Monday, May 2, 2011

എച്ച്.ഐ.എല്ലിന് പി.സി.ബിയുടെ കാരണം കാണിക്കല്‍ നോട്ടീസ്


തിരുവനന്തപുരം: മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ചതിന് എന്‍ഡോസള്‍ഫാന്‍ ഉല്‍പാദിപ്പിക്കുന്ന ഏലൂരിലെ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്‌സ് ലിമിറ്റഡിന് (എച്ച്.ഐ.എല്‍) സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. പൊതുമേഖലാ സ്ഥാപനമായ എച്ച്.ഐ.എല്ലിന്റെ പരിസ്ഥിതി, മലിനീകരണ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കുന്ന തുടര്‍ച്ചയായ 64 ാമത്തെ കാരണം കാണിക്കല്‍ നോട്ടീസാണിത്.
1986 ലെ പരിസ്ഥിതി സംരക്ഷണ നിയമവും 1974 ലെ ജലമലിനീകരണം തടയലും നിയന്ത്രണവും നിയമവും ലംഘിച്ചതിന് ഫാക്ടറി പ്രവര്‍ത്തിക്കാന്‍ നല്‍കിയ അനുമതി റദ്ദാക്കാതിരിക്കാന്‍ 15 ദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബോര്‍ഡ് ചെയര്‍മാന്‍ ഏപ്രില്‍ 25 നാണ് നോട്ടീസ് നല്‍കിയത്. എച്ച്.ഐ.എല്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് കെ.കെ. ധര്‍, ജനറല്‍ മാനേജര്‍ എന്നിവര്‍ക്കാണ് നോട്ടീസ്.
ബോര്‍ഡ് മുന്നോട്ട് വെച്ച വ്യവസ്ഥകള്‍ പ്രകാരമാണ് ഫാക്ടറിക്ക് 2012 ജൂണ്‍ 30 വരെ പ്രവര്‍ത്തനാനുമതി നല്‍കിയത്. കമ്പനി വളപ്പിലെ മാലിന്യക്കുളത്തില്‍ നിക്ഷേപിച്ച മുഴുവന്‍ മാരക രാസമാലിന്യങ്ങളും നീക്കം ചെയ്യണമെന്നായിരുന്നു ഇതിലൊന്ന്. നീക്കം ചെയ്യുന്ന മാലിന്യങ്ങള്‍ അമ്പലമേട്ടില്‍ സജ്ജമാക്കിയ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും ഇത് 2010 ജൂണ്‍ 30 ന് മുമ്പ് പൂര്‍ത്തീകരിച്ച ശേഷം കമ്പനി വളപ്പിലെ മാലിന്യക്കുളം മൂടണമെന്നും നിര്‍ദേശിച്ചിരുന്നു. എച്ച്.ഐ.എല്ലിലെ മലിനീകരണ നിയന്ത്രണ സംവിധാനങ്ങളെകുറിച്ച് പഠിക്കാന്‍ ബോര്‍ഡ് നിയോഗിച്ച വിദഗ്ധ സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ മാര്‍ച്ച് 19 ന് ചീഫ് എന്‍വയണ്‍മെന്റല്‍ എന്‍ജിനീയര്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചത്. സുപ്രീംകോടതിയുടെ മോണിറ്ററിങ് കമ്മിറ്റിയും ഇതേ നിര്‍ദേശം നല്‍കിയിരുന്നു.
ബോര്‍ഡുമായി ഉണ്ടാക്കിയ അഞ്ച് വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എന്‍വയണ്‍മെന്റല്‍ സര്‍വൈലന്‍സ് സെന്ററിലെ എന്‍ജിനീയര്‍ നവംബര്‍ 12 ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. രാസമാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതും മാലിന്യക്കുളം മൂടുന്നതും ഏപ്രില്‍ 30ന് മുമ്പ് പൂര്‍ത്തീകരിക്കുമെന്ന് എച്ച്.ഐ.എല്‍ അധികൃതര്‍ മറുപടി നല്‍കി. എന്നാല്‍, ബോര്‍ഡ് അധികൃതര്‍ ഏപ്രില്‍ 18 ന് നടത്തിയ പരിശോധനയില്‍ മാലിന്യം നീക്കം ചെയ്യാന്‍ നടപടി എടുത്തതായി കണ്ടില്ല. തുടര്‍ന്നാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഏലൂര്‍ നഗരസഭാ സെക്രട്ടറിക്കും നോട്ടീസിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.
നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നാണ് എച്ച്.ഐ.എല്‍ അധികൃതര്‍ വാദിക്കുന്നതെങ്കിലും തുടര്‍ച്ചയായ നിയമ ലംഘനം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഫാക്ടറിപരിസരെത്ത കുഴിക്കണ്ടം തോട്ടിലേക്ക് രാസവസ്തുക്കള്‍ കലര്‍ന്ന മലിനജലം ഒഴുക്കുന്നെന്ന് പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതി ആരോപിച്ചിരുന്നു. ബോര്‍ഡിന്റെ 2009 ആഗസറ്റ് 21 ലെ റിപ്പോര്‍ട്ട് പ്രകാരം കുഴിക്കണ്ടം തോട്ടില്‍നിന്ന് ശേഖരിച്ച ജലത്തില്‍ എന്‍ഡോസള്‍ഫാന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തോട്ടില്‍ 19.1 മൈക്രോഗ്രാം\ലിറ്ററും എച്ച്.ഐ.എല്‍ പരിസരത്ത് 33.88 മൈക്രോ ഗ്രാം \ ലിറ്ററും എന്‍ഡോസള്‍ഫാന്റെ സാന്നിധ്യമാണ് തെളിഞ്ഞത്. 1996 ല്‍ നിരോധിച്ച ബി.എച്ച്.സി എന്ന രാസകീടനാശിനിയുടെ അംശങ്ങള്‍ ഇപ്പോഴും ഫാക്ടറി പരിസരത്ത് നിലനില്‍ക്കുന്നതായും പരിശോധനയില്‍ തെളിഞ്ഞു.


No comments:

Post a Comment