Saturday, November 12, 2011

ഗോവിന്ദച്ചാമിമാര്‍ വാഴും കാലം



സൌമ്യവധക്കേസില്‍ പ്രതിക്ക് സമയത്തിന്റെ ആനുകൂല്യം പോലും നല്‍കാതെ തൂക്കി കൊല്ലാന്‍ വിധിച്ച കോടതിക്കു പുറത്ത് ഗോവിന്ദച്ചാമിയെ കല്ലെറിയാനും ചെരിപ്പെറിയാനും ആര്‍ക്കാണ് ധാര്‍മികാവകാശം ഉള്ളത്?
ഗോവിന്ദച്ചാമിമാര്‍ ഭരണത്തിലും നിയമനിര്‍മാണ സഭയിലുമെല്ലാം കയറിയിരുന്ന് നമ്മെ ഭരിക്കുന്ന കാലത്ത്, നിരവധി സ്ത്രീപീഢന കേസുകളും പീഢനാനന്തര കൊലപാതക കേസുകളും കോടതികളില്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുമ്പോള്‍ , ജഡ്ജിമാരും അഭിഭാഷകരും സര്‍ക്കാര്‍പ്രോസിക്യൂട്ടര്‍മാരും കേരളത്തില്‍ ജുഡീഷ്യറിയുടെ മഹത്വം ഉത്ഘോഷിച്ചു നടക്കുമ്പോള്‍ നമുക്കെങ്ങിനെ ഗോവിന്ദച്ചാമിയെന്ന ഒറ്റക്കെയ്യന്‍ തമിഴനെ കല്ലെറിയാന്‍ മനോവീര്യം കിട്ടുന്നു!
കുറ്റവാളികളെ ആക്രമിക്കാനും വെടിവെച്ചു കൊല്ലാനും അവകാശമുണ്ടെന്ന് സ്വയം വിശ്വസിക്കുകയും കാണികളെ വിശ്വസിപ്പിക്കുകയും ചെയ്യുന്ന മുഖ്യധാര സിനിമകളിലെ വീരനായകരെ അനുകരിക്കയാണ് നമ്മളെന്ന് കരുതാനാവില്ല. അവശേഷിക്കുന്ന ഫ്യൂഡല്‍ മനസുതന്നെയാണ് നമ്മില്‍ ചിലരെ കൊണ്ട് ഇങ്ങിനെ ചെയ്യിക്കുന്നത്എന്നു വേണം കരുതാന്‍.
മുമ്പ് എച്ച്.ഐ.വി ബാധ സംശയിച്ച് രണ്ട് യുവതികളെ കെട്ടിയിട്ട് തലമുണ്ഡനം ചെയ്ത ഹീറോകളുടെ നാടാണ് നമ്മുടേത്. കഴിഞ്ഞ വര്‍ഷം ഒരന്യ സംസ്ഥാനക്കാരനായ യുവാവിനെ പോക്കറ്റടിക്കാരനെന്ന് സംശയിച്ച് തല്ലിക്കൊല്ലാറാക്കിയവരുടെ നാട് തൊട്ടടുത്ത് തിരൂരാണ്. പോക്കറ്റടിക്കാരനെന്ന് സംശയിച്ച് ഒരു പാര്‍ലമെന്റംഗത്തിന്റെ ഗണ്‍മാനും മറ്റു രണ്ടു പേരും ചേര്‍ന്ന് നിരപരാധിയായ ഒരു യുവാവിനെ തല്ലിക്കൊന്നത് കഴിഞ്ഞ മാസമാണ്.അതും നമ്മുടെ കേരളത്തില്‍. ബീഹാറിലും യു.പിയിലും വ്യാപകമെന്ന്പറഞ്ഞു കേള്‍ക്കാറുള്ള ഇത്തരം അത്യാചാരങ്ങള്‍ കേരളത്തിലും ഒട്ടും കുറവല്ല എന്നു സാരം. ഇതിന്റെ ഭാഗം തന്നെയാണ് ഗോവിന്ദച്ചാമിയെ കല്ലെറിയാന്‍ ചിലര്‍ ആവേശം കാണിച്ചത്.കുറ്റവാളിയെന്ന് സംശയിക്കുന്നവരെയെല്ലാം തല്ലിക്കൊല്ലാനും ശിക്ഷിക്കാനും തനിക്ക് അധികാരമുണ്ടെന്ന് ഓരോരുത്തരും വിശ്വസിക്കുകയും അതു നടപ്പിലാക്കുകയും ചെയ്താല്‍ കേരളത്തിന്റെ അവസ്ഥബ എന്തായിരിക്കും. ഈ മനോഘടന ഫ്യഡലിസത്തിന്റെ അവശിഷ്ടം തന്നെയാണ്.
ഗോവിന്ദച്ചാമിയെന്ന കുറ്റവാളിക്ക് മതിയായ ശിക്ഷ വിധിച്ചിരിക്കെ, പുറത്തിറങ_ിയാല്‍ അയാളെ കല്ലെറിയാനും അയാള്‍ക്കെതിരെ മുദ്രാവാക്യം വിളിക്കാനും നമ്മുടെ യുവാക്കള്‍ കോടതിക്കു പുറത്ത് കാത്തു കെട്ടി നിന്നപ്പോള്‍ അവര്‍ മറന്നത്, അധികാരത്തിലിരുന്ന് അവരെ കൊഞ്ഞനം കുത്തുന്ന ഗോവിന്ദച്ചാമിമാരെയാണ്. 'ഓനെ രച്ചിച്ചത് ഞമ്മളാണ്' എന്ന് വീരേതിഹാസം പറഞ്ഞ അന്തരിച്ച പാവം കമ്യൂണിസ്റ്റ് നേതാവിന്റെകുറ്റകരമായ നിഷ്കളങ്കതയാണ്. 'രച്ചിക്കാന്‍' നിയമോപദേശം നല്‍കിയ മഹാനുഭാവനും ചെമ്മീന്‍ കൃഷിക്കാരനായ അഭിഭാഷകപ്രമാണിയെയും അയാള്‍ക്കതിന് ശക്തി പകര്‍ന്ന അന്നത്തെ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറിയുമടക്കമുള്ളവരെയാണ്. സ്ത്രീ പീഢനത്തിന്റെ പേരില്‍ ഒടുവില്‍ വിപ്ലവപാര്‍ട്ടി ഈ സെക്രട്ടറിയെ തരംതാഴ്ത്തിയപ്പോള്‍ അഭിഭാഷകന്റെ പഴയ കോട്ടും ഗൌണും ധരിച്ച് അദ്ദേഹം കോടതിയിലെത്തുന്നതാണ്.
സ്ത്രീപീഢന വിഷയത്തില്‍ നീതി നിഷേധത്തിന്റെ പ്രളയം തന്നെ മുന്നിലുള്ളപ്പോള്‍ വീണുകിട്ടിയ നീതിയുടെ ഒരുസൂര്യ വെളിച്ചം ആഘോഷിക്കുകയായിരുന്നു നമ്മളെല്ലാം എന്ന് വിശ്വസിക്കാന്‍ എനിക്കേതായാലും കഴിയുന്നില്ല.




1 comment:

  1. ഒരു ഗോവിന്ദച്ചാമിയെ കഴുവേറ്റി നാം നമുക്കകത്തൂള്ള ചാമിമാരെ മറച്ചുവെക്കാ‍നും സ്വയം രക്ഷപ്പെടുത്താന്നും ശ്രമിക്കുന്നു.

    ReplyDelete