Wednesday, November 30, 2011

എംബസി അടച്ചുപൂട്ടി ഇറാന്‍ നയതന്ത്രജ്ഞരെ ബ്രിട്ടന്‍ പുറത്താക്കി





ലണ്ടന്‍: രണ്ട് ദിവസത്തിനകം രാജ്യംവിടാന്‍ ഇറാന്റെ മുഴുവന്‍ നയതന്ത്രജ്ഞരോടും ബ്രിട്ടന്‍ ആവശ്യപ്പെട്ടു. ലണ്ടനിലെ തെഹ്റാന്റെ എംബസി അടച്ചുപൂട്ടാനും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി വില്യം ഹേഗ് ഉത്തരവിട്ടു. ഇറാനെതിരെ ബ്രിട്ടന്‍ ഉപരോധം ശക്തിപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച തെഹ്റാനിലെ ബ്രിട്ടീഷ് എംബസി ഒരു സംഘം ഇറാന്‍ പൌരന്മാര്‍ കൈയേറിയിരുന്നു. ഇതിനു തിരിച്ചടിയായാണ് ബ്രിട്ടന്റെ പുതിയ നടപടി. സ്വന്തം മണ്ണില്‍ വിദേശ എംബസികളെ പ്രവര്‍ത്തിക്കാനനുവദിക്കാത്തവരുടെ എംബസി അന്യ രാജ്യത്ത് പ്രവര്‍ത്തിപ്പിക്കാമെന്ന്  കരുതേണ്ടതില്ലെന്ന് ഹേഗ് ഇറാന് മുന്നറിയിപ്പു നല്‍കി. ചൊവ്വാഴ്ച തെഹ്റാനിലെ ബ്രിട്ടന്റെ നയതന്ത്ര കോമ്പൌണ്ടിലും കൈയേറ്റം നടന്നിരുന്നു. ഈ സംഭവങ്ങള്‍ ഇറാന്‍ അധികൃതരുടെ ഒത്താശയോടെയാണെന്ന് ഹേഗ് ആരോപിച്ചു.
തെഹ്റാനിലെ നയതന്ത്രജ്ഞരെ ബ്രിട്ടന്‍ പൂര്‍ണമായി ഒഴിപ്പിച്ച് എംബസി അടച്ചുപൂട്ടിയിട്ടുണ്ട്.
ബ്രിട്ടീഷ് നടപടി അത്യധികം ധിറുതി പിടിച്ചതായെന്ന് ഇറാന്‍ വിദേശ മന്ത്രാലയം കുറ്റപ്പെടുത്തി. ഇറാനിലെ നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിക്കുമെന്ന് ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ ബുധനാഴ്ച മുന്നറിയിപ്പു നല്‍കി.

No comments:

Post a Comment