നിങ്ങള്‍ എല്ലാവരും ഇടറിപ്പോകും. ഞാന്‍ ഇടയനെ വെട്ടും. ആടുകള്‍ ചിതറിപ്പോകും. എന്നാല്‍ ഞാന്‍ ഉയിര്‍ത്തെണീറ്റ് നിങ്ങള്‍ക്കു മുമ്പെ ഗലീലിക്ക് പോകും. ഇന്നു രാത്രി കോഴി രണ്ട് വട്ടം കൂവുംമുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും.
അവസാനത്തെ അത്താഴം എനിക്ക് മുന്നറിയിപ്പ് തന്നുകൊണ്ടിരുന്നു.ബസ് ചുരമിറങ്ങുകയാണ്. വയനാടന്‍ കുന്നുകളെ കോട വിഴുങ്ങുന്നു. നാലുനാള്‍ തുടര്‍ച്ചയായയാത്ര. അഭിമുഖങ്ങള്‍. ഉറക്കറ്റ രാത്രികള്‍ക്കു ശേഷം തണുത്ത കാറ്റ് മയക്കമായി കണ്ണുകളെ പൊതിയുന്നു. അവസാനത്തെ ഷട്ടര്‍ ഞാനും താഴ്ത്തിയിട്ടു. നീട്ടിപ്പിടിച്ച തോക്കുകള്‍ക്ക് മുമ്പില്‍ നിരായുധനായി ചെറുചിരിയോടെ അയാള്‍ നിന്നു. _ ഞാനിതാ കീഴടങ്ങുന്നു. തോക്കുകള്‍ അയാളെ വളഞ്ഞു. ബോംബിനും കൈത്തോക്കിനുമായി അയാളുടെ ഉടലാകെ അവര്‍ പരതി. പോലീസുകാര്‍ നിരാശരായി. കിട്ടിയത് പത്ത് രൂപയും ഒരു പിച്ചാത്തിയും. തോക്കിന്റെ സ്ളിംഗ് അഴിച്ച് അയാളുടെ കൈരണ്ടും പുറകില്‍ കൂട്ടിക്കെട്ടി. ഓര്‍മകള്‍ കടന്നല്‍ കൂട്ടമായി രാമചന്ദ്രന്‍ നായരെ കുത്തുന്നു. മുഖത്തെ മാംസപേശികള്‍ വലിഞ്ഞു മുറുകി. _എന്റെ നാഴിക വന്നു. ഇന്ന് നിങ്ങളിലൊരാള്‍ എന്നെ വെടിവെക്കും.ഇരുളും മഞ്ഞയുമായി അവസാനത്തെ അത്താഴം വീണ്ടും ഉള്ളില്‍ നിറഞ്ഞു. _വെടിവെക്കുന്നതിന് മുമ്പ് ഒരു സൂചന തരണം. എനിക്കൊരു മുദ്രാവാക്യം വിളിക്കാനാണ്.
രാമചന്ദ്രന്‍നായര്‍ പറഞ്ഞു._നിങ്ങളെ വെടിവെക്കുന്ന നാണംകെട്ട പണി ഞങ്ങള്‍ ചെയ്യില്ല.രാമചന്ദ്രന്‍ നായര്‍ വിതുമ്പിത്തുടങ്ങി. ഞാന്‍ വിഷയം മാറ്റാന്‍ ശ്രമിച്ചു. _നിങ്ങള്‍ അയാളെ സ്നേഹിച്ചിരുന്നോ...? _അതെന്തൊരുചോദ്യം. ഞാന്‍ അയാളെ വെടിവെച്ചപ്പോള്‍ കെണ്ടത് എന്റെ നെഞ്ചത്തല്ലേ. ബന്ധനത്തിലായപ്പോള്‍ അയാളെ ചായകുടിപ്പിച്ചതും ബീഡി കത്തിച്ച് വായില്‍ വെച്ചു കൊടുത്തതും ഞാന്‍._ നിങ്ങള്‍ക്ക് തന്ന ചോറ് ഓഫീസര്‍ കാണാതെ കുഴച്ച് ഉരുളയാക്കി നിങ്ങള്‍ അയാളുടെ വായില്‍ വെച്ചുകൊടുത്തു. അതിനുശേഷം ഒരു ബീഡിയും.. ല്ലേ..?രാമചന്ദ്രന്‍ നായരുടെ കൊമ്പന്‍ മീശ പിടഞ്ഞു. കണ്ണുകള്‍ ചുവന്നു. _അവസാനം എന്താണുണ്ടായത്..?_ഞാന്‍ നാക്ക്കൊണ്ട് 'ശൂ' എന്നൊരു ശബ്ദമുണ്ടാക്കി. അത് അയാള്‍ക്കുള്ള സൂചനയായിരുന്നു._എന്നിട്ട്...?_സഖാവിന്റെ ഇടത്തേ നെഞ്ഞില്‍, കേശവന്‍ മൂസതിന്റെ കള്ളത്തോക്കിന്റെ ബാരല്‍ ഞാന്‍ അമര്‍ത്തി. സമയം.6.55. ഞാന്‍ നിറയൊഴിച്ചു. _ മാവോയിസ്റ്റ് ഐക്യം സിന്താബാദ്. വിപ്ളവം ജയിക്കട്ടെ. എന്റെ മുദ്രാവാക്യം കേട്ട് അപ്പോള്‍ രാമചന്ദ്രന്‍ നായര്‍ ഞെട്ടുകതന്നെ ചെയ്തു. _എല്ലാം നിങ്ങള്‍ക്ക് കൃത്യമായറിയാം!
