
പെട്ടിക്കടയിലെ റാന്തല്‍ വിളക്ക് കാറ്റിലാടുമ്പോള്‍ അങ്ങാടിയിലെ നിഴലുകളൊന്നായി വളരുന്നു. ആട്ടം നിലയ്ക്കുമ്പോള്‍ ചുരുണ്ട് വെറുങ്ങലിക്കുന്നു. ഒറ്റ നോട്ടത്തില്‍ അങ്ങാടി തൊട്ടിലാടുകയാണെന്നു തോന്നും. രൂപം ഇളകാതെയുള്ള നിഴലാട്ടം.
രാത്രി നിഴലുകള്‍ക്ക് പേടിപ്പെടുത്തുന്ന രൂപമാണ്. ചിലപ്പോള്‍ അവ മനസ്സിനകത്ത് പേടിയുടെ പ്രാകൃത നിഴലുകളെ ഇളക്കിവിടും.
അങ്ങാടിയില്‍ വീണുകിടന്ന നിഴലുകളില്‍ മൃഗരൂപങ്ങളുണ്ട്. വ്യാളിയും ഗുഹാമുഖവുമുണ്ട്. റാന്തലിന്റെ ഓരോ ഇളക്കവും അവയ്ക്ക് ജീവന്‍ നല്‍കുന്നു.
റാന്തലിന്റെ മഞ്ഞവെളിച്ചത്തില്‍ നിറം മങ്ങിയ പുരാണ ചിത്രംപോലെ പെട്ടിക്കട. ഓളങ്ങള്‍ക്കൊത്താടുന്ന തോണിക്കാരനെപ്പോലെ കടക്കാരന്‍.
ആളില്ലാത്ത അങ്ങാടിയില്‍ ആരെ കാത്താണ് പാതിരായ്ക്ക് അയാള്‍ ഉറക്കമൊഴിക്കുന്നത്? റോഡരികിലെ ശവത്തിന് അയാളും കാവലിരിക്കയാണോ?
ഇന്നലെയും ശവം അവിടെത്തന്നെ ഉണ്ടായിരുന്നു.
ശവത്തിന് എന്നെപ്പോലെ മെലിഞ്ഞ ഉടലും താടിയുമുണ്ട്. നീളം ഏറെക്കുറെ ഒന്നു തന്നെ. പുരികത്തിനു മുകളില്‍ വസൂരിക്കലയും.
അങ്ങാടിയില്‍ ഇത് നാലാമത്തെ ശവമാണ്. അതില്‍ മൂന്നിനും ഒരേ മുഖച്ഛായ. ഒന്നൊരു കിളുന്നു പെണ്ണായിരുന്നു. ഏഴാം ക്ലാസില്‍ പഠിക്കുന്ന അനിയത്തിയുടെ രൂപമാണവള്‍ക്ക്. അതേ നിറമുള്ള പാവാടയും കുപ്പായവും. അനിയത്തിയുടെ കയ്യിലെ കുപ്പിവളകള്‍ അവള്‍ക്കുമുണ്ട്. അതേ നിറം.
എന്നെ കണ്ടപാടെ പെട്ടിക്കടക്കാരന്‍ ദീര്‍ഘമായി കോട്ടുവായിട്ടു. അയാളുടെ കണ്ണുകള്‍ ഏറെക്കാലമായുറങ്ങാത്തതിനാല്‍ ചൊകന്ന് ചീര്‍ത്തിരുന്നു. ചത്ത മീനെപ്പോലെ. കരയ്ക്കടുത്ത പായല്‍ പൊതിഞ്ഞ ശവത്തെയാണ് അയാളെ കാണുമ്പോള്‍ ആദ്യം ഓര്‍ക്കുക.
എന്നും വാങ്ങാറുള്ള ഒരു കിലോ പഴം കടലാസില്‍ പൊതിയുന്നതിനിടയില്‍ കടക്കാരന്‍ എന്തെല്ലാമോ പറഞ്ഞു. ഇനിയും തിരിച്ചറിയാത്ത ശവത്തെക്കുറിച്ച്. അയാള്‍ ഏതു നാട്ടുകാരനാകാമെന്ന സാധ്യതകളെക്കുറിച്ച്.
ഞാന്‍ അപ്പോള്‍ ശവത്തെ തുറിച്ചുനോക്കി നില്‍ക്കയായിരുന്നു. അതിന്റെ കാല്‍ക്കലും തലയ്ക്കലും മീസാന്‍ കല്ലുകള്‍പോലെ രണ്ട് വലിയ കരിങ്കല്ലുകള്‍ എടുത്തുവച്ചിട്ടുണ്ട്.
