
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് കേന്ദ്ര കൃഷിമന്ത്രി ശരദ്പവാര്‍ പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തക വന്ദന ശിവ. എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ മുന്‍കൈയെടുക്കാതെ പവാര്‍ അനുകൂലമായി വാദിക്കുന്നത് അഴിമതിയാണ്.
എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി കാസര്‍കോട്ട് സംഘടിപ്പിച്ച ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍. വിഷം വിറ്റ് കോടിക്കണക്കിന് രൂപ സമ്പാദിക്കുന്ന കുത്തകകള്‍ക്ക് ഒപ്പമാണ് സര്‍ക്കാര്‍. ഇവരുടെ ഭീഷണിയില്‍ ശാസ്ത്രജ്ഞര്‍ മൗനികളാവുന്നു. എന്‍ഡോസള്‍ഫാന്‍ പോലുള്ള വിഷത്തിന് കൃഷിയില്‍ സ്ഥാനമില്ല. ഇവ ഉപകാരപ്രദമായ കീടങ്ങളെ കൂടി നശിപ്പിക്കും.
ക്രിക്കറ്റിന് പ്രഖ്യാപിച്ച നികുതിയിളവ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിന് മാറ്റിവെക്കണം. പണത്തെ മാത്രം ആശ്രയിച്ചുള്ളതല്ല അഴിമതി. സാമൂഹികവ്യവസ്ഥയുടെ മലിനീകരണവും അഴിമതിയില്‍ പെടും. സ്‌റ്റോക് ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധത്തിനെതിരെ പവാര്‍ നിലകൊള്ളുകയാണെങ്കില്‍ അദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിക്കും കണ്‍വെന്‍ഷന്‍ കത്തയക്കണമെന്നും വന്ദന ശിവ ആവശ്യപ്പെട്ടു.
വനം മന്ത്രി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. ഏപ്രില്‍ 22ന് ഭൗമദിനത്തിന് ആതിഥേയത്വം വഹിക്കുന്നതിന് മുമ്പ് ഇന്ത്യക്ക് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ കഴിയണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നപുംസകമാകാന്‍ പാടില്ല. ഒളിച്ചോട്ടം അവസാനിപ്പിച്ച് എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്ന കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കണം അദ്ദേഹം പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ഇര ഷാഹിനയുടെ പൗരാവകാശ പ്രഖ്യാപന പ്രതിജ്ഞയോടെയായിരുന്നു കണ്‍വെന്‍ഷന്‍ തുടങ്ങിയത്. എന്‍ഡോസള്‍ഫാനെതിരെ വര്‍ഷങ്ങളായി പോരാടുന്ന ലീലാകുമാരിയമ്മയെ വന്ദന ശിവ പൊന്നാടയണിയിച്ച് ആദരിച്ചു. അംബികാസുതന്‍ മാങ്ങാടിന്റെ 'എന്‍മകജെ' നോവലിന്റെ നാലാം പതിപ്പ് വന്ദനശിവക്ക് നല്‍കി മന്ത്രി ബിനോയ് വിശ്വം പ്രകാശനം ചെയ്തു.
No comments:
Post a Comment