Tuesday, December 13, 2011

സംഭവിക്കേണ്ടത് സമാധാനത്തിന്‍െറ ആഗോളീകരണം

സംഭവിക്കേണ്ടത് സമാധാനത്തിന്‍െറ ആഗോളീകരണം


സംഭവിക്കേണ്ടത് സമാധാനത്തിന്‍െറ ആഗോളീകരണം
കരുണാവാരിധിയും കൃപാനിധിയുമായ ദൈവത്തിന്‍െറ നാമത്തില്‍. സമാദരണീയരായ രാഷ്ട്രനേതാക്കളേ, പുരസ്കാരസമിതി അംഗങ്ങളേ, സ്വാതന്ത്ര്യവും മാറ്റവും സൃഷ്ടിച്ചുകൊണ്ട് അറബ്വസന്തം സാക്ഷാത്കരിച്ച യുവവിപ്ളവകാരികളേ, ലോകത്തെങ്ങുമുള്ള സ്വതന്ത്രരായ മനുഷ്യസമൂഹങ്ങളേ, നിങ്ങള്‍ സര്‍വരിലും സമാധാനവും ദിവ്യകാരുണ്യവും വര്‍ഷിക്കുമാറാകട്ടെ.
പ്രസിഡന്‍റ് എലന്‍ ജോണ്‍സണ്‍ സര്‍ലീഫ്, ലിമബോവി എന്നീ സമാധാന പ്രവര്‍ത്തകര്‍ക്കൊപ്പം ഈ അന്താരാഷ്ട്ര ബഹുമതി സമ്മാനിച്ചതില്‍ എനിക്കുള്ള നന്ദി സന്തോഷപൂര്‍വം ഇവിടെ രേഖപ്പെടുത്തട്ടെ. ഈ അവാര്‍ഡിന്‍െറ ധാര്‍മികവും മാനവികവുമായ വിവക്ഷ അത്യുജ്വലമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. വ്യക്തിപരമായി ഇത് എനിക്കുള്ള ആദരവായിരിക്കെ ഈ പുരസ്കാരം എന്‍െറ മാതൃദേശമായ യമനും അറബ് വനിതകള്‍ക്കും ലോകത്തെ മുഴുവന്‍ സ്ത്രീസമൂഹത്തിനും സ്വാതന്ത്ര്യം അഭിലഷിക്കുന്ന ഓരോ മനുഷ്യനുമുള്ള ബഹുമതി കൂടിയാണെന്ന് ഞാന്‍ കരുതുന്നു. യമന്‍ ജനതയെയും, മര്‍ദകവാഴ്ചക്കും അഴിമതിക്കുമെതിരെ രാഷ്ട്രീയ വിവേകത്തോടെ ധീരവും സമാധാനപരവുമായി പൊരുതുന്ന അറബ് യുവജനങ്ങളെയും പ്രതിനിധാനംചെയ്തുകൊണ്ട് ഞാന്‍ ഈ പുരസ്കാരം സ്വീകരിക്കുന്നു.
സമാധാനം പുലരുകയും യുദ്ധങ്ങള്‍ തിരോഭവിക്കുകയും ചെയ്യുന്ന ഒരു ലോകത്തെയായിരുന്നു ആല്‍ഫ്രഡ് നൊബേല്‍ സ്വപ്നംകണ്ടിരുന്നത്. ഈ സ്വപ്നം ഇനിയും സാക്ഷാത്കരിക്കപ്പെട്ടിട്ടില്ല. എന്നാല്‍, ആ പ്രത്യാശ ഇപ്പോള്‍ കൂടുതല്‍ ശക്തിപ്പെട്ടുവരുകയാണ്. അത് സാക്ഷാത്കരിക്കുന്നതിനുള്ള പരിശ്രമങ്ങളും ഊര്‍ജിതപ്പെട്ടുകൊണ്ടിരിക്കുന്നു. നൊബേല്‍ പുരസ്കാരം ജ്വലിപ്പിക്കുന്നതും അതേ പ്രതീക്ഷയുടെ തിരിനാളത്തെ തന്നെയാണ്. അവകാശം, നീതി, സ്വാതന്ത്ര്യം എന്നിവക്കുവേണ്ടിയുള്ള സമാധാനപരമായ സമരത്തിന്‍െറ മൂല്യങ്ങളെയാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടായി നൊബേല്‍ പുരസ്കാരം ഉയര്‍ത്തിപ്പിടിക്കുന്നത്. മഹാകെടുതികള്‍ സമ്മാനിക്കുന്ന യുദ്ധങ്ങളും ഹിംസയും എത്രമാത്രം തെറ്റാണെന്നതിനുള്ള തെളിവുകൂടിയാണ് ഈ ബഹുമതിദാനം.
