Thursday, June 3, 2010

ഇമ്പിച്ചി ബാവയെ കുറിച്ച് കോവിലന്‍ ഇനി എഴുതില്ല






കോവിലന്‍ തട്ടകമൊഴിഞ്ഞു

ഉണ്ണിരിക്കും കുഞ്ഞിക്കണാരനും ഇനി പുനര്‍ജനിയില്ല


തട്ടകത്തിന്റെ രണ്ടാം ഭാഗം എഴുതാതെ ഇതാ കോവിലന്‍ നമ്മെ വിട്ടു പോയിരിക്കുന്നു. ഉണ്ണിരിക്കുട്ടിക്കും, ഉണ്ണിക്കോരനും, കുഞ്ഞിക്കണാരനും, കമ്മളൂട്ടിക്കുമൊന്നും ഇനി പുനര്‍ജനിയില്ല. തട്ടകം എന്ന നോവലിലൂടെ മലയാളികളോട് സംവദിച്ച കഥാ പാത്രങ്ങളുടെ രണ്ടാം വരവ് എന്ന സ്വപ്നം ഇതാ കോവിലന്റെ മൃതദേഹത്തോടൊപ്പം ഇല്ലാതാവുന്നു. തട്ടകത്തിന്റെ രണ്ടാം ഭാഗം എഴുതണമെന്ന് അദ്ദേഹം വല്ലാതെ ആഗ്രഹിച്ചിരുന്നു. പ്രായവും രോഗങ്ങളും അദ്ദേഹത്തിന്റെ ശരീരത്തെ ബാധിച്ചെങ്കിലും മനസില്‍ നിറയെ രണ്ടാം ഭാഗത്തിലെ ഇട്ടീരിക്കുട്ടിയും, ഗൌരിയുമൊക്കെയായിരുന്നു.1995 ലാണ് തട്ടകം എന്ന നോവല്‍ പ്രസിദ്ധീകരിച്ചത്. ഏതാണ്ട് രണ്ടായിരത്തില്‍ തന്നെ അതിന്റെ രണ്ടാം ഭാഗം അദ്ദേഹത്തിന്റെ മനസ്സില്‍ മുളപൊട്ടിയിരുന്നു. എന്നാല്‍ അത് എഴുതാനുള്ള ശാരീരിക ആരോഗ്യം അദ്ദേഹത്തിനുണ്ടായിരന്നില്ല. എങ്കിലും തന്റെ മനസ്സില്‍ ആ നോവല്‍ അദ്ദേഹം തയാറാക്കി കഴിഞ്ഞിരുന്നു. പകര്‍ത്തി എഴുതാന്‍ നല്ലൊരാളെ കിട്ടാതെ നിരാശനായിരിക്കുമ്പോളാണ് 2003 ല്‍ ഞാനൂം ബാലചന്ദ്രന്‍ വടക്കേടത്തും അദ്ദേഹ ത്തിന്റെ ഒരു അഭിമുഖം തയാറാക്കാനായി മുനിമടയക്കരികിലെ വീട്ടിലെത്തുന്നത്. അന്ന് ഞാന്‍ മാധ്യമം ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയഇ ചുമതലയുള്ള ആളായിരുന്നു. സംസാരത്തിനിടെ തട്ടകത്തിന്റെ രണ്ടാം ഭാഗം എഴുതാനവാത്ത നിസ്സഹായത അദ്ദേഹം ഞങ്ങളോട് പങ്ക് വെച്ചു. അന്നാണ് തട്ടകത്തിന്റെ രണ്ടാം ഭാഗം പകര്‍ത്തിയെഴുതാമെന്ന ഉത്തരവാദിത്തം ഞാനേറ്റെടുക്കുന്നത്. പിന്നീട് നാലു തവണ ഞാന്‍ കണ്ടാണശേãരിയിലെത്തി അദ്ദേഹം പറയുന്ന വരികള്‍ എഴുതിയെടുത്തിരുന്നു. മനസില്‍ എഴുതി വെച്ച നോവലിന്റെ ഓരോ അധ്യായം വീതമാണ് ഓരോ ദിവസവും അദ്ദേഹം പറഞ്ഞിരുന്നത്. നാലാമത്തെ അധ്യായം പറഞ്ഞു കഴിയുമ്പോഴേക്കും അദ്ദേഹം ശ്വാസം മുട്ടി ചുമച്ചു തുടങ്ങിയിരുന്നു. പിറ്റെന്നാള്‍ അദ്ദേഹം ആശുപത്രിയിലായി. പിന്നെ പലതവണ ഞാന്‍ വിളിച്ചെങ്കിലും ബാക്കിയെഴുതാനുള്ള അവസ്ഥ തിരിച്ചു കിട്ടിയില്ല എന്ന മറുപടിയാണ് എനിക്ക് കിട്ടിയത്. കാലം അങ്ങിനെ കടന്നു പോയി. അദ്ദേഹം ഇന്നിതാ വെറും ഓര്‍മയായി മാറിയിരിക്കുന്നു.
തട്ടകത്തിന്റെ രണ്ടാം ഭാഗം അന്തരിച്ച സി.പി.എം നേതാവ് ഇ.കെ ഇമ്പിച്ചി ബാവയെ കുറിച്ചുള്ളതായിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടിയില്‍ കണ്ടാണശേãരിയില്‍ തന്റെ തറവാട്ടില്‍ ഒളിവില്‍ കഴിയാനെത്തിയ ഇമ്പിച്ചി ബാവയെ അദ്ദേഹം ആദ്യ ഭാഗത്തു തന്നെ അവതരിപ്പിക്കുന്നുണ്ട്. ഇതാ ഇമ്പിച്ചി ബാവയെ കുറിച്ചുള്ള ആത്മകഥാംശമുള്ള ആ നോവല്‍ മലയാള സാഹിത്യത്തിനും മലയാളിക്കും നഷടമായിരിക്കുന്നു

7 comments:

  1. നഷ്ടങ്ങളെല്ലാം ചരിത്രമാവാന് പ്രാര്ഥിക്കാം

    ReplyDelete
  2. മലയാളത്തിന്റെ നഷ്ടം ...

    ReplyDelete
  3. ചരിത്രം എപ്പോഴും അങ്ങിനെയാണ്. എന്തെങ്കിലും ബാക്കിവെച്ച് മുറിഞ്ഞ് പോകും....

    ReplyDelete
  4. പതിട്ടാണ്ടുകള്‍‍ക്കിപ്പുറം ഞാനറിയുന്നു, ആരാണ് ഭൂമിവാതുക്കലെന്നു.
    എന്റെ ഭാല്യകാല വായനയിലെ ഹീറോ ആണ് താന്കള്‍.
    ഇവിടെ കണ്ടതില്‍ സന്തോഷം.

    (അങ്ങോട്ടെക്കും ക്ഷണിക്കുന്നു)

    ReplyDelete
  5. ജീവിതം അങ്ങനെ തന്നെയാണ് .
    ബാക്കി വെച്ചിട്ട് പോവുക
    ചിലത് ഏറെക്കാലം അയവിറക്കാം
    മറ്റ് ചിലത് ഒന്നോ രണ്ടോ അയവിറക്കലിലൂടെ ….
    ജീവിതം അങ്ങനെ തന്നെ.

    ReplyDelete