Monday, April 18, 2011

മനുഷ്യാവകാശ ലംഘനങ്ങളില്‍ കമീഷന്റെ നിശ്ശബ്ദത ഭയപ്പെടുത്തുന്നതെന്ന് റിപ്പോര്‍ട്ട്


മനുഷ്യാവകാശ ലംഘനങ്ങളില്‍ കമീഷന്റെ നിശ്ശബ്ദത  ഭയപ്പെടുത്തുന്നതെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ ദേശീയ മനുഷ്യാവകാശ കമീഷന്റെ (എന്‍.എച്ച്.ആര്‍.സി) നിശ്ശബ്ദത ഭയപ്പെടുത്തുന്നതാണെന്ന് ദേശീയ മനുഷ്യവകാശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ്മയായ എ.ഐ.എന്‍. എന്‍.ഐ (അയിനി)യുടെ റിപ്പോര്‍ട്ട്. കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനെ ചുറ്റിപ്പറ്റിയുള്ള വിവാദം കമീഷന്‍ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിലെ നടപടിക്രമങ്ങളിലെ കാര്യക്ഷമതയെ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ നിര്‍ബന്ധിതരാക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കമീഷന്‍ രൂപവത്കരിച്ച ആദ്യഘട്ടങ്ങളില്‍ സര്‍ക്കാറിന്റെ താല്‍പര്യങ്ങളെ മറികടക്കാന്‍ ധീരവും ശക്തവുമായ ചില നടപടികളുണ്ടായിരുന്നുവെങ്കിലും അടുത്ത കാലത്ത് ഇത് മുന്നോട്ട് കൊണ്ടുപോവാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, അടിസ്ഥാന കടമകള്‍ പോലും നിര്‍വഹിക്കാന്‍ പറ്റാത്ത രീതിയില്‍ അസ്വാതന്ത്ര്യം പിടിമുറുക്കിയിരിക്കുകയുമാണ്. വിരമിച്ച ന്യായാധിപരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും അന്തസ്സ് നിലനിര്‍ത്താനുള്ള സ്ഥാപനമായി കമീഷന്‍ മാറി.
കമീഷന്‍ അംഗങ്ങളുടെ നിയമനം മനുഷ്യാവകാശവുമായി ബന്ധപ്പെട്ട അനുഭവങ്ങളുടെയും അറിവിന്റെയും കഴിവിന്റെയും അടിസ്ഥാനത്തിലല്ല. മറിച്ച്, പേരും പെരുമയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും നിയമന കാര്യത്തില്‍ ഉളവാകുന്ന താല്‍പര്യങ്ങളുടെ സംഘട്ടനവും സാമ്പത്തിക കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണവും പല കാര്യങ്ങളിലും കമീഷനെ സന്ധിചെയ്യിക്കുന്നു.
നിലവിലെ കമീഷനില്‍ വനിതകളുടെ പരാതികള്‍ കൈകാര്യം ചെയ്യാന്‍ ഒരു വനിത പോലുമില്ല. പൗരസമൂഹത്തിനും പ്രാതിനിധ്യമില്ല. പൗരന്‍മാര്‍ക്ക് നേരെ ബലം പ്രയോഗിക്കുന്നത് അംഗീകരിക്കാവുന്നതാണെന്ന അഴിമതി ആരോപണ വിധേയനായ പുതിയ ചെയര്‍മാന്റെ പ്രസ്താവന ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്. ഏറ്റമുട്ടല്‍ കൊലപാതകങ്ങള്‍ ചിലപ്പോള്‍ അനിവാര്യമാണെന്നും മരണശിക്ഷ അംഗീകരിക്കുന്നുവെന്നുള്ള ചെയര്‍മാന്‍ കെ.ജി. ബാലകൃഷ്ണന്റെ നിലപാട് കമീഷന്റെ മുന്‍നിലപാടുകളില്‍ നിന്ന് വ്യത്യസ്തവും ഭരണഘടനാ വിരുദ്ധവുമാണ്.
കമീഷന്റ സഹായം ആവശ്യമുള്ള ബഹുഭൂരിപക്ഷത്തിനും കമീഷന്‍ അപ്രാപ്യമാണ്. പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള സംവിധാനമുണ്ടെങ്കിലും പരാതികള്‍ക്ക് എന്ത് സംഭവിക്കുന്നുവെന്ന് അറിയാന്‍ സംവിധാനമില്ല.
പീഡിതര്‍ക്ക് അനുകൂലമല്ല കമീഷന്റെ പൊതുവായ അന്തരീക്ഷം. പീഡിതരെ സഹായിക്കാന്‍ ഹോട്ട്‌ലൈന്‍ നമ്പറുണ്ടെങ്കിലും മിക്കവാറും ഇതിന്റെ പ്രവര്‍ത്തനം ലഭ്യമല്ല. ഇത് കൈകാര്യം ചെയ്യുന്ന വ്യക്തികള്‍ക്ക് ഹിന്ദിയല്ലാതെ മറ്റൊരു ഭാഷയും അറിയില്ല.
കമീഷനില്‍ നിയമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകിച്ച് ഒരു പരിശീലനവും ലഭിക്കുന്നില്ല. ബഹുഭൂരിപക്ഷത്തിനും മനുഷ്യാവകാശങ്ങളെ കുറിച്ച് സാമാന്യ ജ്ഞാനവുമില്ല. ഭൂരിപക്ഷം കേസുകളും അശ്രദ്ധമായി അവസാനിപ്പിക്കുകയും ഉത്തരവുകള്‍ ഒറ്റവരിയില്‍ തീര്‍ക്കുകയും ചെയ്യുന്നു.
മനുഷ്യവകാശ ലംഘനങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ അതിന്‍മേലുള്ള ശിപാര്‍ശകള്‍ നടപ്പാക്കാനുള്ള അവകാശം കുറച്ച് കേസുകളില്‍ മാത്രമാണ് പ്രയോജനപ്പെടുത്തുന്നത്. ബഹുഭൂരിപക്ഷം കേസുകളിലും അവകാശ ലംഘനങ്ങള്‍ നിരാകരിച്ചുള്ള ഭരണകൂടത്തിന്റെ പ്രതികരണത്തിന്റെയും പൊലീസ് റിപ്പോര്‍ട്ടിന്‍െയും അടിസ്ഥാനത്തില്‍ കേസുകള്‍ അവസാനിപ്പിക്കുന്നു.
കുറ്റാരോപിതരായ പൊലീസ് അധികാരികള്‍ക്ക് തന്നെ പരാതി അന്വേഷിക്കാന്‍ ചുമതല നല്‍കുന്ന നടപടിക്രമം മനുഷ്യാവകാശത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ക്കും കമീഷന്റെ കടമകള്‍ക്കും വിരുദ്ധമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ തിങ്കളാഴ്ച ബി.ആര്‍.പി ഭാസ്‌ക്കര്‍ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. എന്‍.എച്ച്.ആര്‍.സി മുന്‍ സെക്രട്ടറി ജനറല്‍ ആര്‍.വി. പിള്ള, 'റൈറ്റ്‌സ്' ഭാരവാഹി വി.ബി. അജയകുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു.

No comments:

Post a Comment