Wednesday, November 9, 2011

മുതലാളിത്തത്തിനെതിരായ സമരത്തില്‍ വിദ്യാര്‍ഥികളും


  • ലണ്ടനില്‍ നടന്ന വിദ്യാര്‍ഥി മാര്‍ച്ച്


  • മുതലാളിത്തത്തിന്റെ പ്രയോക്താക്കളും പ്രചാരകരുമായ അമേരിക്കയിലും ബ്രിട്ടനിലുമടക്കം പുതുതലമുറ ആരംഭിച്ച പ്രക്ഷോഭ സമരങ്ങള്‍ ആഗോള തലത്തില്‍ മുതലാളിത്തം നേരിടാന്‍ പോകുന്ന ആശയപരമായ തകര്‍ച്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ലണ്ടനില്‍ കഴിഞ്ഞ ബുധനാഴ് നടന്ന വിദ്യാര്‍ഥി പ്രക്ഷോഭം ഇതിന്റെ മറ്റൊരു തലം വെളിവാക്കുന്നു. വിദ്യാഭ്യാസത്തിന്റെ സ്വകാര്യവല്‍കരണത്തിനും ഫീസ്വര്‍ധനക്കുമെതിരെയാണ് ലണ്ടന്‍ യൂനിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയത്. ഇത് ഇവിടം കൊണ്ടവസാനിക്കില്ലെന്നും ലോകം മുഴുവന്‍ വികസിച്ചു വരുന്ന നീതിക്കു വേണ്ടിയുള്ള സമരത്തിന്റെ ഭാഗം തന്നെയാണിതെന്നും സമരക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അറേബ്യന്‍ വസന്തമെന്ന ടുണീഷ്യയിലും ഈജിപ്തിലും സിറിയയിലും ലിബിയയിലും വാള്‍സ്ട്രീറ്റ് പ്രക്ഷോഭം എന്ന പേരില്‍ അമേരിക്കയിലുമെല്ലാം നടക്കുന്ന സമരങ്ങളെ കുറിച്ച് മനസിലാക്കിയിട്ടു തന്നെയാണ് ഈ സമരം തുടങ്ങിയതെന്നും സമരക്കാറ പറയുന്നു.
  • അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത മാര്‍ച്ച് തടയാന്‍ നാലായിരത്തോളം പൊലീസുകാരാണ് ലണ്ടന്‍ നിരത്തുകളിലിറങ്ങിയത് എന്നത് തന്നെ ഭരണകൂടത്തെ ഇത്തരം സമരങ്ങള്‍ എത്രമാത്രം ആശങ്കപ്പെടുത്തുന്നു എന്നു വ്യക്തമാക്കുന്നുണ്ട്.
  • സമരത്തില്‍ പങ്കെടുത്ത യാസ്മിന്‍ എല്‍ഗോസ് എന്ന 17 കാരി വിദ്യാര്‍ഥിനി പറയുന്നത് കേള്‍ക്കുക: ' ഇന്ന് ആക്രമണം നടത്താനുള്ള ദിവസമല്ല, ഇത് സംസാരിക്കാനുള്ള ദിവസമാണ്. ഇത് അക്രമാസക്തമായ ഒരു വിപ്ളവമല്ല, മറിച്ച് ആശയങ്ങളുടെ വിപ്ളവമാണ്. ഇവിടെ അണിനിരന്നവര്‍ യുദ്ധത്തിനല്ല, സമാധാനപരമായി പ്രതിഷേധിക്കാനാണ് എത്തിയിരിക്കുന്നത്. രാജ്യത്ത് എന്താണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത് എന്നകാര്യത്തില്‍ ജനങ്ങള്‍ അസംതൃപ്തരാണ്. ശരിയായ കാര്യങ്ങളല്ല രാജ്യത്ത് നടക്കുന്നതെന്ന് ജനങ്ങള്‍ക്കറിയാം. രാജ്യം എങ്ങിനെയായിരിക്കണമെന്ന് അവര്‍ക്കറിയാം. അതിനെകുറിച്ച് അവര്‍ക്ക് ആശയങ്ങളും അഭിപ്രായങ്ങളുമുണ്ട്. അക്കാര്യം ചര്‍ച്ച ചെയ്യണമെന്നതാണ് ഈ മാര്‍ച്ചിലൂടെ ലക്ഷ്യമിടുന്നത്.' അമേരിക്കയിലും ബ്രിട്ടനിലും മറ്റും നടക്കുന്ന 'ഒക്കുപ്പൈ' സമരങ്ങളെ കുറിച്ച് ആവേശത്തോടെ സംസാരിക്കുന്ന ഈ വിദ്യാര്‍ഥിനി ഒരു ആദര്‍ശത്തിന്റെ, ഒരു നിലപാടിന്റെ ഭാഗമായാണ് സമരത്തിനിറങ്ങിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ വിദ്യാര്‍ഥികള്‍ക്ക് സമരം ഒരുദിവസത്തെ പ്രതിഷേധം മാത്രമാകില്ല എന്നു വേണം കരുതാന്‍. പ്രത്യേകിച്ചും മാര്‍ച്ചില്‍ അണിനിരന്നത് ഭാവിയുടെ വക്താക്കളായ വിദ്യാര്‍ഥികളാണ് എന്നതും ശ്രദ്ധിക്കുക. ഇത് നാളെ വളരാന്‍ പോകുന്ന ഒരു പ്രസ്ഥാനത്തിന്റെ ചൂണ്ടുപലകതന്നെയാണ് എന്നതില്‍ എനിക്കു സംശയമില്ല.
  • ഒരുശതമാനം കോര്‍പറേറ്റ് മുതലാളമാര്‍ക്കുവേണ്ടി 99 ശതമാനത്തെ ചൂഷണം ചെയ്യുന്ന ഒരു വ്യവസ്ഥിതിക്കെതിരെയാണ് ഈ സമരം. ഈ സമരം അതുകൊണ്ടുതന്നെ പരാജയപ്പെടാന്‍ പാടില്ല.

No comments:

Post a Comment