ഇന്നലെ ബസ്സിറങ്ങുമ്പോള്‍ അങ്ങാടിയില്‍ ശവത്തെ പൊതിഞ്ഞ് ഒരാള്‍ക്കൂട്ടമുണ്ടായിരുന്നു. പോലീസ് വണ്ടി ചീറി വന്നപ്പോള്‍ മന്ത്രവാദകഥയിലെന്നപോലെ ജനക്കൂട്ടം എങ്ങോമാഞ്ഞുപോയി. പരിഭ്രാന്തിക്കിടയില്‍ നടുവില്‍ കുടുങ്ങിയ ഒരു കുഞ്ഞാടിന്റെ ചോരയുമിറച്ചിയും നിരത്തിലരച്ചാണ് വണ്ടി നിന്നത്. ചാടിയിറങ്ങിയ പോലീസുകാര്‍ ബൂട്ടുകള്‍ നിലത്തടിച്ചും ലാത്തിവീശിയും പാഞ്ഞു. എവിടെയും ആരുമില്ലെന്നുറപ്പുവരുത്തി തിരിച്ചുവന്നു. അപ്പോള്‍ അവര്‍ക്ക് ചെന്നായ മുഖമായിരുന്നു.
ഇന്‍സ്പെക്ടര്‍ തൂവാല കൂട്ടിപ്പിടിച്ച് യുവാവിന്റെ നെഞ്ചിലെ കത്തി വലിച്ചൂരിയെടുത്തു. ചളിയില്‍ പൂണ്ടുപോയ ലാത്തി വലിച്ചെടുക്കുന്ന ലാഘവത്തോടെ. കത്തിയുടെ മൂര്‍ച്ചയും നീളവും കണ്ണുകൊണ്ടളന്ന് തൂവാലയില്‍ ചുരുട്ടി അയാള്‍ വണ്ടിയുമായി പറന്നു. വണ്ടി പോയപ്പോള്‍ തൂവാലയില്‍ വിരിഞ്ഞ ചൊമന്ന പൂക്കള്‍ കണ്ണില്‍ നിറഞ്ഞുനിന്നു.
പെട്ടിക്കടക്കാരന്‍ അപ്പോഴും പറഞ്ഞു കൊണ്ടിരുന്നു. മഴക്കാലത്ത് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയത്. ചവിട്ടുവല വലിക്കുമ്പോള്‍ പിണഞ്ഞ അബദ്ധം. പുഴമീന്‍ പൊരിച്ചു തിന്നുമ്പോഴത്തെ സ്വര്‍ഗീയ സുഖം....
ഓര്‍മയുടെ മഹാജലത്തില്‍ ശവമുഖം തിരയുകയായിരുന്നു ഞാന്‍. നൂറ്റാണ്ടുകളായി മനസ്സില്‍ പെറുക്കിയിട്ട എണ്ണമില്ലാത്ത മുഖങ്ങളില്‍ ഞാന്‍ പരതി. ഇന്നോളം കാണാത്ത മുഖംപോലും പൊന്തിവന്നു. ശവത്തിന്റെ ബുദ്ധ സമാനമായ മുഖം മാത്രം ഒരിക്കലും വെളിപ്പെട്ടില്ല.
റാന്തല്‍ വിളക്കാടിയപ്പോള്‍ നിഴലുകളൊന്നായിളകി. ഒരു ചെറുകാറ്റില്‍ ശവനാറ്റം മൂക്കില്‍ പാഞ്ഞു കയറി. പെട്ടിക്കടക്കാരന്‍ ഒന്നു മൂക്കുചീറ്റുകപോലും ചെയ്തില്ല. സഹിച്ചു സഹിച്ച് അയാള്‍ക്കതൊരനുഭവമേ അല്ലാതായിരിക്കണം. എന്നാലും മനുഷ്യന് ഇത്ര നാറാനാകുമോ?
ശവനാറ്റം ശ്വാസകോശത്തിലെത്തി ഞരമ്പുകളാകെ പടര്‍ന്ന് ഇപ്പോള്‍ എന്റെ ശരീരത്തിനും നാറ്റമുണ്ട്. വായില്‍ നിറഞ്ഞ ചവര്‍പ്പ് ഞാന്‍ കാര്‍ക്കിച്ചു തുപ്പി. തുപ്പിയിട്ടും തുപ്പിയിട്ടും വായിലെ ചവര്‍പ്പുവെള്ളം വറ്റിയില്ല.
പെട്ടിക്കടക്കാരന്‍ തൂക്കത്തില്‍ ബാക്കി വന്ന പഴം തൊലിയുരിഞ്ഞു തിന്നാന്‍ തുടങ്ങി. അയാള്‍ ചവയ്ക്കുമ്പോള്‍ ചവര്‍പ്പൂറിയത് എന്റെ നാക്കിലാണ്.
