഈ രാഷ്ട്രീയ അധോലോകത്തിന്റെ ഇടപെടല്‍ വ്യക്തമാക്കുന്നതാണ്. ഒരു കവിയും രണ്ട്മക്കളുടെ അമ്മയുമായ അവര്‍ ഫേസ്ബുക്കില്‍ രാഷ്ട്രീയ പ്രശ്നങ്ങളെകുറിച്ച് സ്വന്തം കമന്റുകള്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ഇതില്‍ സഹികെട്ടവര്‍ ഈ അമ്മയുടെ ഒരുവ്യാജ ഐഡിയുണ്ടാക്കി. അവര്‍ അയക്കുന്നതു പോലെ പലര്‍ക്കും പലതരത്തിലുള്ള സന്ദേശങ്ങള്‍ അയച്ചു തുടങ്ങി. ഒരു പ്രണയിനിയെ പോലെയും കാമുകിയെ പോലെയും അധിലധികവുമായി പലരോടും ചാറ്റ് ചെയ്തു. യുവതി ഇക്കാര്യം അറിയുമ്പോഴേക്കും അവരെ കുറിച്ച് വികൃതമായ ഒരു ഇമേജ് അവരുടെ ഫേസ്ബുക്ക് സുഹൃത്തുക്കളില്‍ സൃഷ്ടിക്കാന്‍ ഈ സംഘത്തിന് കഴിഞ്ഞിരുന്നു. അവര്‍ സൈബര്‍ സെല്ലിന് പരാതി നല്‍കുമെന്നറിഞ്ഞപ്പോള്‍ സംഘം ഐഡിയില്‍ നിന്ന് അവളുടെ യഥാര്‍ഥ ഫോട്ടോ മാറ്റി. ഐ.ഡി നിലനിര്‍ത്തുകയും ചെയ്തു. മാധ്യസഥരായി പ്രത്യക്ഷപ്പെട്ട ചിലര്‍ അവരോട് പറഞ്ഞു- ഇനി പിണറായിക്കെതിരെ ഒന്നും എഴുതാതിരിക്കാന്‍ ശ്രദ്ധിക്കണം.

7 comments:

 1. ശരിയാണ്. പക്ഷെ കേരളത്തില്‍ എല്ലാ രംഗത്തും ഇതു തന്നെയല്ലേ കാണുന്നത്.നമ്മുടെ വാര്‍ത്താ മാദ്യമങ്ങളിലും ടി വി ചര്‍ച്ചകളിലും നടക്കുന്ന സംവാദങ്ങളുടെ ഗതിയെന്താണ്? സി പി എം പഠന കോണ്‍ഗ്രസില്‍ എസ് ആര്‍ പി ജനിതക വിത്തുകളില്‍ തുടങ്ങിയ ചര്‍ച്ച എവിടെയാനെതിയത് .പിണറായി-വി എസ് വടംവലിയിലും സി പി ഐ -സി പി എം തര്കമാക്കിയും അതിനെ ഒടുക്കി.കൃഷിയുടെ , അതിലുപരി മനുഷ്യന്റെയും ഭൂമിയുടെയും ഭാവിയെ കുറിച്ച് നമ്മുടെ ഇതിരിപ്പോന്നെ 'പരമോന്നത'നേതാക്കള്‍ക്കുള്ള അപാരമായ ദൂരക്കാഴ്ച ആരും കാണാതെ പോയി.
  ഫൈസ്ബുക്കിലും മറ്റു സോഷ്യല്‍ സൈറ്റുകളിലും ഗൌരവതരമായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്ന് പറയുമ്പോള്‍ അര്‍ത്ഥമാക്കേണ്ടത്‌ തമാശക്ക് വേണ്ടിയും മനോരതിക്ക് വേണ്ടിയും ഇന്റര്‍നെറ്റിനെ ഉപയോഗിക്കുന്നവര്‍ക്കാന് ഇപ്പോഴും ഭൂരിപക്ഷമെന്നാണ്.പിന്നെ താങ്കള്‍ പറഞ്ഞത് പോലെ സ്ഥാപിത ഗ്രൂപ്പുകള്‍ സംഖടിതമായി ചര്‍ച്ചകളെ ഹൈജാക്ക് ചെയ്യുമ്പോള്‍ ഒരു കമ്മ്യൂണിറ്റി എന്നനിലയില്‍ ജാഗ്രത പാലിക്കാന്‍ പുതിയവഴികള്‍ കണ്ടെത്താന്‍ കഴിയുമോ? അതോ അതിനെ അതിന്റെ പാട്ടിനുവിട്ടെക്കുകയോ?