അടിച്ചമര്‍ത്തലിനെയും അതിക്രമങ്ങളെയും അതേ നാണയത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെയല്ല തിരിച്ചടിക്കേണ്ടതെന്ന് ഞാന്‍ വിശ്വസിക്കുന്നു. സ്ത്രീപുരുഷന്മാരുടെ ഐക്യത്തോടെയുള്ള പരിശ്രമങ്ങളുടെ ഫലശ്രുതിയാണ് മാനവസംസ്കാരം. സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നിടത്ത് സാമൂഹിക പ്രശ്നങ്ങള്‍ ഉദ്ഭവിക്കുന്നു. ഒടുവില്‍ ആണും പെണ്ണും ഉള്‍പ്പെടുന്ന സമൂഹത്തിന് മൊത്തം ദോഷകരമായ പരിണതിയിലാണ് അത് കലാശിക്കുക. സ്വതന്ത്ര ജനാധിപത്യ സമൂഹത്തില്‍ മാത്രമേ സ്ത്രീ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയൂ. സംസ്കാരത്തെ മാനവസംസ്കാരം എന്നാണ് നാം വിളിക്കാറ്. പുരുഷന്‍േറത്, സ്ത്രീയുടേത് എന്നിങ്ങനെ അതിനെ വിഭജിക്കുന്നില്ല.
1901ല്‍ ആദ്യമായി നൊബേല്‍ സമ്മാനം പ്രഖ്യാപിക്കപ്പെട്ടതിനുശേഷം യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലുമായി ജനലക്ഷങ്ങള്‍ വധിക്കപ്പെടുകയുണ്ടായി. വിവേകവും ധൈര്യവും ഉണ്ടായിരുന്നുവെങ്കില്‍ ഈ ജീവഹത്യകള്‍ ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു. പ്രവാചകന്മാരുടെയും ദിവ്യവെളിപാടുകളുടെയും ഭൂമിയായ അറബ്ദേശങ്ങളിലും ഇത്തരം കുരുതികള്‍ സംഭവിക്കുകയുണ്ടായി. നിങ്ങള്‍ ആരെയും വധിക്കരുതെന്ന് തൗറ ഉദ്ബോധിപ്പിക്കുകയുണ്ടായി. സമാധാനത്തിനുവേണ്ടി നിലകൊള്ളുന്നവര്‍ ഭാഗ്യവാന്മാര്‍ എന്നാണ് ബൈബ്ള്‍ നല്‍കുന്ന വിശേഷണം. ‘അന്യായമായി ഒരാളെ വധിക്കുന്നത് മുഴുവന്‍ മാനവരാശിയെയും വധിക്കുന്നതിന് തുല്യമായ പാതകമാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു.