ഞാന്‍ ആചെറുചിരി ചിരിച്ചു. ബനിയന്റെ കൈ ഒന്നുയര്‍ത്തി വലിച്ചിട്ടു. ട്രൌസര്‍ മേലോട്ട് കയറ്റി. ഞാന്‍ ചോദിച്ചു: സഖാവിന് എന്നെ ഓര്‍മയില്ലേ...? നല്ലോണം നോക്ക്. വിസ്മയത്തിന്റെ കണ്ണുകള്‍ തുറന്ന് അയാള്‍ ആദ്യം തുറിച്ചുനോക്കി. പിന്നെ കെട്ടിപ്പിടിച്ച് വിതുമ്പി. _സഖാവെ, അന്നത് ചെയ്തില്ലെങ്കില്‍ ഇന്നിത് പറയാന്‍ ഞാന്‍ ജീവിച്ചിരിക്കില്ലായിരുന്നു.
ഇത് ലക്ഷ്മണ. വേട്ടകളുടെ ഓര്‍മക്കായി ചുമരില്‍ പുലിത്തോലും മാന്‍തലയും. സാന്റെ ബനിയന്റെ നെഞ്ഞില്‍ നക്ഷത്രങ്ങള്‍.ലക്ഷ്മണ പറഞ്ഞ: ഒരാളുടെ മൌനം കുറ്റമോ കുറ്റസമ്മതമൊ ആയിക്കൊള്ളണമെന്നില്ല. ഞാന്‍ കേമറക്കണ്ണ് തുറന്നു. അയാളുടെ ഇടതു നെഞ്ഞിലേക്ക് കേമറ ചൂണ്ടി. തോക്കുകള്‍ക്ക് മുമ്പില്‍ അന്ന് സഖാവും ഇതു പോലെ നിരായുധനായിരുന്നു. ഞാനൊരു ദലിത്, ലക്ഷ്മണ പറഞ്ഞു: ഞങ്ങളുടെ പിതാമഹന്മാരെ കൊണ്ട് ശവം എടുപ്പിച്ചു അവര്‍. ഇപ്പോള്‍ എന്നെക്കൊണ്ട് അനാഥ പ്രേതങ്ങളെയും. ലക്ഷ്മണയുടെ ഇടതു നെഞ്ഞിലേക്ക് ലെന്‍സ് തിരിച്ച് ഉന്നമുറപ്പിച്ചു. ലെന്‍സില്‍ കണ്ടത് നക്ഷത്രങ്ങള്‍. തിരുപ്പിറവിക്കും അടയാളമായി ഒരു നക്ഷത്രമുണ്ടായിരുന്നു. തിരുമരണത്തിനും അടയാളം നക്ഷത്രങ്ങളോ...? എത്രമരണങ്ങള്‍...അമര്‍ഷത്തിന്റെ ഒരു പിടച്ചില്‍. ഉള്ളിലിരുന്ന് ഞാന്‍ നിലവിളിച്ചു. ...ഷൂട്ട്...ഷൂട്ട്...ഞാന്‍ ചോദിച്ചു: അയാളെ വെടിവെക്കാന്‍ ഉത്തരവിട്ടത് താങ്കളല്ലേ...?അപ്പോള്‍ നക്ഷത്രങ്ങള്‍ വിറച്ചു. പുലിത്തോലും മാന്‍തലയും ഇളകി. _നിങ്ങള്‍ക്കെന്തറിയാം. സ്വന്തം നെഞ്ഞിലേക്ക് നിറയൊഴിക്കാന്‍ ഞാന്‍ ഉത്തരവിടുമോ?തുറന്നിട്ട ജനവാതിലുകളില്‍ വയനാടന്‍ കാറ്റ് ഭ്രാന്തമായി അലറി. വെടിപൊട്ടുന്ന ശബ്ദത്തില്‍ പാളികള്‍ തുറന്നടഞ്ഞു. ചോമന്‍ പറഞ്ഞു: ഇവരിന്നും തന്തയില്ലാത്ത മക്കള്‍. അവിവാഹിതരായ അമ്മമാര്‍. ശവംമൂടാന്‍ മണ്ണില്ലാത്ത...ഒരുമുടിപ്പിന്‍ വളവിന്റെ മന്ദഗതിയില്‍ ബസിന്റെ ഷട്ടര്‍ ആരോ തുറന്നു. കോടക്കാറ്റ് തുളഞ്ഞു കയറി. ഞാന്‍ വിറച്ചു. ഷട്ടര്‍ താഴ്ത്ത്...ഈ ഓര്‍മകള്‍ വിലപ്പെട്ടതാണ്. അതിലൊന്നു പോലും തണുത്തു പോകരുത്.
