ഞാന്‍ ജനിക്കുന്നതിനും രണ്ട്കൊല്ലം മുമ്പ് മരിച്ചു പോയ ലോകോത്തര എഴുത്തുകാരില്‍ ഒരാളാണ് ഗ്രീക്കുകാരനായ നികോസ് കസാന്‍ദ് സാക്കിസ് (Nikos Kazant Zakis). 20^ ാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ നോവലിസ്റ്റുകളില്‍ ഒരാളായാണ് അദ്ദേഹം അറിയപ്പെടുന്നത്. 1957ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കരസ്ഥമാക്കിയ ആല്‍ബര്‍ കാമു (Alber Camus) എന്ന ലോകപ്രശസ്ത എഴുത്തുകാരന്‍ ഒരിക്കല്‍ പറഞ്ഞു:'നോബല്‍ സമ്മാനത്തിന് എന്നെക്കാള്‍ നൂറിരട്ടി അര്‍ഹന്‍ കസാന്‍ദ് സാക്കിസാണ്.'
അദ്ദേഹം പറഞ്ഞത് സത്യവുമായിരുന്നു. അക്കൊല്ലം കേവലം ഒരു വോട്ടിനാണ് കസാന്‍ദ്സാക്കിസിന്റെ വിരലുകളില്‍ നിന്ന് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം വഴുതിപ്പോയത്.
കൃസ്ത്യന്‍മത പൌരോഹിത്യം അതികഠിനമായി വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്ത 'The Last Temptation (Of Jesus Christ)' എന്ന നോവലായിരുന്നു നോബല്‍ സമ്മാന പരിഗണനയില്‍ വന്നത്. യേശുകൃസ്തുവിനെ മാനുഷിക വികാരങ്ങളുള്ള ഒരു കഥാ പാത്രമായി ചിത്രീകരിച്ചു എന്നതായിരുന്നു ദാര്‍ശനിക മാനങ്ങളുള്ള ആകൃതിക്കെതിരെ വാളെടുക്കാന്‍ അവരെ പ്രേരിപ്പിച്ചത്. റോമന്‍ കത്തോലിക്കാസഭ നിരോധിക്കപ്പെടേണ്ട പുസ്തകങ്ങളുടെ ലിസ്റ്റില്‍ ദ ലാസ്റ്റ് ടെംപ്റ്റേഷനും ഉള്‍പെടുത്തി. 74 ാം വയസ്സില്‍ രക്താര്‍ബ്ബുദത്തെ തുടര്‍ന്ന് മരിച്ച മഹാനായ ഈ എഴുത്തുകാരനെ സെമിത്തേരിയില്‍ അടക്കാന്‍ പൌരോഹിത്യം അനുവദിച്ചില്ല. മറ്റ് പല മഹാന്മാര്‍ക്കുമെന്നതു പോലെ കസാന്‍ദ് സാക്കിസിനും പള്ളി തെമ്മാടിക്കുഴി വിധിച്ചു. ഹിരാക്ളിയന്‍ നഗരത്തിലെ മതില്‍ കെട്ടിനകത്ത് ആ ശവക്കല്ലറ സ്ഥിതി ചെയ്യുന്നു. അതില്‍ ഇങ്ങിനെഎഴുതി വെച്ചിട്ടുണ്ട്:
'I hope for nothing.
I fear nothing.
I am Free.'
എന്റെ ബിരുദ പഠനകാലത്ത് 1980 കളുടെ തുടക്കത്തിലാണ് ഞാന്‍ കസാന്‍ദ് സാക്കിസിന്റെ 'സോര്‍ബ ദ ഗ്രീക്ക്'(Zorba The Greek) വായിക്കുന്നത്. കവിയും ആകാശവാണി പ്രോഗ്രാം ഓഫീസറുമായിരുന്ന പി. ഉദയഭാനു ഒരിക്കല്‍ സോര്‍ബയെ കുറിച്ച് സംസാരിച്ചിരുന്നു. മാസങ്ങള്‍ കഴിഞ്ഞ് എന്റെഅധ്യാപകനും സുഹൃത്തുമായിരുന്ന എ. സോമന്റെ കയ്യില്‍ നിന്നാണ് സോര്‍ബയെ എനിക്ക് കിട്ടിയത്. (രണ്ട് സുഹൃത്തുക്കളും ഇന്നില്ല.)
