Tuesday, November 1, 2011

ഗ്രീസിന്റെ കടക്കെണി നമുക്ക് പാഠമാകേണ്ടതാണ്





അന്താരാഷ്ട്ര ഏജന്‍സികളുടെ കടക്കെണിയില്‍ മൂക്കുകുത്തി വീണ ഗ്രീസ് അതിന്റെ തകര്‍ച്ചയുടെ അവസാന നിമിഷങ്ങളിലാണ്. കല, സാഹിത്യം, ദര്‍ശനം തുടങ്ങിയ മേഖലകളില്‍ ഒരുകാലത്ത്ലോകത്തിന് മാര്‍ഗദര്‍ശനം നല്‍കിയിരുന്ന സംസ്കാരത്തിന്റെ ആദ്യകാല കളിത്തൊട്ടിലുകളിലൊന്നായ ഗ്രീസ് ഇന്നിതാ ദാരിദ്യ്രത്തിന്റെയും പട്ടിണിയുടെയും തൊഴിലില്ലായ്മയുടെയും അഗ്നികുണ്ഡമായി മാറിയിരിക്കുന്നു. തൊഴിലില്‍ നിന്ന് പിരിച്ചു വിടപ്പെട്ട പതിനായിരങ്ങള്‍ പ്രക്ഷോഭ മാര്‍ഗത്തിലാണ്. ബാങ്കുകളില്‍ നിന്ന് കടമെടുത്ത് തിരിച്ചടക്കാന്‍ കഴിയാതെ വീടും മറ്റു സ്വത്തുക്കളും നഷ്ടപ്പെട്ട് തെരുവുകളില്‍ അന്തിയുറങ്ങേണ്ടി വന്നവര്‍ നിരവധി. ഇവരുടെയെല്ലാം പ്രക്ഷോഭം ഗ്രീക്ക് സര്‍ക്കാരിനെതിരെയാണ്. കടക്കെണിയില്‍ കുടുങ്ങി ഐ.എം.എഫ് അടക്കമുള്ള ആഗോള സാമ്പത്തിക ഏജന്‍സികള്‍ക്ക് പണം തിരിച്ചടക്കാനാവാതെ നിശ്ചലമായിരിക്കുന്നു സര്‍ക്കാരന്റെ പ്രവര്‍ത്തനം. യൂറോപ്യന്‍ യൂനിയന്‍ കഴിഞ്ഞ ദിവസങ്ങളില്‍ യോഗം ചേര്‍ന്ന് ഗ്രീസിന്റെ കടത്തില്‍ 50 ശതമാനം എഴുതിത്തള്ളാന്‍ തീരുമാനിച്ചിരിക്കുന്നു. എന്നാല്‍ ഗ്രീസിലെ ജനങ്ങളെ ആയതുധമേന്താന്‍ പ്രേരിപ്പിക്കുന്ന കടുത്ത നിബന്ധനകളോടെയാണ് യൂറോപ്യന്‍ യൂനിയന്‍ ഈ ഔദാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.

1300 കോടി യൂറായുടെ സാമ്പത്തിക സഹായമാണ് യൂറോപ്യന്‍ യൂനിയന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷെ തൊളിലുകള്‍ വെട്ടിക്കുറക്കുക, സബ്സിഡികള്‍ വെട്ടിക്കുറക്കുക, നികുതികള്‍ കുത്തനെ കൂട്ടുക തുടങ്ങിയ ജനതയെ തകര്‍ക്കുന്ന ഉപാധികളോടെയാണ് ഈ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനെതിരെ ഗ്രീസിലെ ഭരണകക്ഷിയംഗങ്ങള്‍ മാത്രമല്ല പ്രതിപക്ഷ അംഗങ്ങളും ശക്തമായി പ്രതിഷേധം അറിയിച്ചിരിക്കയാണ്. മുണ്ട് എത്രമുറുക്കിയുടുത്താലും ജീവിക്കാനാവില്ല എന്നതാണ് ഗ്രീസിലെ അവസ്ഥ. ഇതറിഞ്ഞു തന്നെയാകണം ഗ്രീസിലെ പ്രധാനമന്ത്രി പപ്പന്‍ഡ്രൊ ജനകീയ ഹിതപരിശോധനക്ക് തയാറായിക്കയാണ്. ഹിതപരിശോധന പ്രഖ്യാപിച്ചതോടെ യൂറോവിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു. യൂറോപ്യന്‍ യൂനിയനില്‍ പെട്ട ഇറ്റലിയടക്കം നിരവധി രാജ്യങ്ങള്‍ ഗ്രീസിനു പിറകെ തകര്‍ച്ചയുടെ വഴിയിലെത്തി നില്‍ക്കയാണ്. യൂറോ തകര്‍ച്ചകൂടിയായാല്‍ യൂറാപ്പിന്റെ തകര്‍ച്ചകൂടിയായിരിക്കും നാം കാണേണ്ടി വരിക. അതിനുമുമ്പെ നാം ഗ്രീക്ക് ഭരണകൂടത്തിന്റെ തകര്‍ച്ചയും കാണേണ്ടി വരുമെന്നു വേണം കരുതാന്‍. പാര്‍ലമെന്റില്‍ മൊത്തം 300 സീറ്റില്‍ 152 അംഗങ്ങളാണ് ഭരണ കക്ഷിക്കുള്ളത്. ഇതില്‍ ഒരാള്‍ ഹിതപരിശോധനയില്‍ പ്രതിഷേധിച്ച് രാജിവെച്ചു. മറ്റൊരാള്‍ രാജിവെച്ചില്ലെങ്കിലും ഹിതപരിശോധനക്െതിരാണ്. ഇനിയും കൂടുതല്‍ അംഗങ്ങള്‍ പ്രധാനമന്ത്രിക്കെതിരെ രംഗത്തു വരുമെന്നാണ് കരുതുന്നത്.
ഇതിനിടെ വെള്ളിയാഴ്ച പപ്പന്‍ഡ്രൊ വിശ്വാസവോട്ട് തേടുകയാണ്. ഇന്നശത്ത അവസ്ഥയില്‍ അവിശ്വാസ വോട്ടിനെ അതിജീവിക്കാന്‍ പ്രധാനമന്ത്രിക്കു കഴിയില്ല. ഇടക്കാല തെരഞ്ഞെടുപ്പാകും ഫലം. അങ്ങിനെ വന്നാല്‍ അതിന്റെ ഭാരം കൂടി ജനങ്ങളുടെ തലയില്‍ വരുമെന്നു മാത്രം. രാജ്യത്തെ ഇന്നത്തെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഫണ്ടിങ് ഏജന്‍സികള്‍ മുന്നോട്ടു വെക്കുന്ന ഈ പരിഷ്കരണങ്ങള്‍ക്കൊന്നും കഴിയില്ല എന്നതാണ് വാസ്തവം.
ഇന്ത്യയടക്കമുള്ള മൂന്നാം രാജ്യങ്ങള്‍ക്ക് ഒരുപാഠമാകേണ്ടതാണ് ഗ്രീസിലെ കടക്കെണിയും തുടര്‍ന്നുള്ള തകര്‍ച്ചയും.

No comments:

Post a Comment