പൊറ്റമ്മലെ ബുക്സ്റ്റാളിലിരുന്ന് മീശവാസു പറഞ്ഞു: ആരുപറഞ്ഞു ഈ നുണകളൊക്കെ. ഞാന്‍ അവന്റെ ചങ്ങാതിയല്ല. അവന്‍തന്നെ. വാസുവിന്റെ കൊമ്പന്‍ മീശ കൊഴിഞ്ഞു. അവിടെ കിളരം കൂടിയ യുവാവിന്റെ അതേ ചിരി!
_1977 ഫെബ്രുവരി 17 രാത്രി. കുട്ടന്‍ മൂസതിന്റെ അമ്മ വിളമ്പിത്തന്ന അത്താഴം കഴിച്ചാണ് ശിവരാമന്നായരുടെ വീട്ടിലെത്തിയത്. എന്നെ അകത്താക്കി, വാതില്‍ പുറത്തു നിന്ന് പൂട്ടി അയാള്‍ പോയി. ഒരു വിപ്ലവകാരിയുടെ സഹോദരനെ അവിശ്വസിക്കാത്തത് എന്റെ വീഴ്ച. അന്നായര് അന്നെന്നെ ഒറ്റിക്കൊടുത്തു... മുപ്പത് വെള്ളിക്കാശിന്...
ചുരത്തിനു കുറുകെ മറിഞ്ഞു കിടന്ന ഒരു ലോറിക്കു മുന്നിലും പിന്നിലുമായി വാഹനങ്ങള്‍ ഗതിമുറിഞ്ഞ് നിന്നു. കോടവീണ് ചില്ലുകള്‍ മൂടി. ഷട്ടര്‍ ഉയര്‍ത്തിയപ്പോള്‍ നൂറായിരം മുള്ളാണികള്‍ തറഞ്ഞു. ചുറ്റും ഇരുളിന്റെ മഹാഗര്‍ത്തം. കാടിന്റെ വന്യമായ ഒച്ചകള്‍.
ലക്കിടിയിലെ ചങങ്ങല മരത്തില്‍ അവനിന്നും ബന്ധിതന്‍. വയനാടന്‍ ചുരത്തിന്റെ ആദിമ വഴികാട്ടി. വഴികിട്ടിയപ്പോള്‍ വെള്ളക്കാര്‍ വഴികാട്ടിയെ വെടിവെച്ച് കൊന്നു. കാടിന്റെ കാണാമറയത്തു നിന്ന് ഇരുളും കോടയുമായി അവന്‍ ഇറങ്ങി വന്നു. ചുരത്തിലെത്തിയ വാഹനങ്ങള്‍ അടികാണാത്ത ഇരുള്‍ കൊല്ലിയിലേക്ക് വലിച്ചെറിഞ്ഞു. വെള്ളക്കാര്‍ മൂപ്പന്റെ സഹായം യാചിച്ചു. അവസാനം പകയുടെ പണിയനെ മൂപ്പരും പണിയരും ചേര്‍ന്ന് മരത്തില്‍ തളച്ചു. എങ്കിലും കത്തുന്ന രണ്ട് കണ്ണുകള്‍ ഈ കാടുകളിലെല്ലാം ഇരുളും കോടയുമായി അലഞ്ഞുനടക്കുന്നു. പകയുടെ കണ്ണുകള്‍ക്കായി ഇരുളില്‍ ഞാന്‍ തിരഞ്ഞു.
