Saturday, January 21, 2012

മാറാട്: സി.ബി.ഐ അന്വേഷണത്തിന് മുഖ്യമന്ത്രിയെ ഉപദേശിച്ചിരുന്നു -മുന്‍ ഡി.ജി.പി




കോഴിക്കോട്: രണ്ടാം മാറാട് കലാപത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സി.ബി.ഐയെക്കൊണ്ട് പ്രത്യേകം അന്വേഷിപ്പിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി എ.കെ. ആന്‍റണിയെ ഉപദേശിച്ചിരുന്നതായി അന്നത്തെ ഡി.ജി.പി കെ.ജെ. ജോസഫ്. ആന്‍റണിക്ക് താല്‍പര്യമുണ്ടായിരുന്നെങ്കിലും യു.ഡി.എഫ് മന്ത്രിസഭയിലെ ചിലരുടെ കടുത്ത സമ്മര്‍ദംമൂലം സി.ബി.ഐ അന്വേഷണം അട്ടിമറിക്കപ്പെട്ടു. ‘മാധ്യമ’ത്തിനു നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍, രണ്ടാം മാറാട് കലാപസമയത്ത് സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ജോസഫ് പറഞ്ഞു.
2003 മേയില്‍ നടന്ന രണ്ടാംമാറാട് കലാപം സംബന്ധിച്ച് കോഴിക്കോട് സിറ്റി പൊലീസ് കമീഷണറില്‍നിന്ന് അപ്പപ്പോള്‍ വിവരം ലഭിച്ചിരുന്നു. അത്യാവശ്യ കാര്യങ്ങള്‍ ഞാന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. മൊത്തം കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന അഭിപ്രായം പലരില്‍നിന്നുമുണ്ടായി. കൊലപാതകം, അക്രമം സംബന്ധിച്ച കേസുകള്‍ കേരള പൊലീസ് തന്നെ അന്വേഷിച്ചാല്‍ മതിയെന്ന് ഞാന്‍ ശഠിച്ചു. ഈ കേസില്‍ പ്രതികളെ അറസ്റ്റുചെയ്ത് മാറാട് സമാധാനാന്തരീക്ഷം കൊണ്ടുവരാന്‍ കേരള പൊലീസ്  മതിയാവുമെന്നും മുഖ്യമന്ത്രിയോടു പറഞ്ഞു. എന്നാല്‍, രണ്ടാം മാറാടിനുപിന്നിലെ ഗൂഢാലോചന സി.ബി.ഐക്ക് വിടുന്നതാണ് ഉചിതമെന്നും മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
രണ്ടാം മാറാട് കലാപം ആസൂത്രിതമാണെന്ന് പൊലീസ് ഇന്‍റലിജന്‍സ് അറിയിച്ചിരുന്നു. വിദേശബന്ധത്തെക്കുറിച്ചും സംശയങ്ങള്‍ ഉയര്‍ത്തി. ആ നിലക്കാണ് അക്രമവും ഗൂഢാലോചനയും രണ്ടായി അന്വേഷിക്കണമെന്നും ഗൂഢാലോചന കേന്ദ്ര ഏജന്‍സിക്ക് വിടണമെന്നും മുഖ്യമന്ത്രിയെ ഉപദേശിച്ചത്. അദ്ദേഹത്തിന് താല്‍പര്യമുണ്ടായിരുന്നു. പക്ഷേ, കനത്ത സമ്മര്‍ദംമൂലം തീരുമാനമെടുക്കാനായില്ല. അദ്ദേഹം പലരോടും നിസ്സഹായത പ്രകടിപ്പിച്ചത് ഞാനോര്‍ക്കുന്നു. മാറാട് അക്രമകേസില്‍ അറസ്റ്റും ആയുധം പിടികൂടലും മറ്റും ദ്രുതഗതിയില്‍ നടന്നു,  2003 മേയ് 31ന് ഞാന്‍ റിട്ടയറുമായി.
പിന്നീടുവന്ന ഇടതുസര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് ശ്രമിച്ച വിവരം പത്രത്തില്‍ വായിച്ചു. അന്നും ആരൊക്കെയോ എതിര്‍ത്തല്ളോ. എതിര്‍പ്പിന് കാരണം കണ്ടെത്താന്‍, മനസ്സുവച്ചാല്‍ കേരള പൊലീസിനു കഴിയും. ഇടപെടല്‍ അനുവദിക്കാന്‍ പാടില്ല. ഞാനത് അനുവദിച്ചിരുന്നില്ല. ഇനി ആയാലും സി.ബി.ഐ അന്വേഷിക്കട്ടെ, ഗൂഢാലോചന പുറത്തുവരേണ്ടേ -ജോസഫ് വ്യക്തമാക്കി. കണ്ണൂര്‍, പരിയാരം മെഡിക്കല്‍ കോളജിനടുത്ത ‘വിശ്രാന്തി’യില്‍ വിശ്രമജീവിതം നയിക്കുകയാണ് ദൃഢനിശ്ചയത്തിന് ഉടമയായി അറിയപ്പെടുന്ന ഈ മുന്‍ ഡി.ജി.പി.




MADHYAMAM DAILY 22.01.12



No comments:

Post a Comment