ശാസ്ത്രനേട്ടങ്ങള്‍ക്കിടയിലും മാനവചരിത്രം രക്തപങ്കിലമായി തുടരുന്നു. പുരാതന ചരിത്രകാലത്ത് രാജാക്കന്മാരുടെ ഉത്ഥാനപതന പേരുകളില്‍ നിരവധി മനുഷ്യര്‍ കുരുതി കഴിക്കപ്പെട്ടു. അതേ കഥ ആധുനികകാലത്തും ആവര്‍ത്തിക്കപ്പെടുന്നു. വര്‍ത്തമാന കാലഘട്ടത്തില്‍ സമാധാനാഹ്വാനങ്ങള്‍ അട്ടിമറിക്കപ്പെടുന്നു. ശാന്തിക്കുവേണ്ടിയുള്ള മുറവിളികള്‍ പോര്‍വിമാനങ്ങളുടെയും റോക്കറ്റുകളുടെയും ബോംബുകളുടെയും ഇരമ്പലുകളില്‍ മുങ്ങിയൊടുങ്ങുന്നു. സമകാലിക ലോകജനത, അനുഭവപാഠങ്ങള്‍ ഉള്‍ക്കൊണ്ട് വിദഗ്ധരാല്‍ നിര്‍വചിക്കപ്പെട്ട പുതിയൊരു ലോകത്തിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്. സ്വാതന്ത്ര്യം, സത്യം, നീതി, സമാധാനം, സഹവര്‍ത്തിത്വം, സഹകരണം എന്നിവ ഉറപ്പുനല്‍കുന്ന ഒരു ആഗോളീകൃത ലോകത്തേക്കായിരിക്കണം ഈ മുന്നേറ്റം. മനുഷ്യരെ മനുഷ്യര്‍ അടിമകളാക്കാത്ത, മനുഷ്യാന്തസ്സില്‍ ഊന്നുന്ന നിയമങ്ങള്‍ നടപ്പാകുന്ന പുതിയൊരു ലോകമായിരിക്കണം അത്. അടിച്ചമര്‍ത്തല്‍, വിവേചന-നീതിരാഹിത്യനയങ്ങള്‍ തിരോഭവിക്കുന്ന ലോകം. പരസ്പരം സ്വീകരിക്കുന്ന, സഹിഷ്ണുതയുടെയും സഹകരണത്തിന്‍െറയും ലോകം. അധികാരവും ആധിപത്യവും അന്യമനുഷ്യര്‍ക്കും അന്യദേശങ്ങള്‍ക്കുമെതിരെ തേര്‍വാഴ്ച നടത്താത്ത ലോകം. സ്വാതന്ത്ര്യവും അന്തസ്സും ആധിപത്യക്കോയ്മകള്‍ കവര്‍ന്നെടുക്കുന്ന വ്യവസ്ഥ എന്നെന്നേക്കുമായി തിരോഭവിക്കുന്ന ലോകം. കണക്കില്‍ കവിഞ്ഞ് സ്വപ്നം കാണുകയാണോ ഞാന്‍?
അടിച്ചമര്‍ത്തലും ഭീതിയും മനുഷ്യക്കുരുതികളും ദുരന്തങ്ങളും മര്‍ദനങ്ങളും നിറഞ്ഞ ഇരുണ്ട ചരിത്രത്തില്‍നിന്ന് വിമുക്തമായ, സ്നേഹവും സാഹോദര്യവും പുലരുന്ന ഭാസുരമായ പുതിയൊരു ഭാവിയുടെ അരുണോദയത്തിന്‍െറ കിരണങ്ങള്‍ എനിക്ക് ചക്രവാളസീമയില്‍ ദര്‍ശിക്കാന്‍ കഴിയുന്നുണ്ട്. യുദ്ധങ്ങളുടെ അന്ത്യം എന്നതുമാത്രമല്ല സമാധാനം. അത് അനീതിയുടെയും അടിച്ചമര്‍ത്തലിന്‍െറയും കൂടി അന്ത്യമാണ്. സമാധാനപരമായി മാര്‍ച്ച് നടത്തുന്ന അറബ്യുവജനങ്ങള്‍ക്കുനേരെ അധികാരശക്തികള്‍ മരണയന്ത്രങ്ങള്‍ പ്രയോഗിക്കുന്നത് കണ്ടുനില്‍ക്കാന്‍ ലോകമനസ്സാക്ഷിക്ക് സാധ്യമല്ല. അതിനാല്‍, സമാധാനപരമായ ഈ സമരാവേശം ലോകത്തിന്‍െറ പിന്തുണ അര്‍ഹിക്കുന്നു-നൊബേല്‍ സമാധാന സമ്മാനത്തിന്‍െറ ആത്മാവിന് നിരക്കുന്ന പിന്തുണ. നിങ്ങള്‍ അത്തരമൊരു പിന്തുണ നല്‍കുന്നപക്ഷം അടിച്ചമര്‍ത്തലിന്‍െറയും യുദ്ധത്തിന്‍െറയും ആയുധങ്ങളേക്കാള്‍ മൂര്‍ച്ചയുണ്ട് ഈ സമാധാന സമരങ്ങള്‍ക്ക് എന്ന് ഞങ്ങള്‍ തെളിയിക്കാം.
