Saturday, May 7, 2011

ഐസ്‌ക്രീം കേസ്: ജസ്റ്റിസ് നാരായണക്കുറുപ്പില്‍നിന്ന് മൊഴിയെടുത്തു

Published on Sat, 05/07/2011 - 18:04 ( 19 min 21 sec ago)

 ഐസ്‌ക്രീം കേസ്: ജസ്റ്റിസ് നാരായണക്കുറുപ്പില്‍നിന്ന് മൊഴിയെടുത്തു
സംശയങ്ങള്‍ ദൂരീകരിച്ചു

കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം ഹൈകോടതി മുന്‍ ജഡ്ജി കെ.നാരായണക്കുറുപ്പിന്റെ മൊഴി എടുത്തു. കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ പി.വിജയന്റെ നേതൃത്വത്തിലുള്ള സംഘം നാരായണക്കുറുപ്പിന്റെ എറണാകുളം പുല്ലേപ്പടിയിെല വസതിയിലെത്തിയാണ് മൊഴിയെടുത്തത്. അന്വേഷണ സംഘത്തിന്റെ സംശയങ്ങള്‍ ദൂരീകരിച്ചെന്ന് നാരായണക്കുറുപ്പ് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആരോപണവിധേയനായ ജസ്റ്റിസ് കെ. തങ്കപ്പനില്‍നിന്ന് വെള്ളിയാഴ്ച തെളിവെടുത്തിരുന്നു. മുന്‍മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ.എ.റഊഫ് തനിക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ കളവാണെന്നായിരുന്നു തങ്കപ്പന്റെ വിശദീകരണം.
ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ജുഡീഷ്യറിയെ സ്വാധീനിച്ചെന്ന റഊഫിന്റെ വെളിപ്പെടുത്തലാണ് മുന്‍ജഡ്ജിമാരെ ചോദ്യംചെയ്യുന്നതിലേക്ക് നയിച്ചത്. മുന്‍ അഡീഷനല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ കെ.സി.പീറ്റര്‍ നടത്തിയ വെളിപ്പെടുത്തല്‍, ജസ്റ്റിസ് നാരായണക്കുറുപ്പിനെ മരുമകന്‍ സണ്ണി മുഖേന സ്വാധീനിച്ചെന്നായിരുന്നു. ഐസ്‌ക്രീം കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജിയാണ് ജസ്റ്റിസ് നാരായണക്കുറുപ്പ് പരിഗണിച്ച് തീര്‍പ്പാക്കിയത്.
സണ്ണിയെ ആലുവ പാലസില്‍ വെച്ച് സംഘം ചോദ്യം ചെയ്തിരുന്നു.തുടര്‍ന്നാണ് ജഡ്ജിമാരായ കുറുപ്പിനും തങ്കപ്പനും സംഘം ക്രിമിനല്‍ നടപടി നിയമത്തിലെ 160 ാംവകുപ്പ് പ്രകാരം മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. എന്നാല്‍, നോട്ടീസ് പ്രകാരം ഹാജരാകാന്‍ കഴിയില്ലെന്ന് ഇരുവരും അന്വേഷണ സംഘത്തെ അറിയിച്ചു.
എന്നാല്‍, നോട്ടീസിനെതിരെ നിയമ നടപടി ആരംഭിക്കാനുള്ള സാധ്യതയും അന്വേഷണത്തിന് മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന നിയമോപദേശവും പരിഗണിച്ചാണ് മുന്‍ ന്യായാധിപന്മാരെ ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട വസ്തുതകള്‍ അന്വേഷണ സംഘം ചോദിച്ചു.
സാധാരണ കേസുകള്‍ പരിഗണിക്കുന്നതുപോലെ മാത്രമാണ് ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട ഹരജിയും തീര്‍പ്പാക്കിയതെന്ന് നാരായണക്കുറുപ്പ് പറഞ്ഞു. ബാഹ്യ സമ്മര്‍ദങ്ങള്‍ക്കൊന്നും വഴങ്ങിയിട്ടില്ല. അനധികൃതമായി സ്വത്തും സമ്പാദിച്ചിട്ടില്ല. പുല്ലേപ്പടിയില്‍ ഏഴ് സെന്റ് സ്ഥലവും വീടുമുണ്ട്. മദ്രാസ് ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസായാണ് വിരമിച്ചത്. ചെന്നൈയിലെ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചും വിശദീകരിച്ചു.
'അഭിഭാഷകനെന്ന നിലയില്‍ സൗഹൃദത്തിന്റെ പേരില്‍ മുന്‍ അഡീഷനല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ കെ.സി.പീറ്റര്‍ ഒന്നുരണ്ടുതവണ വീട്ടില്‍ വന്നിട്ടുണ്ട്. ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ല. നിഷ്പക്ഷമായ അന്വേഷണം നടക്കുമ്പോള്‍ അന്വേഷണ സംഘത്തിന് തന്നില്‍നിന്ന് മൊഴിയെടുക്കുന്നതിന് തടസ്സമൊന്നുമില്ല' -ജസ്റ്റിസ് കുറുപ്പ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


1 comment: