Monday, May 9, 2011

ബാബരി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു


ന്യൂദല്‍ഹി: ബാബരി കേസില്‍ അലഹബാദ് ഹൈകോടതിയുടെ ലക്‌നോ ബെഞ്ചിന്റെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ബാബരി മസ്ജിദ് നിലനിന്ന അയോധ്യയിലെ 2.77 ഏക്കര്‍ സ്ഥലം മൂന്നു കൂട്ടര്‍ക്കും തുല്യമായി വിഭജിച്ചു നല്‍കണമെന്ന കോടതി വിധിയാണ് സ്റ്റേ ചെയ്തിരിക്കുന്നത്. ഹൈകോടതി വിധിക്കെതിരെ വിവിധ ഹിന്ദു- മുസ്്‌ലിം സംഘടനകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ നടപടി.

ഹൈക്കോടതി വിധി അതിശയോക്തി ഉണ്ടാക്കുന്നതും വിചിത്രവുമാണെന്ന് ചൂണ്ടികാട്ടിയ സുപ്രീംകോടതി തര്‍ക്കഭൂമിയില്‍ 1993 ലെ സ്ഥിതി തുടരാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസുമാരായ ആഫ്താബ് ആലം, ആ.എം ലോധ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

അയോധ്യാ ഭൂമിയില്‍ മൂന്നിലൊന്നു മാത്രം മുസ്‌ലിംകള്‍ക്കും ബാക്കി ഭാഗം രാമജന്മഭൂമി ന്യാസ്, നിര്‍മോഹി അഖാഡ എന്നിവക്കുമായി വിഭജിച്ചു കൊടുക്കണമെന്ന കോടതിവിധി ഏറെ ഒച്ചപ്പാടുകള്‍ക്കിടയാക്കിയിരുന്നു. വിധി തള്ളിയ മുസ്‌ലിം നേതൃത്വം ഭൂമിയുടെ കാര്യത്തില്‍ ഉടമസ്ഥാവകാശ രേഖകളും മറ്റും മുന്‍നിര്‍ത്തി വേണം തീരുമാനം കൈക്കൊള്ളാനെന്ന് സുപ്രീംകോടതിയില്‍ നല്‍കിയ ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്, ജംഇയ്യതുല്‍ ഉലമായെ ഹിന്ദ് എന്നിവയാണ് മുസ്‌ലിം വിഭാഗത്തില്‍ നിന്ന് ഹരജി നല്‍കിയിരുന്നത്.

ഉടമസ്ഥാവകാശ രേഖകളുടെയും നിയമത്തിന്റെയും അടിസ്ഥാനത്തില്‍ വിധി പുറപ്പെടുവിക്കുന്നതിനു പകരം വിശ്വാസത്തെ മാത്രം മാനദണ്ഡമാക്കിയുള്ള വിധി രാജ്യത്ത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് നല്‍കിയ ഹരജിയില്‍ ആരോപിക്കുന്നു.

എന്നാല്‍ രാമജന്മഭൂമിയെന്ന് ഹൈകോടതി തന്നെ കണ്ടെത്തിയ പ്രദേശത്ത് മറ്റുള്ളവര്‍ക്ക് അവകാശം അനുവദിക്കുന്നത് നീതിനിഷേധമാണെന്ന നിലപാടാണ് അഖില്‍ ഭാരത് ഹിന്ദു മഹാസഭ, നിര്‍മോഹി അഖാഡ എന്നിവ നല്‍കിയിരിക്കുന്ന ഹരജികളുടെ ഉള്ളടക്കം.

പതിറ്റാണ്ടുകളായി തുടരുന്ന അയോധ്യാ വിവാദത്തിലെ കോടതിവിധി രാജ്യത്തിനകത്തും പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ആറു പതിറ്റാണ്ടു നീണ്ട നിയമവ്യവഹാരങ്ങള്‍ക്കൊടുവില്‍ സെപ്റ്റംബര്‍ അവസാനമായിരുന്നു വിവാദ കോടതി വിധി ഉണ്ടായത്. ജസ്റ്റിസ് എസ്.യു. ഖാന്‍, ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍, ജസ്റ്റിസ് ഡി.വി. ശര്‍മ എന്നിവരുടേതായിരുന്നു വിധി. സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാം ലല്ലയുടെ വിഭാഗം എന്നിവര്‍ക്കിടയില്‍ ഭൂമി പകുത്തുനല്‍കാനായിരുന്നു ഉത്തരവ്.

എണ്ണായിരം പേജ് വരുന്ന ഉത്തരവില്‍ വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട് ജഡ്ജിമാര്‍ ഭിന്നാഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയത്.

No comments:

Post a Comment