  ReplyDelete
 2. പ്രസക്തമാണ് ഈ പോസ്റ്റ്. ഒരു കാര്യം വിട്ടുപോയി. മുസ്ലീം വിഷയങ്ങള്‍ ചര്‍ച്ചചെയ്യുമ്പൊള്‍ പലപ്പോഴും അതില്‍ ശക്തമായ പ്രതിഷേധമാണ് ഉണ്ടാകുന്നത്. (സി.പി.എം വിഷയത്തില്‍ മാത്രമല്ല ഇതെന്ന് ചൂണ്ടിക്കാണിക്കുവാന്‍ മാത്രം). ഒരു സുഹൃത്തുകൂടിയായ ജി.പി രാമചന്ദ്രന്റെ ഒരു പോസ്റ്റില്‍ ഇടപെട്ടതിനു പലരില്‍ നിന്നുമായി എത്രയോ കാലം എനിക്ക് ചീത്തവിളി കേള്‍ക്കേണ്ടിവന്നു. ഭീകരതയ്ക്കെതിരായോ സ്ഫോടനങ്ങള്‍ക്കെതിരായോ കൈവെട്ടിനെതിരായോ ഒരു ചര്‍ച്ച വന്നാല്‍ ഉടനെ അത് മുത്സീമിനെതിരെ എന്ന് പറഞ്ഞ് വഴി തിരിച്ചു വിടുക, അതൊടെ സത്യം പറഞ്ഞാല്‍ ഭയം കൊണ്ട് പലരും സ്ഥലം കാലിയാക്കും. വര്‍ഗ്ഗീയതയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളുടെ ഒരു പരിമിതിയാണിത്.

  മാധ്യമ അജണ്ടകള്‍ എന്നത് ഏതാനും ചില മാധ്യമങ്ങള്‍ക്ക് മാത്രമല്ല. വര്‍ഗ്ഗീയ അജണ്ടയെ മനുഷ്യാവകാശം/സാമ്രാജ്യത്വ വിരുദ്ധത തുടങ്ങിയവയില്‍ പൊതിഞ്ഞും അവതരിപ്പിക്കുന്ന “മാധ്യമങ്ങള്‍” ഇല്ലേ?

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. കാലികമായ ഒരു സംവാദ പ്രതിസന്ധി ആണ് മൊഇദുസഹിബ് മുന്നോട്ടു
  വെച്ചത് . മാഫിയ കള്‍ സയ്ബാര്‍ മേഖലയില്‍ നിന്ന് മാത്രം മാരിനടക്കണമെന്നു
  പറയാന്‍ ഇത്രയും കാലം കേരളത്തിലെ പത്ര രംഗത്ത് സജീവമായ താങ്കള്‍ക്ക്
  കഴിയുമോ .......യദാര്‍ത്ഥ ചിത്രങ്ങളെ മോര്ഫിങ്ങിലൂടെ ജനത്തിന് മുന്പില്‍
  മാറ്റിമറിച്ചു അവതരിപ്പിക്കുന്നതില്‍ രാഷ്ട്രീയക്കാരും പത്രങ്ങളും മത്സരിക്കുക
  ആയിരുന്നില്ലേ ഇത്രയും കാലം ........അതിന്റെ തുടര്‍ച്ച മാത്രമാണ് സൈബര്‍
  രംഗത്തെ അനുഭവങ്ങളും ........പക്ഷെ ഇത് മാറേണ്ടതുണ്ട്..... അല്ല മാ റ്റെണ്ടതുണ്ട്

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. ഓ. എന്തൊക്കെ സംഭവിക്കുന്നു റബ്ബേ!

  ReplyDelete
 7. സ്വന്തം അഭിപ്രായം ഉണ്ടായിരിക്കുക
  അത്ര എളുപ്പമല്ലെന്നാണോ.
  പ്രത്യേകിച്ചും വിയോജിപ്പുകള്‍.
  പാടിക്കേട്ട ജനാധിപത്യമൊന്നും ഇന്റെര്‍നെറ്റ് ലോകത്തും
  ഇല്ല അല്ലേ.

  ReplyDelete