Saturday, December 31, 2011

റഷ്യയില്‍ പ്രകടനം നടത്തിയതിന് 60 പേര്‍ അറസ്റ്റില്‍




വര്‍ഷാന്ത്യ ദിനമായ ശനിയാഴ്ച വൈകിട്ട് മോസ്കോയിലും സെന്റ്പീറ്റേഴ്സ്

ബര്‍ഗിലും ഭരണകൂട വിരുദ്ധ പ്രകടനത്തില്‍ പങ്കെടുത്ത അറുപതു

പേരെയെങ്കിലും കലാപവിരുദ്ധ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ഇതുവരെ

വിട്ടയച്ചിട്ടില്ല. എല്ലാ 31 ാം തിയ്യതിയും നടത്തുന്ന പ്രതിപക്ഷ സമരത്തിന്റെ

ഭാഗമായാണ് ഇന്നലെ നടന്ന പ്രകടനം. പ്രകടനത്തില്‍ പങ്കെടുക്കാന്‍

പുറപ്പെട്ടവരെയും പങ്കെടുത്തവരെയുമെല്ലാം അറസ്റ്റ് ചെയ്തിട്ടുണ്ട്.

പുതുവര്‍ഷം റഷ്യയെ സംബന്ധിച്ച് നിര്‍ണായകമാണ്. 12 വര്‍ഷം തുടര്‍ച്ചയായി

റഷ്യന്‍ ഭരണത്തെ നിയന്ത്രിച്ച വ്ളാദ്മിര്‍ പുടിനും അദ്ദേഹത്തിന്റെ

പാര്‍ട്ടിയായ യുനൈറ്റഡ് റഷ്യാ പാര്‍ട്ടിക്കുമെതിരെ പ്രതിപക്ഷം ശക്തമായ

നിലപാടെടുക്കുകയും അദ്ദേഹത്തെയും പാര്‍ട്ടിയെയും ഇക്കൊല്ലം നടക്കുന്ന

തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ഡ്യൂമയിലേക്ക് ഡിസംബര്‍ നാലിനു നടന്ന തെരഞ്ഞെടുപ്പില്‍ പുടിന്റെ

പാര്‍ട്ടിക്ക് ഭൂരിപക്ഷം കാര്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും വിജയം

ഉറപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. എന്നാല്‍ വ്യാപകമായ കൃത്രിമത്തിലൂടെയാണ്

നേരിയ വിജയം നേടിയതെന്നും ഡ്യൂമയിലേക്ക് വീണ്ടും തെരഞ്ഞെടുപ്പു

നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം ഡിസംബര്‍ 10 നും 24 നും റഷ്യയില്‍

പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കുകയുണ്ടായി. 24 ന്റെ റാലി കഴിഞ്ഞ രണ്ടു

പതിറ്റാണ്ടിനിടെ നടന്ന ഏറ്റവും വലിയ റാലിയായിരുന്നു. അറബ്

വിപ്ലവത്തിന്റെ സ്വഭാവമാര്‍ജിച്ചാണ് റഷ്യയിലെ പുതിയ മുന്നേറ്റമെന്ന്

വിലയിരുത്തപ്പെടുന്നുണ്ട്. റഷ്യയിലെ മഞ്ഞുവിപ്ളവമെന്നാണ് (snow revelution)

ഇതിനെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. പ്രതിഷേധ റാലികളെ തുടര്‍ന്ന്

രാജ്യത്ത് വിപുലമായ രാഷ്ട്രീയ പരിഷ്കരണം നടപ്പാക്കുമെന്നും അത്

വ്യവസ്ഥയെ നവീകരിക്കുമെന്നും പ്രസിഡണ്ട് മെദ്വദേവിന് പ്രസ്താവിക്കേണ്ടി

വന്നു. പ്രധാനമന്ത്രി പുടിന്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്താന്‍

തയാറാണെന്ന് പ്രഖ്യാപിക്കുകയുമുണ്ടായി. എന്നാല്‍ ഈ പ്രഖ്യാപനത്തിന്റെ

വിശ്വാസ്യത ഉറപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്നലത്തെ അറസ്റ്റോടെ

ഉണ്ടായിരിക്കുന്നത്.

പ്രകടനങ്ങള്‍ തകര്‍ത്ത് പ്രതിഷേധം ഇല്ലാതാക്കാനാവില്ലെന്ന് ഭരണകൂടം

തിരിച്ചിയേണ്ട കാലം അതിക്രമിച്ചതായി മനുഷ്യാവകാശ പ്രവര്‍ത്തകയും

മോസ്കൊ ഹെല്‍സിങ്കി വിഭാഗം നേതാവുമായ ല്യൂഡ്മില അലക്സിയേവ


പറഞ്ഞു.

പുടിനെതിരെയുള്ള വികാരം ശക്തമാണെങ്കിലും അടുത്ത പ്രസിഡണ്ട്

തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ പരാജയപ്പെടുത്താനാവുമെന്ന് പ്രതീക്ഷ

പ്രിപക്ഷത്തിനുമില്ല. അതുകൊണ്ടാണ് ഡ്യൂമയിലേക്ക് നടന്ന തെരഞ്ഞെടുപ്പ്

മാറ്റി നടത്തണമെന്ന് പ്രതിപക്ഷം ആവശ്യമുന്നയിച്ചിരിക്കുന്നത്. ഇത്

അംഗീകരിപ്പിക്കാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞതുമില്ല. ഈ സാഹചര്യത്തില്‍

റഷ്യയിലെ മഞ്ഞു വിപ്ലവത്തിന്റെ പുതിയ ഗതി എന്താകുമെന്ന്

കണ്ടെറിയണം.

 

No comments:

Post a Comment