Wednesday, March 31, 2010

നായ്ക്കള്‍ ഒരേ സിത്താരില്‍ കരയുന്നു


















കറന്റില്ലാത്ത രാത്രി. അടുത്തെവിടെയോനിന്ന് നായ്ക്കള്‍ അദൃശ്യമായ ഏതോ ഭീകരതയെ നോക്കി നീട്ടിക്കരയുന്നു.
ഉമ്മാമ്മ മരിച്ച രാത്രി നായ്ക്കള്‍ ഇതുപോലെ കരഞ്ഞിരുന്നു.
നാടുവിട്ട് നഗരത്തിലെത്തിയിട്ടും നായ്ക്കള്‍ ഒരേ ദീനതയില്‍ നീട്ടിക്കരയുന്നു.
മരിക്കുന്നവന്റെ മതമേതായാലും നായ്ക്കള്‍ ഒരേ സിത്താരില്‍ കരയുന്നു.
ഒന്നു നേരം വെളുത്തുകിട്ട്യാ മതിയായിരുന്നു- ഭാര്യ പറഞ്ഞു.
പുറത്ത് പെട്ടെന്നുണ്ടായ കരിയില കിലുക്കത്തിലേക്ക് മോന്‍ കണ്ണും കാതും കൂര്‍പ്പിച്ചു. അവന്റെ നിഷ്കളങ്കമുഖത്ത് പേടി പടരുന്നു. ഒരു ദിവസംകൊണ്ട് കരിയില കിലുക്കത്തിന്റ അര്‍ത്ഥം എത്രമാറിയിരിക്കുന്നു!
രാത്രി വലിയ ഒച്ചയില്‍ നിരത്തിലൂടെ ലോറികള്‍ പാഞ്ഞുപോകുമ്പോള്‍ ഒന്നുമറിയാതെ ഉറങ്ങുന്നവര്‍ക്ക് ഇന്ന് കരിയില കിലുക്കം മരണം വരുന്ന വഴിയാണ്.
വീണ്ടും നടുക്കുന്ന മൂകത. കരിയിലക്കിലുക്കമില്ല. കാറ്റടിക്കുന്നില്ല. എന്തെങ്കിലും ശബ്ദം കേട്ടിരുന്നു എങ്കില്‍.
ടേപ്പ് റിക്കോര്‍ഡര്‍ ഒച്ച കുറച്ച് തുറന്നാലോ? ഒരു രാത്രി ഏകനായിരുന്ന് രവിശങ്കറിനെയറിഞ്ഞപ്പോള്‍ ഉള്ളറിഞ്ഞു വിതുമ്പിപ്പോയത് ഓര്‍മ്മ വന്നു.
കേസറ്റെടുത്തപ്പോള്‍ ഭാര്യ അത് തട്ടിപ്പറിച്ചെടുത്തു. 'എന്ത് ഭ്രാന്താ കാട്ടണത്!'എന്നാണ് അവളുടെ നോട്ടം പറഞ്ഞത്. മൂന്നു വാക്കിനു പകരം ഒരു നോട്ടം. വെറുപ്പില്ല. മുഷിപ്പില്ല. ദീനതമാത്രം.
അകലെ എവിടെയോ നായ്ക്കരച്ചില്‍. ഹൃദയം തുളച്ചുകയറുംവിധം അത് ഉന്നതസ്ഥായിയിലേക്ക് വളര്‍ന്നു മുറിഞ്ഞുപോയി.
മോന്റെ കവിളില്‍ ഉമ്മകള്‍ ചൊരിഞ്ഞ് ഭാര്യ വിതുമ്പാന്‍ തുടങ്ങി. പുറത്തു തലോടിയപ്പോള്‍ അവള്‍ മുഖത്തുനോക്കി ഏങ്ങലടിച്ചു.
ഇങ്ങനെ പേടിച്ചു ജീവിക്കാനാവില്ല- അവള്‍ കണ്ണീരിലൂടെ പറഞ്ഞു.
നേരം വെളുക്കട്ടെ- അവള്‍ സമാധാനിക്കുമെന്നു കരുതി.