ധൃതിപ്പെട്ടു വീട്ടിലേക്കു നടക്കുമ്പോള്‍ കുടലാകെ ഉരുണ്ടുകയറി. ശവത്തില്‍ നിന്നകലുന്തോറും ശവനാറ്റം കൂടിവന്നു. ഒരു തവണ തൊണ്ടപൊട്ടി ഛര്‍ദ്ദിച്ചു. വൈകീട്ടു കഴിച്ച മസാലദോശ മുഴുവന്‍ നിരത്തിലും.
വീട്ടിലെത്തി ബെല്ലടിച്ചിട്ടും ഭാര്യ വാതില്‍ തുറക്കാന്‍ നേരമെടുത്തു. ഭാര്യയും മക്കളും ടെലിവിഷന്‍ സീരിയലില്‍ മുങ്ങിക്കിടപ്പായിരുന്നു.
വാതിലടച്ചിട്ടും ശവനാറ്റം കുറഞ്ഞില്ല. എത്ര ഓക്കാനിച്ചിട്ടും ഒന്നും പുറത്തുവന്നതുമില്ല. ചങ്കിനകത്ത് ഏതോ ശവക്കഷണം കുടുങ്ങിയപോലെ. ആരെങ്കിലും പുറമൊന്നു തടവിത്തന്നെങ്കില്‍.
കുളിമുറിയില്‍ കയറി ഷവറില്‍നിന്ന് ശിരസ്സിലേക്ക് ഗംഗയെ തുറന്നുവിട്ടു. ഉടലാകെ തണുത്തു മരവിക്കുംവരെ നനഞ്ഞുനിന്നു. കുളിമുറി വിട്ടു പുറത്തു കടന്നിട്ടും നാറ്റം കുറഞ്ഞില്ല.
ഉറക്കമുറിയിലേക്കു നടക്കുമ്പോള്‍ ഇരുകാലിനും മന്ത്. കട്ടിലില്‍ കയറി കുമ്പിട്ടു കിടന്നപ്പോള്‍ വയറ്റില്‍ ആരൊക്കെയോ ഉരുണ്ടു മറിഞ്ഞു.
സീരിയലൊടുങ്ങിയപ്പോള്‍ ഭാര്യ ഭക്ഷണം വിളമ്പി വിളിച്ചു. ഭക്ഷണക്കാര്യമോര്‍ത്തപ്പോഴേ മനംപിരട്ടി. ചൊവന്ന പൂക്കള്‍ വിരിഞ്ഞ ഒരു തൂവാല കണ്‍മുന്നില്‍.
പന്തികേടു മണത്തറിഞ്ഞപ്പോള്‍ ഭാര്യ സൌമ്യയായി അടുത്തുവന്ന് നെറ്റിയില്‍ തൊട്ടുനോക്കി. ഞാന്‍ പറഞ്ഞു.
-ശവത്തിന് അവകാശികളാരും വന്നില്ലാത്രെ. ഇനീപ്പോ ആരും ഇല്ലാന്ന് വര്വോ?
എന്തോ അനാവശ്യം കേട്ടതുപോലെ അവള്‍ ഒരു തവണ തുറിച്ചു നോക്കി. പിന്നെ പകയോടെ തലവെട്ടിച്ച് മുറിവിട്ടു. ടെലിവിഷനു മുമ്പില്‍ കിടന്നുറങ്ങിപ്പോയ മക്കളെ അവള്‍ വാരിവലിച്ച് കട്ടിലില്‍ കിടത്തി പുതപ്പിച്ചു. എല്ലാം കഴിഞ്ഞ് മുടിയൊതുക്കുമ്പോള്‍ ദുശãകുനം കണ്ട മുഖത്തോടെ ഭാര്യ പറഞ്ഞു.
-ഒറങ്ങാന്‍ കെടക്കുമ്പോ മറ്റു വല്ല കാര്യോ പറഞ്ഞൂടെ നിങ്ങക്ക്?
അവളുടെ നീരസം എന്നെ നിരാശനാക്കി. മൂക്കിനു താഴെ ഒരനാഥശവം കിടന്നുറങ്ങുമ്പോള്‍ ഇവള്‍ക്കതൊരു അനുഭവം പോലുമാകുന്നില്ല. അതേക്കുറിച്ചുള്ള വര്‍ത്തമാനം പോലും അവളെ ചൊടിപ്പിക്കുന്നു. അവളുടെ പ്രതീക്ഷകളും എന്റെ രീതികളും എന്നും ഇങ്ങിനെ കൂട്ടിയിടിച്ച് വേദനയോടെ ഉടഞ്ഞുപോകുന്നു.