കരഞ്ഞുവിളിച്ചും ശപിച്ചും കൊണ്ട് യൂദാ കടന്നു വന്നു. ആ മുപ്പത് വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും മുമ്പില്‍ വെച്ച,് കുറ്റമില്ലാത്ത രക്തത്തെ കാണിച്ചു കൊടുത്തതിനാല്‍ പാപം ചെയ്തു എന്ന് പറഞ്ഞ്, മന്ദിരത്തിലേക്ക് വലിച്ചെറിഞ്ഞ് ചെന്ന് കെട്ടിഞാന്ന് ചത്തുകളഞ്ഞു.കേശവന്‍നായരുടെ തൂങ്ങി മരിച്ച ശരീരം ഉള്ളില്‍ കിടന്നാടി. നാവുനീട്ടി, കണ്ണ് തുറിച്ച്, തുടകള്‍ മാന്തിപ്പൊളിച്ച്....ലോറി ചെരിച്ചിട്ടപ്പോള്‍ കിട്ടിയ ഇത്തിരി നിരത്തിലൂടെ വാഹനങ്ങള്‍ യാത്ര തുടര്‍ന്നു. അവസാനത്തെ ഷട്ടര്‍ ഞാന്‍ വീണ്ടും താഴ്ത്തി. കത്തുന്ന രണ്ട് കണ്ണുകള്‍ കാണാതെ. പള്ളിക്കാര്‍ അവരോട് പറഞ്ഞു:ദൈവത്തിന്റെ സെമിത്തേരിയില്‍ അവന് ഇടമില്ല. തെമ്മാടിക്കുഴിയില്‍ കുഴിച്ചുമൂട്. തെമ്മാടിക്കുഴിക്കു മുകളില്‍ ചിതറിയ കാട്ടുപൂക്കളില്‍ ആദിവാസിയുടെ കണ്ണീര്വീണു. അത് ആവിയായി, മഞ്ഞായി, കോടയായികുന്നുകളെ വിഴുങ്ങുന്നു. പുരോഹിതന്‍ ലൂക്കോസിന്റെ സുവിശേഷം വായിച്ചു: ന്യായശാസ്ത്രിമാരായ നിങ്ങള്‍ക്ക് അയ്യോ കഷ്ടം! നിങ്ങള്‍ പരിജ്ഞാനത്തിന്റെ താക്കോല്‍ എടുത്തു കളഞ്ഞു. നിങ്ങള്‍ തന്നെ കടന്നില്ല. കടക്കുന്നവരെ തടുത്തും കളഞ്ഞു. പുസ്തകം അടച്ചുവെച്ച് പുരോഹിതന്‍ പറഞ്ഞു: അവന്‍ മോഷ്ടിച്ചെങ്കില്‍ അത് അടിമക്ക് സ്വാതന്ത്യ്രമായി. ചളിയില്‍ പുതഞ്ഞവര്‍ക്ക് ആത്മാവായി. അവന അടിമകളുടെ പെരുമന്‍....ബ്രഹ്മഗിരിയിലും കമ്പമലയിലും പഴയ ഒളിത്താവളങ്ങളില്‍ ഇപ്പോള്‍ കാട് അതിന്റെ വന്യതയില്‍ വളരുകയാവും. അവര്‍ അഭയം തേടിയ മരച്ചോടുകളില്‍ പാമ്പുകളും കുറുനരികളും അലയുന്നുണ്ടാകും. അവന്‍ ഉയിര്‍ക്കപ്പെട്ടില്ലെങ്കിലും ഓര്‍മകള്‍ ഉയിര്‍ക്കപ്പെട്ടുകൊണ്ടേയിരിക്കും. അവസാനത്തെ മുടിപ്പിന്‍ വളവും കടന്ന് ബസ് അടിവാരം വിട്ടിരിക്കുന്നു. ഇനികോടക്കാറ്റും അവസാനത്തെ അത്താഴവുമില്ല.
കനവില്‍ മരച്ചോട്ടിലയിരുന്ന് മോളൂട്ടിയും കൂട്ടരും പാടി: തുവര് മഴേ...തുവര് മഴേ...
ഷട്ടറുകള്‍ ഇനി തുറന്നിടാം.
ഓര്‍മകള്‍ ഉയിര്‍ക്കപ്പെട്ടുകൊണ്ടേയിരിക്കും.
ReplyDeleteഇക്കയുടെ പഴയ കഥകളോര്മ്മയിലേക്കു വരുന്നു. മനസ്സിന്റെ ഷട്ടറുകള് തുറന്നിട്ട് വായിച്ചു.
തലപ്പാവ് എന്ന സിനിമയുടെ വാണിമേല്‍ കാഴ്ച...ഒര കഥ തന്നെ ആയത് കൊണ്ടായിരിക്കാം പുതുമ തോന്നിയില്ല ..താങ്കളുടെ രചന വൈദഗ്ദ്യം മാത്രമാണ് ഈ കഥയുടെ ചന്തം!!!!
ReplyDeleteവായനയുടെ വേറൊരു തലത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി...
ReplyDeleteകഥയ്ക്കും യാഥാർത്ഥ്യങ്ങൾക്കുമിടയിലേക്ക് വായനക്കാരനെ കൊണ്ടെത്തിക്കുന്ന കഥ. പുതുമയുള്ള അവതരണം.
ReplyDeleteവളരെ നന്നായി .
ReplyDelete