ഉമ്മയുടെ തേങ്ങല്‍ നോക്കിനിന്ന മോനും വിതുമ്പിത്തുടങ്ങി.
-ഉപ്പാ, നമക്ക് പോക്വാ....
-എവിടെ?
-സെലീനാന്റെ വീട്ടില്. അവനേറ്റവും പിരിശം അവളോടാണ്. നാട്ടില്‍പോയാല്‍ അവളോടൊത്തു തുള്ളിച്ചാടി നടക്കാനേ നേരം കാണൂ. തിരിച്ചുവന്നാല്‍ രണ്ടുനാള്‍ സെലീനാന്റെ വിശേഷങ്ങളായിരിക്കും.
നേരം വെളുത്താല്‍ വേണമെങ്കില്‍ നാട്ടില്‍പോകാം. അവിടെ ഉമ്മയും ഉപ്പയുമുണ്ട്. അനിയനും അനിയത്തിമാരും ബന്ധുക്കളുമുണ്ട്. ജനിച്ചുവളര്‍ന്ന ചുറ്റുപാടും.
എവിടെയും ലഹളയില്ലാത്ത കാലത്തും പരസ്പരം കൊന്നുകീറിയവരുടെ നാടാണ്. അവിടത്തെ അവസ്ഥ ഇതിലും മെച്ചമാകില്ലെന്നുറപ്പ്. പിന്നെ എങ്ങോട്ടാണ് പോവുക?
-ഏതു നരകത്തിലാ പോവാനുള്ളത്?
എന്റെ ചോദ്യം അവളെ വേദനിപ്പിച്ചു. അവള്‍ കണ്ണീരുതുടച്ച് പേടിയുടെ നിഴലുകള്‍ മാറ്റാന്‍ ശ്രമിച്ചു.
ദൂരെ നായ്ക്കള്‍ ദീനമായി കരഞ്ഞുകൊണ്ടിരുന്നു. ആദ്യം ഒരിടത്തുനിന്നുമാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ അത് എല്ലാ ദിക്കിലും വ്യാപിച്ചിരിക്കുന്നു. അവ നാട്ടിലാകെ പാഞ്ഞുനടന്ന് നിലവിളിക്കുകയാണ്.
കരിമ്പടം തലയിലൂടെ മൂടിപ്പുതച്ച് അവള്‍ കിടന്നു. മോനെ അടുക്കിപ്പിടിച്ച് ചുരുണ്ടുകൂടി. കരിമ്പടത്തിന് അടിയില്‍നിന്ന് തേങ്ങലുകള്‍ കേള്‍ക്കാം.
എപ്പോഴോ ഒന്നു മയങ്ങീ എന്നുറപ്പ്. അടുത്തപള്ളിയില്‍നിന്ന് വാങ്കുവിളി കേട്ടപ്പോഴാണ് ഉണര്‍ന്നത്. ഭാര്യയും മോനും ഉറങ്ങിപ്പോയിരുന്നു. വെളുത്തല്ലോ എന്നു സമാധാനിക്കുന്നതിനിടയില്‍ വാങ്കുവിളിയില്‍ എന്തോ അസാധാരണത്വം അനുഭവപ്പെട്ടു.
വാച്ചെടുത്തു നോക്കിയപ്പോള്‍ നടുങ്ങിപ്പോയി. അസമയത്തെ വാങ്കുവിളി അത്യാപത്താണ്.
വാങ്കുവിളിയുടെ അര്‍ത്ഥമാറ്റം ഒരിടിവാളുപോലെ മനസ്സിലേറ്റു. വാങ്കുവിളി പകുതിവെച്ചു മുറിഞ്ഞു. മൈക്കിലൂടെ ഇത്തിരിനേരം കിരുകിരുപ്പ്. പിന്നെ എവിടുന്നെല്ലാമോ കൂട്ടനിലവിളി. ആരെല്ലാമോ ധൃതിപിടിച്ചോടുന്ന ശബ്ദം....
ടെലിഫോണ്‍ ബെല്ലടിച്ചപ്പോള്‍ പെട്ടെന്ന് തലയിലെന്തോ വന്നടിച്ചപോലെ.
ഈ മരണനിമിഷത്തില്‍ ആരാണ്?
റിസീവറെടുക്കാന്‍ ഭയം. മണിയടിച്ചുകൊണ്ടിരുന്നാല്‍ ഭാര്യയും മോനുമുണരും. അവരീ നിലവിളി കേട്ടാല്‍.......
ഏത് ലോകത്തുനിന്ന് ആര്, എന്തു സന്ദേശമാണ് മുട്ടിവിളിക്കുന്നത് ഈ.... മണിയടി....
റിസീവര്‍ പറിച്ചെടുത്ത് ചെവിയില്‍ വെച്ചു. അതിലൂടെ ദീനമായ ഒരു നിലവിളി ഒലിച്ചുവന്നു. പെട്ടെന്ന് നിലവിളി മുറിഞ്ഞുപോയി. പകരം അവസാനിക്കാത്ത നിലവിളിപോലെ ഡയലിംഗ് ടോണ്‍.
ആരായിരിക്കും മരണത്തിന്റെ വാള്‍മുനയില്‍ കിടന്ന് എന്നെ സഹായത്തിനുവിളിച്ചത്?
ഡയറക്ടറിയെടുത്ത് പരിചയക്കാരുടെ നമ്പറുകള്‍ പരതി.
ഡോക്ടറുടെ നമ്പറുകറക്കി. എന്‍ഗേജ്ഡ്. സുഹൃത്തുക്കളായ സുഹൃത്തുക്കളുടെയെല്ലാം നമ്പര്‍ എന്‍ഗേജ്ഡ്. റിസീവറില്‍നിന്ന് എന്‍ഗേജ്ഡ് ടോണ്‍ മാത്രം.
എല്ലാവരും റിസീവര്‍ ചെവിയില്‍വെച്ച് ആരെയെല്ലാമോ വിളിക്കുകയാണ്. ആരും റിസീവര്‍ താഴെ വെക്കുന്നില്ല. നമ്പറുകള്‍ മാറി മാറി കറക്കുകയാണ്. എല്ലാ നമ്പറും എന്‍ഗേജ്ഡ്. നമ്പറുകള്‍ കറക്കി കറക്കി ഇപ്പോള്‍ ലൈനുകളെല്ലാം കൂടിക്കുഴഞ്ഞിരിക്കുന്നു. നൂറു നൂറു കണ്ഠങ്ങള്‍ മരണവെപ്രാളത്തോടെ നിലവിളിക്കുന്നു. ഹലോ.... ഹലോ..... ആരും റിസീവര്‍ വെക്കുന്നില്ല. എല്ലാരും ഒന്നിച്ചു ലൈനില്‍.
റിസീവര്‍ താഴെവെച്ചപ്പോള്‍ വീണ്ടും മണിയടി. വീണ്ടും അതേ നിലവിളികള്‍... റിസീവര്‍ മേശപ്പുറത്ത് എടുത്തുവച്ചു. മുറി നിറയെ ഹലോ ഹലോ വിളികള്‍.....
ഇവരെല്ലാം ഏതു ലോകത്തുനിന്നാണ് നിലവിളിക്കുന്നത്?
മീശമുറിക്കുന്ന കത്രികയെടുത്ത് ടെലഫോണ്‍ വയര്‍ മുറിച്ചു. മുറിയിലെ നിലവിളികള്‍ പെട്ടെന്ന് മരിച്ചു.
കനത്ത മൂകത. മോന്റെ ഉറങ്ങുന്ന മുഖത്ത് ഏതോ കിനാവിലെ ചിരി.
കിടക്കയില്‍ വന്നിരുന്നു. തല ചുറ്റുന്നു. മുറിയും കട്ടിലും ടെലഫോണും വട്ടം കറങ്ങുകയാണ്. കണ്ണടച്ചു കിടന്നു. എല്ലാം ശാന്തം. ഒരു ശബ്ദവും കേള്‍ക്കാനില്ല.