ലൈറ്റ് ഓഫ് ചെയ്ത് തൊട്ടുരുമ്മിക്കിടന്നപ്പോള്‍ ഭാര്യയോട് എന്തെല്ലാമോ പറയണമെന്ന് മനസ്സുവിങ്ങി. എങ്ങിനെയാണ് ഇതെല്ലാം ബോ ദ്ധ്യപ്പെടുത്താനാവുക-
-നാളെ ഒരാള്‍ ഇവിടേം വന്നൂടാന്നുണ്ടോ? വാതില്‍ ചവിട്ടിപ്പൊളിച്ച് നമ്മെയും മക്കളേം അറുത്തിട്ടാല്‍....
ഭാര്യ ക്ഷോഭംകൊണ്ട് കിതയ്ക്കാന്‍ തുടങ്ങി. കണ്ണുകളില്‍ എന്നെ ദഹിപ്പിക്കാന്‍ തീയ്യും.
-നിങ്ങളിതൊന്ന് നിര്‍ത്ത്.... ആരോ എവിട്യോ ചത്തെന്നുവെച്ച്......
വെറുപ്പിന്റെയും അമര്‍ഷത്തിന്റെയും ആംഗ്യങ്ങള്‍ കാട്ടി അവള്‍ തിരിഞ്ഞുകിടന്നു. ഇപ്പോള്‍ എന്റെ മനസ്സ് നെരിപ്പോടായിരിക്കുന്നു. പൊള്ളുന്ന ചൂടും പുകയും.
പുറത്തുനിന്ന് കുറുക്കന്മാര്‍ മുന്നറിയിപ്പില്ലാതെ കൂട്ടമായി നിലവിളിക്കാന്‍ തുടങ്ങി. അതങ്ങാടിയില്‍നിന്നു തന്നെ. ഭാര്യയെ തട്ടിവിളിച്ച് ഞാന്‍ ചോദിച്ചു:
-കുറുക്കന്മാര് മനുഷ്യന്റെ ശവം തിന്ന്വോ? മറുപടിക്കു പകരം ഭാര്യയുടെ കൂര്‍ക്കംവലി. പുറത്ത് കുറുക്കന്മാരുടെ ഓരിയിടലിന് പ്രാകൃതമായ ഒരാനന്ദതാളം. അതിന്റെ ശക്തിയും സ്ഥായിയും കൂടിവന്നു. കുറുക്കന്മാര്‍ ഇപ്പോള്‍ എന്റെ തലച്ചോറില്‍ ചവുട്ടി നിന്നാണ് നിലവിളിക്കുന്നത്. പുറത്ത് നിഴലിളക്കം.
ദൈവമേ... ആരാണ് വാതിലില്‍ മുട്ടുന്നത്!
എന്നാലും മനുഷ്യന് ഇത്ര നാറാനാകുമോ?
ReplyDeleteമനുഷ്യന്റെ സ്വസ്ഥത നശിപ്പിക്കുന്ന അല്ലെങ്കില്‍ അറിയപ്പെടാത്ത ഏതൊക്കെയോ ലോകത്ത് എത്തിപ്പെട്ടത് പോലെ എല്ലാം മൂകമായി കാണേണ്ട കേള്‍ക്കേണ്ട ഗതികേട്.
തീര്‍ച്ചയായും ആരോ വാതിലില്‍ മുട്ടുന്നു....
വളരെ ഇഷ്ടായി മാഷേ.
മനസ്സിന്റെ ഉള്ളിലേക്കിറങ്ങുന്ന എഴുത്ത്.
ഈ ശവഗന്ധം തിരിച്ചറിയാനാവുന്നത് അസ്വസ്ഥമായ ചില മനസ്സുകള്‍ക്ക് മാത്രമാണെന്ന് തോന്നുന്നു.
ReplyDeleteമനസ്സിനെ അസ്വസ്ഥമായ ചില ആലോചനകളിലേക്ക് നയിക്കുന്ന നല്ല എഴുത്ത്.
ദൈവമേ ….. ശവങ്ങളാകുന്നവന്റെ നൊമ്പരം നാമും അനുഭവിക്കും.
ReplyDeleteശവമണം ഹ്രദയത്തിലേക്കടിച്ച് കയറുമ്പോൾ ശർദ്ദിലലല്ല എന്നിൽ നിന്നും;
സങ്കടങ്ങൾ മാത്രം.
എങ്കിലും , ഞാനും ഒരു നാൾ.പക്ഷെ, മരണം സമാധാനത്തിലും ശാന്തിയിലും ആകണേ എന്ന പ്രാർഥനയോടെ…………
പൂക്കളെയെല്ലാം ഇഷ്ടമാണ്. ശവംനാറിപ്പൂവൊഴികെ.
ReplyDeleteഅശാന്തമായ വര്‍ത്തമാനത്തിന് വാണിമേല്‍ നിനും തുടര്‍ച്ചയായി വിത യിറങ്ങുന്നു!!!!!!!
ReplyDeleteikka iniyum ezhuthanamennu aagrahiykkunnu, pratheeshiykkunnu.
ReplyDelete