തുനീഷ്യ, ഈജിപ്ത്, ലിബിയ, യമന്‍, സിറിയ തുടങ്ങിയ ദേശങ്ങളില്‍ അറബ്വസന്തം അചിന്ത്യവും വിസ്മയകരവുമായ മാറ്റങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. കിഴക്കന്‍ യൂറോപ്പിലെ സോവിയറ്റ് ചേരി രാജ്യങ്ങളില്‍ 90കളില്‍ സംഭവിച്ച പരിവര്‍ത്തനങ്ങളുമായി നമുക്ക് ഇതിനെ തുലനംചെയ്യാം.
അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും മര്‍ദിതര്‍ക്കുമൊപ്പം നിലയുറപ്പിക്കണമെന്ന സന്ദേശമാണ് സര്‍വപ്രത്യയശാസ്ത്രങ്ങളും വിശ്വസനീയമായ സംഹിതങ്ങളും മതങ്ങളും ചാര്‍ട്ടറുകളും മാനവരാശിയോട് ആവശ്യപ്പെടുന്നത്. സ്വാതന്ത്ര്യത്തിനും സമാധാനത്തിനും ജനാധിപത്യത്തിനും വേണ്ടി ഉണര്‍ന്നെഴുന്നേറ്റ യമന്‍ ജനതക്ക് മുഴുവന്‍ ലോകത്തിന്‍െറയും പിന്തുണയാണ് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നത്. ‘ഉമ്മമാര്‍ സ്വതന്ത്ര ജന്മങ്ങളായി പ്രസവിച്ച വ്യക്തികളെ നിങ്ങള്‍ എങ്ങനെയാണ് അടിമകളാക്കി മാറ്റുന്നത്’ എന്ന ഖലീഫ ഉമറിന്‍െറ ചോദ്യത്തിന്‍െറ പൊരുള്‍ ഉള്‍ക്കൊണ്ടിരിക്കുകയാണ് യമന്‍ ജനത.