വാച്ചെടുത്തുനോക്കി. അതു നിലച്ചിരുന്നു.
നേരം വെളുത്തു തുടങ്ങുന്നു.
എന്താണ് പാല്‍ക്കാരന്റെ സൈക്കിള്‍മണി കേള്‍ക്കാത്തത്? പത്രം വന്നു വീഴുന്ന ഒച്ചയുമില്ലല്ലോ?
മുറിയുടെ ജാലകം പതുക്കെ തുറന്നുനോക്കി. പുറത്ത് ഒച്ചയുമനക്കവുമില്ല. അടുത്തുള്ള വീടുകളെല്ലാം തുറന്നിട്ടിരിക്കുന്നു. ഒരു ജീവിയേയും കാണാനില്ല.
ഉണര്‍ന്നയുടനെ ഭാര്യ ഉല്‍കണ്ഠയോടെ നോക്കി. എല്ലാം സാധാരണപോലെ കണ്ടപ്പോള്‍ ഒരു ദീര്‍ഘനിശ്വാസം.
-നമുക്കിന്ന് നാട്ടില്‍ പോകാം.
-ഇന്നലെ കാര്യമായെന്തൊക്കെയോ നടന്നിട്ടുണ്ട്.
അവളുടെ മുഖം വിളറുന്നു.
എന്തോ തീരുമാനിച്ചുറച്ച് അവള്‍ ടെലിഫോണിനടുത്തെത്തി. റിസീവര്‍ ചെവിയില്‍ വെച്ചതും നിരാശയോടെ മുഖത്തുനോക്കി.
-ഇതു ചത്തിരിക്ക ുന്നു.
മുറിഞ്ഞുപോയ നിലവിളികള്‍ മനസ്സിലോടിയെത്തി.
മോനുണര്‍ന്നയുടനെ ചാടിയെഴുന്നേറ്റു. രാത്രിയത്തെ നായ് കരച്ചില്‍ അവന്‍ മറന്നുപോയിരുന്നു.
ഭാര്യ അടുക്കളയിലേക്കുപോയി. ഗ്യാസടുപ്പു തുറന്ന് തീ കൊളുത്തി. ചായ കാച്ചാനുള്ള തയ്യാറെടുപ്പ്. ഒന്നും സംഭവിച്ചിട്ടില്ലാത്തപോലെ വാതില്‍ തുറന്ന് കിണറ്റുകരയിലെത്തി വെള്ളം കോരി. കപ്പിയുടെ ശബ്ദം ഒരു നിലവിളിപോലെ.
പെട്ടെന്ന് തൊട്ടിയും വെള്ളവും കിണറ്റില്‍ വീഴുന്ന ശബ്ദം. ഒരു നിലവിളി. ഓടിച്ചെന്നപ്പോള്‍ അവള്‍ അകത്തുകയറി വാതിലിന്റെ കുറ്റിയിട്ട് കിതയ്ക്കുകയായിരുന്നു.
-എന്താ- എന്തുപറ്റി?
-കിണറ്റില്‍ ശവങ്ങള്.
ഞാന്‍ ചുണ്ടില്‍ വിരല്‍വെച്ച് കാണിച്ചു (മിണ്ടരുത്) അപകടമാണ്. ചുണ്ടില്‍ വിരലുവെച്ചാലത്തെ അര്‍ത്ഥമാറ്റം അവള്‍ ഉള്‍ക്കൊണ്ടു.
കത്രികയും ബ്ലേഡുമെടുത്ത് ടെലഫോണ്‍ വയര്‍ കൂട്ടി കെട്ടി. പ്ലാസ്ററൊട്ടിച്ചു. റിസീവറെടുത്തപ്പോള്‍ അനന്തമായ നിലവിളിപോലെ ഡയലിംഗ് ടോണ്‍.
അകലെ എവിടെനിന്നെല്ലാമോ നായ്കൂക്ക് നിലവിളിയായുയര്‍ന്നു. അവ ഒരേ സിത്താരില്‍..്