കേരളത്തില്‍ എഴുപതുകളിലെ വിപ്ലവ വ്യാമോഹങ്ങള്‍ തകരുകയും വിപ്ലവ വിദ്യാര്‍ഥി സംഘടയടക്കം പിരിച്ചു വിടുകയും ചെയ്ത ഒരുരാഷ്ട്രീയ സാഹചര്യത്തിലായിരുന്നു തലശേãരി ബ്രണ്ണന്‍ കാമ്പസിലേക്കുള്ള എന്റെ വരവ്. പഠനവും കുടുംബവും ജീവിതവുമെല്ലാം അര്‍പിച്ച പ്രസ്ഥാനം ഇല്ലാതായതോടെ കുറെ ചെറുപ്പക്കാര്‍ എന്ത് ചെയ്യണമെന്നറിയാതെ വ്യാകുലപ്പെടുകയും ആശങ്കപ്പെടുകയും ചെയ്യുന്ന ഒരു ചുറ്റുപാട്. ഈ ശൂന്യതയെ അതിജീവിക്കാനാകാതെ ചിലര്‍ ആത്മഹത്യ ചെയ്തു.'കേരളീയര്‍ ഒരുനഷ്ടപ്പെട്ട ജനതയാണ്' എന്നെഴുതിവെച്ച് ആത്മഹത്യ ചെയ്ത സുബ്രഹ്മണ്യ ദാസ് അതിലൊരാള്‍ മാത്രം. ചിലര്‍ മദ്യത്തിലും മയക്കുമരുന്നുകളിലും അഭയം തേടി. ചിലര്‍ പ്രണയത്തില്‍. ചിലര്‍ ആത്മീയതയില്‍. ... ഇതിനൊന്നും കഴിയാതിരുന്ന എന്നെപോലുള്ള ചപലര്‍ വായനയിലേക്ക് കൂടുതല്‍ ഉള്‍വലിഞ്ഞു. ആ ഘട്ടത്തില്‍ എന്റെ കയ്യില്‍ വന്ന മഹാഭാഗ്യമായിരുന്നു സോര്‍ബ ദ ഗ്രീക്ക് എന്നനോവല്‍. ഇംഗ്ലീഷില്‍ വലിയ അവഗാഹമൊന്നുമില്ലായിരുന്നിട്ടും ഒരു ഡിക്ഷനറിയുടെയും സഹായമില്ലാതെ ഞാന്‍ രണ്ട് നാള്‍കൊണ്ടത് വായിച്ച് തീര്‍ത്തു.
വഴിമുട്ടി നില്‍ക്കുന്ന ഒരന്ധന് ഒരു കൈത്താങ്ങ് കിട്ടിയ അനുഭവമായിരുന്നു അത്. അന്ന് നോവലിലെ സോര്‍ബയുടെ രണ്ട്വരികള്‍ ഞാന്‍ എന്റെ നോട്ട് പുസ്തകത്തില്‍ ചുവന്ന മഷിയില്‍ കുറിച്ചിട്ടിരുന്നു. അതിങ്ങിനെ^
'I was fully aware of what would be destroyed. I did not know what would be built out of the ruins'
അലക്സിസ് സോര്‍ബ തന്റെ ബോസായ കസാന്‍ദ് സാക്കിസിനോട് പറയുന്ന വാക്കുകളാണിത്. മുപ്പത് കൊല്ലത്തിനു ശേഷം ഈ മുടിഞ്ഞ കാലത്ത് ഞാന്‍ വീണ്ടും സോര്‍ബയെ വായിച്ചപ്പോള്‍ ആ വാക്കുകള്‍ മുഴങ്ങി നില്‍ക്കുന്നതായി തോന്നി. കാലവും ശരിയും തെറ്റുമെല്ലാം ആകെ മാറിമറിഞ്ഞിട്ടും ഈ വാക്കുകള്‍ കൂടുതല്‍ തിളക്കത്തോടെ ഒരനിവാര്യ സത്യമായി നിലകൊള്ളുന്നു. സോര്‍ബ പറഞ്ഞത് പോലെ, പകരം മാറ്റി വെയ്ക്കനുള്ളത് എന്തെന്ന് എനിക്ക് ഇന്നും ബോധ്യമില്ല. യുക്തിബോധത്തിലെ അയുക്തികളെ കുറിച്ച് ശരികളിലെ ശരികേടുകളെ കുറിച്ച് സംശയാലുവാകാന്‍ എന്നെ പഠിപ്പിച്ചത് പാവം സോര്‍ബയായിരുന്നു. ഇന്ന് ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചുമെല്ലാം ആ സംശയങ്ങള്‍ ഖനീഭവിക്കുന്നു. ഗ്രീക്ക് ഇതിഹാസങ്ങളിലേക്കും ഹെര്‍മന്‍ ഹെസ്സെയിലേക്കും ബുദ്ധനിലേക്കും സെന്‍ ഗുരുക്കളിലേക്കും അവസാനം ഓഷോ വരെ എത്തി നില്‍ക്കുന്ന എന്റെ ആ വഴിയിലുള്ള വായനയുടെ പ്രേരണയും തുടക്കവും സോര്‍ബയായിരുന്നു. അതുതന്നെയാണ് മൂന്ന് ദശാബ്ദങ്ങള്‍ക്കുശേഷം വീണ്ടും സോര്‍ബയെ വായിക്കാന്‍ എനിക്ക് പ്രേരണയായത്. ആദ്യവായനയിലെ സോര്‍ബയെ അല്ല ഞാനിപ്പോള്‍ വായിച്ചത്. അന്നറിഞ്ഞ സോര്‍ബയെയും കസാന്‍ദ്സാക്കിസിനെയും പുതയ ജീവിത പശ്ചാത്തലത്തില്‍ കൂടുതല്‍ തിളക്കത്തോടെയാണ് ഞാന്‍ വായിച്ചറിഞ്ഞത്. അനുഭവിച്ചത്. ആ പുസ്തകമൊ അതിലെ വാക്കുകളൊ മാറിയിട്ടില്ല. പക്ഷെ, ഞാന്‍ മാറിയിരിക്കുന്നു^ ഒരുപാട്. എന്റെ കാലവും. എന്റെ മനസും യാഥാര്‍ഥ്യങ്ങളും എല്ലാം. സോര്‍ബയിലെ വാക്കുകള്‍ഇന്ന് കൂടുതല്‍ യാഥാര്‍ഥ്യ ബോധത്തോടെ കാണാനും കഴിയുന്നുണ്ട്.
കസാന്‍ദ് സാക്കിസിന്റെ മരണവിവരമറിഞ്ഞ് നാടിന്റെ നാനാഭാഗത്തു നിന്നും ആരാധകര്‍ അദ്ദേഹത്തിന്റെവീട്ടിലേക്ക് ഒഴുകിയിരുന്നു. അതിലൊരാള്‍ ആര്‍ക്കും പരിചിതനല്ലാത്ത ഒരാള്‍, സാക്കിസിന്റെമരണാനന്തര ചടങ്ങുകളില്‍ സജീവമായി പങ്കെടുക്കുകയും അതിനു ശേഷം അപ്രത്യക്ഷനാകുകയും ചെയ്തു. അത് സോര്‍ബയായിരുന്നെന്ന് വൈകിയാണ് ചടങ്ങിന്റെ ഫോട്ടോകളില്‍ നിന്ന് തിരിച്ചറിഞ്ഞത്. സാക്കിസിന്റെ ജീവിത യാത്രകള്‍ക്കിടയില്‍ പെലൊപൊണിസസിലെ ഒരു ഖനിയില്‍ ജോലിചെയ്യുമ്പോള്‍ പരിജയപ്പെട്ട ജോര്‍ജ് ് സോര്‍ബ എന്നയാളാണ് അലക്സിസ് സോര്‍ബ എന്ന കഥാപാത്രത്തെ സൃഷ്ടിക്കാന്‍ പ്രേരണയെന്ന് സാക്കിസ് തന്നെ പറഞ്ഞിട്ടുണ്ട്.
സോര്‍ബ നോവലില്‍ ഇങ്ങിനെ പറയുന്നു^
'I dont believe in anything or anyone, only in Zorba.Not because Zorba is better than others. He is a brute like the rest. But I believe in Zorba because, he is the only being I have in my my power,the only one I know. all the rest are ghosts.'
സോര്‍ബ തന്റെ ഇടത്കൈയിലെ ചൂണ്ടുവിരല്‍ മുറിക്കാനിടയായ സംഭവം നോവലില്‍ വിവരിക്കുന്നുണ്ട്. ഒരിക്കല്‍ മണ്‍പാത്ര നിര്‍മാണത്തിലേര്‍പെട്ടപ്പോള്‍ തന്റെ ഇടത് ചൂണ്ടുവിരല്‍ ആ ജോലിക്ക്പറ്റിയതല്ല എന്നുമനസിലായി.ആ വിരല്‍ കൊണ്ട് ചക്രത്തില്‍ കറങ്ങുന്ന കളിമണ്‍ തൊട്ടു പോകയും അതുടഞ്ഞ് പോകയും ചെയ്യുന്നു എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഒരു ഉളിയെടുത്ത് ഞാനതങ്ങ് മുറിച്ചു മാറ്റി. ഇത് കേട്ട് ഞെട്ടിപ്പോയ കസാന്‍ദ് സാക്കിസ് ചോദിച്ചു: വിരല്‍ മുറിച്ചപ്പോള്‍ വേദനിച്ചില്ലേ?