സന്‍ആയിലെ മാറ്റചത്വരത്തിലെ സമരപ്പന്തലിലിരുന്നാണ് ഞാന്‍ നൊബേല്‍ പുരസ്കാര വാര്‍ത്ത ശ്രവിച്ചത്. പുരസ്കാരലബ്ധിയില്‍ ആഹ്ളാദപ്രകടനം നടത്താന്‍ ഞങ്ങള്‍ക്കപ്പോള്‍ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. എന്നാല്‍, ഞങ്ങള്‍ ചരിത്രത്തിന്‍െറ നേര്‍ദിശയില്‍ തന്നെയായിരുന്നു സഞ്ചരിച്ചത്. ഏകാധിപതിയായ അലി അബ്ദുല്ല സ്വാലിഹ് ജനങ്ങളെ മര്‍ദിച്ചൊതുക്കാന്‍ വേണ്ടുവോളം ആയുധങ്ങള്‍ സംഭരിക്കുകയുണ്ടായി. ഞങ്ങള്‍ കൈകളില്‍ പൂക്കളും ഹൃദയത്തില്‍ സ്വാതന്ത്ര്യവാഞ്ഛയുമായാണ് ആ മര്‍ദക സംവിധാനത്തിനെതിരെ തെരുവീഥികളില്‍ എത്തിയത്. അടിച്ചമര്‍ത്തലും അഴിമതിയും അവസാനിപ്പിച്ച് ജനാധിപത്യവും സ്വാതന്ത്ര്യവും നിയമവാഴ്ചയും സ്ഥാപിക്കാനായിരുന്നു യമന്‍ ജനത സമരഭൂമിയിലേക്കിറങ്ങിത്തിരിച്ചത്. തീര്‍ത്തും സമാധാനപരമായ സമരം. അറബ്വസന്തം സംഭവിച്ച ഇതരരാജ്യങ്ങളില്‍നിന്ന് ഒറ്റപ്പെട്ടതായിരുന്നില്ല ഈ സമരം. ദൗര്‍ഭാഗ്യകരമെന്നു പറയാം ഇതര ദേശങ്ങളിലെ പ്രക്ഷോഭങ്ങള്‍ക്ക് ലഭിച്ച പിന്തുണയും അനുഭാവവും ലോകം ഞങ്ങളോട് കാണിച്ചില്ല. ദുഃഖകരമെന്നു പറയട്ടെ ഈ വിവേചനം അനീതിയായിരുന്നു. ഈ വികലസമീപനം ലോകമനഃസാക്ഷിയെ ഇപ്പോള്‍ അസ്വസ്ഥമാക്കുന്നുണ്ടാകണം.
വിശിഷ്ടമിത്രങ്ങളേ, മഹത്തായ ത്യാഗങ്ങളും ബലികളുമാണ് യമന്‍ ജനത ഈ പ്രക്ഷോഭവേളയില്‍ കാഴ്ചവെച്ചത്. അധികാരികള്‍ സര്‍വസന്നാഹങ്ങളും ഉപയോഗിച്ച് ഞങ്ങളെ നേരിടുകയുണ്ടായി. ജനങ്ങളെ കൊന്നുതള്ളുകയും ചെയ്തു. എന്നിരുന്നാലും പ്രക്ഷോഭത്തിന്‍െറ സമാധാനപരമായ രീതിയാണ് ഞങ്ങള്‍ നിരന്തരം അവലംബിച്ചത്. ആ സമാധാനപൂര്‍ണമായ രീതിയില്‍നിന്ന് ഞങ്ങള്‍ വ്യതിചലിക്കില്ളെന്ന് വിപ്ളവകാരികളുടെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുതരുന്നു.
യമന്‍ വിപ്ളവം പൂര്‍ത്തീകരിക്കുന്നതോടെ ഏകാധിപതിയുടെയും സില്‍ബന്ധികളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ പരിഷ്കൃത നാഗരികലോകം തയാറാകണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തും ഭക്ഷണവും അപഹരിച്ച അധികാരികളെയും സുരക്ഷാമേധാവികളെയും ഇതര ഘാതകരെയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി നീതിപൂര്‍വകമായി വിസ്തരിക്കണമെന്നും അഭ്യര്‍ഥിക്കുന്നു.