12 comments:

  1. നല്ല കെട്ടുറപ്പുള്ള ഒരു കഥ.വായിക്കുന്തോറും എന്തൊക്കെയോ സംഭവിക്കുന്ന മാതിരി.അഭിനന്ദനങ്ങള്‍!

    ReplyDelete
  2. ദൂരെ നായ്ക്കള്‍ ദീനമായി കരഞ്ഞുകൊണ്ടിരുന്നു. ആദ്യം ഒരിടത്തുനിന്നുമാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ അത് എല്ലാ ദിക്കിലും വ്യാപിച്ചിരിക്കുന്നു. അവ നാട്ടിലാകെ പാഞ്ഞുനടന്ന് നിലവിളിക്കുകയാണ്.

    പാഞ്ഞു നടക്കുന്ന നായ്ക്കളെക്കൊണ്ട് ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്
    ഇപ്പോള്‍.
    അസമയത്തെ വാങ്ക് വിളി എന്നതും സ്വപ്നസഞ്ചാരത്തിലെ തോന്നലുകള്‍ തന്നെയാണോ...?

    ReplyDelete
  3. ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി,നല്ല ഒഴുക്കോടെ പറഞ്ഞിരിക്കുന്നു....അഭിനന്ദനങ്ങള്‍!

    ReplyDelete
  4. ആ നിലവിളികള് ഇന്നാരുകേള്ക്കാന്.

    ReplyDelete
  5. ഈ പേരിലെ കവിത തന്നെ കോരിത്തരിപ്പിക്കുന്നതാണ്‌

    ReplyDelete
  6. ഒരു കലാപത്തിന്റെ തീവ്രതയും ഭയാനകതയും ആറ്റിക്കുറുക്കി അവതരിപ്പിച്ചിരുന്നു. ആ കരിയില അനക്കങ്ങളും നായ്ക്കളുടെ ഓരിയുമെല്ലാം അനുഭവവേദ്യമാക്കുന്നതിൽ താങ്കൾ വിജയിച്ചു. ശ്വാസം അടക്കിപ്പിടിച്ചിരുന്നാണ്‌ വായിച്ച് തീർത്തത്.

    വളരെ തീക്ഷ്ണമായ അനുഭവമായി ഈ കഥ.

    ReplyDelete
  7. കലാപത്തിന്റെ ഭീകരത. വളരെ നന്നായി വരച്ചിട്ട ഒരു കഥ.

    ReplyDelete
  8. എന്റെ മാഷേ, ഈ കമന്റ് ബോക്സിലെ വേഡ് വേരിഫിക്കേഷൻ ഒന്നെടുത്തുമാറ്റാമോ? എന്തൊരു മെനക്കേടാണ് ഒരു കമന്റ് എഴുതി ഇടാൻ എന്നറിയാമോ?

    ReplyDelete
  9. അവസാനം വരെ ആകാംക്ഷയില്‍ നിര്‍ത്തി, നന്നായി അവതരിപ്പിച്ചു ഈ കഥ

    ReplyDelete
  10. ഒരു ക്രെയിന്‍ വന്ന് ആകാശത്തിലേയ്ക്ക് ഉയര്‍ത്തിയതുപോലെ...പിന്നെ...തീരെ ഗുരുത്വാകര്‍ഷണമില്ലാത്ത ഒരു ശൂന്ന്യതയില്‍ അലയാന്‍ വിട്ടിട്ട് ക്രെയിന്‍ ബൂം തിരികെപ്പോയി...കഥ എപ്പോഴാണ് തീര്‍ന്നതെന്നുകൂടി അറിഞ്ഞില്ല....കഥാകാരന് ആശംസകള്‍..!!
    വെള്ളത്തില്‍ വീണ പഞ്ഞിക്കെട്ടുപോലെ ഞാനിപ്പോള്‍ മുറിയുടെ ഒരു കോണില്‍ മരവിച്ചിരിയ്ക്കുന്നു.

    ReplyDelete