സോര്‍ബയുടെ മറുപടി ഇങ്ങിനെയായിരുന്നു^ :What d you mean? I am not a treetrunk. Iam a man. of course it hurt me. but it got in my way at the wheel, so I cut it off.
മറ്റൊരിക്കല്‍ സോര്‍ബ പറഞ്ഞു: No, I dont believed in anything. If I believe in man, I d believe in God, and I d believe in devil too.
ബുദ്ധനെകുറിച്ച് ഒരു പുസ്തകം എഴുതി തുടങ്ങിയ ഘട്ടത്തിലാണ് കസാന്‍ദ് സാക്കിസ് ക്രീറ്റെയില്‍ എത്തുന്നത്. അവിടെ ഒരു ലിഗ്നൈറ്റ് ഖനി തുടങ്ങാനായിരുന്നു പരിപാടി. ആ യാത്രക്കിടയില്‍ കപ്പലില്‍ വെച്ചാണ് അദ്ദേഹം സോര്‍ബയെയും അദ്ദേഹത്തിന്റെ സന്തൂരി എന്ന അത്ഭുത സംഗീത ഉപകരണത്തെയും പരിചയപ്പെടുന്നത്. താന്‍ സന്തൂരി സംഗീതത്തില്‍ ആകൃഷ്ടനാകുന്നതും പിതാവിന്റെപുച്ഛം അവഗണിച്ച് സംഗീതം പഠിക്കുന്നതും സോര്‍ബ കപ്പല്‍ യാത്രയില്‍ വിവരിക്കുന്നുണ്ട്.സന്തൂരിയെ കുറിച്ച് സോര്‍ബ പറയുന്നു: If am in the mood, I willwork for you as much as you like. Iam your man there. But the santhuri, that is different. It is a wild animal. It needs freedom. If Iam in the mood Iwill play,I ll even sing. and I will dance...
ബുദ്ധനെ കുറിച്ച്എഴുതാന്‍ ക്രീറ്റെയിലെത്തിയ സാക്കിസ് അവസാനം എഴുതി പൂര്‍ത്തിയാക്കിയത് സോര്‍ബയെ കുറിച്ചുള്ള നോവലായിരുന്നു.
സോര്‍ബ ദ ഗ്രീക്ക് ഇതേ പേരില്‍ ചലച്ചിത്രമായിട്ടുണ്ട്. ലോകപ്രശസ്ത നടന്‍ ആന്റണി ക്വിന്‍ ആയിരുന്നു സോര്‍ബയുടെ വേഷമിട്ടത്. ഒട്ടേറെ അവാര്‍ഡുകളും അംഗീകാരങ്ങളും ലഭിച്ച സിനിമ പക്ഷെ സാക്കിസിന്റെ യഥാര്‍ഥ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പാശ്ചാത്യ സംസ്കാരത്തെ ഉയര്‍ത്തിക്കാട്ടുകയും ഗ്രീക്ക്സംസ്കാരത്തെ അവമതിക്കുകയും ചെയ്യുന്നതായിരുന്നു എന്ന് പിന്നീട്
പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതേ പേരില്‍ ഒരു സംഗീത ശില്‍പവും പ്രചാരത്തിലുണ്ടായിരുന്നു
നന്നായി.കസാന്‍ദ്സാക്കിസിനെ വായിച്ച് കലാലയങ്ങളില്‍ അലഞ്ഞുജീവിച്ച നാളുകളെ ഓര്‍മിപ്പിച്ചു.നന്ദി.ദേശാഭിമാനി വാരികയില്‍ കവര്‍സ്റ്റോറിയായി വളരെ മുന്‍പ് കെ.ഇ.എന്‍.സോര്‍ബയെ അവതരിപ്പിച്ചതും.
ReplyDeleteനികോസ് കസാന്‍ദ് സാക്കിസിനെ ഞാന്‍ പരിചയിച്ചിട്ടില്ല. ഇംഗ്ലീഷ് വശമില്ലാത്തതായിരിക്കണം ഒരു കാരണം. ഇതിലെ വിവരണം അതിന്റെ ഉള്ളടക്കത്തിലേയ്ക്കുള്ള ചൂണ്ടുപലകയായി എനിയ്ക്കനുഭവപ്പെടുന്നുണ്ട്. വായിയ്ക്കണമെന്ന മോഹവും വരുന്നുണ്ട്.
ReplyDelete