ജനാധിപത്യത്തിന്‍െറ ഉത്കൃഷ്ടത, സല്‍ഭരണത്തിന്‍െറ മേന്മ എന്നിവ ഞങ്ങള്‍ക്ക് പഠിപ്പിച്ചുതന്നത് ജനാധിപത്യലോകം തന്നെയാണ്. എന്നാല്‍, യമനിലും സിറിയയിലും അരങ്ങേറുന്ന സംഭവങ്ങളെ സംബന്ധിച്ച് അവര്‍ ഒരിക്കലും ഉദാസീനത പ്രകടിപ്പിക്കാന്‍ പാടില്ളെന്നാണ് അവരോട് ഞങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ളത്. അറബ്രാജ്യങ്ങളിലെയും അറബിതര രാജ്യങ്ങിലെയും സ്വാതന്ത്ര്യവാഞ്ഛയെ നിങ്ങള്‍ നിസ്സംഗമായി വീക്ഷിക്കരുത്. ജനാധിപത്യം പിറവികൊള്ളുമ്പോള്‍ അനുഭവപ്പെടുന്ന നോവുകള്‍ക്ക് നിങ്ങള്‍ സാന്ത്വനം പകരണം. ഭയപ്പെടുത്തലും താക്കീതുകളുമല്ല അവക്ക് വേണ്ടത്. മാന്യമിത്രങ്ങളേ, സമാധാനത്തിന്‍െറ പ്രത്യാശ എന്നും മാനവരാശിയോടൊപ്പം ശേഷിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഭാസുരമായ ഭാവിയെക്കുറിച്ചുള്ള പ്രത്യാശയാണ് ഉത്കൃഷ്ട വചനങ്ങള്‍ ഉരുവിടാനും ഉത്കൃഷ്ടകര്‍മങ്ങള്‍ അനുഷ്ഠിക്കാനും നമുക്ക് പ്രേരണയരുളുന്നത്. മാനവസമ്പൂര്‍ണതയുടെ ലോകം സ്ഥാപിക്കാന്‍ നമുക്ക് ഒറ്റക്കെട്ടായി പരിശ്രമിക്കാം.
പുരസ്കാരദാനത്തിന്‍െറ ആരും കൊതിച്ചുപോകുന്ന നിമിഷമാണിതെന്ന് ഞാന്‍ കരുതുന്നു. ഈ മുഹൂര്‍ത്തത്തില്‍ ആയിരക്കണക്കിന് അവകാശപോരാട്ട ഭൂമിയിലിറങ്ങിയ അറബ് വനിതകളുടെ കഠിനയത്നങ്ങള്‍ ഞാന്‍ അനുസ്മരിക്കുന്നു. പുരുഷമേധാവിത്വം വാണ ഒരു സമൂഹത്തില്‍ അവര്‍ പോരാട്ടപാത സ്വീകരിച്ചിരുന്നില്ളെങ്കില്‍ ഈ പുരസ്കാരം ഏറ്റുവാങ്ങാന്‍ ഞാന്‍ ഇവിടെ എത്തുമായിരുന്നില്ല. സ്ത്രീ-പുരുഷഭേദമന്യെ അധികാരികള്‍ ജനങ്ങളോട് കാട്ടിക്കൊണ്ടിരുന്നത് കടുത്ത അനീതികളായിരുന്നു. പുതിയ ആരോഗ്യപൂര്‍ണമായ സാമൂഹിക വ്യവസ്ഥിതിക്കുവേണ്ടി മഹാത്യാഗങ്ങള്‍ അനുഷ്ഠിച്ച യമനിലെ സ്ത്രീസമൂഹത്തോടുള്ള കൃതജ്ഞത ഞാന്‍ ഇവിടെ പ്രകടിപ്പിക്കുന്നു. സ്വാതന്ത്ര്യത്തിനും സാമൂഹികനീതിക്കും അവസരസമത്വത്തിനും വേണ്ടി ലോകമെമ്പാടും ഇപ്പോഴും സമരരണാങ്കണത്തില്‍ നിലയുറപ്പിച്ച സ്ത്രീസമൂഹങ്ങളേ! നിങ്ങള്‍ക്കും എന്‍െറ ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ പടയണി ഇല്ലായിരുന്നുവെങ്കില്‍ ഇന്നത്തെ ഈ ശുഭദിനം സംഭവിക്കുമായിരുന്നില്ല. വിട.
ഒരിക്കല്‍ക്കൂടി സര്‍വര്‍ക്കും സമാധാനവും ശാന്തിയും നേരുന്നു.MADHYAMAM DAILY- 13.12.11

No comments:

Post a Comment