Sunday, April 17, 2011

എന്‍ഡോസള്‍ഫാന്‍ നിരോധം ഇന്ത്യ വീണ്ടും എതിര്‍ത്തേക്കും


എന്‍ഡോസള്‍ഫാന്‍ നിരോധം ഇന്ത്യ വീണ്ടും എതിര്‍ത്തേക്കും

ന്യൂദല്‍ഹി: സ്‌റ്റോക് ഹോം കണ്‍വെന്‍ഷന്റെ ശാസ്ത്രസമിതി യോഗത്തിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ, മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്ന നിലപാട് ഇന്ത്യ ആവര്‍ത്തിച്ചേക്കും. കേരളം ഒഴികെ മറ്റു സംസ്ഥാനങ്ങളൊന്നും എതിര്‍പ്പ് അറിയിക്കാത്ത സാഹചര്യത്തില്‍ എന്‍ഡോസള്‍ഫാനെ മാരക കീടനാശിനി വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന നിലപാടിലാണ് കേന്ദ്രം. എന്‍ഡോസള്‍ഫാന്‍ രാജ്യമൊട്ടുക്കും നിരോധിക്കണമെന്ന ദേശീയ മനുഷ്യാവകാശ കമീഷന്റെ അഭ്യര്‍ഥനയും സര്‍ക്കാര്‍ തള്ളിയിരിക്കുകയാണ്.
എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കൃഷിമന്ത്രി പവാറിന്റെ അധ്യക്ഷതയില്‍ മൂന്ന് മന്ത്രാലയ പ്രതിനിധികളെ ഉള്‍പ്പെടുത്തി സമിതിക്ക് രൂപം നല്‍കിയിരുന്നു. കൃഷിക്കു പുറമെ പരിസ്ഥിതി, ആരോഗ്യ മന്ത്രാലയങ്ങളില്‍ നിന്നുള്ളവരായിരുന്നു മറ്റംഗങ്ങള്‍. യോഗങ്ങള്‍ മുറക്ക് നടന്നെങ്കിലും എന്‍ഡോസള്‍ഫാന്‍ നിരോധമെന്ന ആവശ്യത്തോട് സമിതി അംഗങ്ങള്‍ക്ക് ഇനിയും യോജിപ്പില്ലെന്നാണ് അറിയുന്നത്. ജനീവ യോഗത്തിനു മുമ്പെ വേറിട്ടൊരു തീരുമാനം ഉണ്ടാകാനും സാധ്യത കുറവ്. വന്‍കിട കീടനാശിനി കമ്പനികളുടെ സമ്മര്‍ദം അത്രക്ക് ശക്തമാണ്.
ജനരോഷം കുറച്ചുകൊണ്ടുവരുക എന്നതിനപ്പുറം സംയുക്ത സമിതി രൂപവത്കരണം കൊണ്ട് കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. ഇക്കാര്യത്തില്‍ എന്തെങ്കിലുമൊരു തീര്‍പ്പില്‍ സമിതി എത്തിച്ചേര്‍ന്നതായി തനിക്കറിയില്ലെന്ന് കേന്ദ്ര കൃഷിസഹമന്ത്രി പ്രഫ. കെ.വി. തോമസ് 'മാധ്യമ'ത്തോട് പറഞ്ഞു.
ഏപ്രില്‍ 25 മുതല്‍ 29 വരെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയിലാണ് സ്‌റ്റോക് ഹോം കണ്‍വെന്‍ഷന്റെ ശാസ്ത്രസമിതി യോഗം. എന്‍ഡോസള്‍ഫാന്‍ നിരോധവുമായി ബന്ധപ്പെട്ട് സാങ്കേതിക വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ കണ്‍വെന്‍ഷന്‍ ചര്‍ച്ചചെയ്യും. കഴിഞ്ഞവര്‍ഷം നടന്ന യോഗത്തില്‍ ഒട്ടേറെ രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധത്തെ പിന്തുണക്കുകയായിരുന്നു. സ്‌റ്റോക് ഹോം കണ്‍വെന്‍ഷന്റെ ശാസ്ത്രസമിതി കഴിഞ്ഞ ഒക്‌ടോബറില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ഇന്ത്യയോടും മറ്റും ആവശ്യപ്പെട്ടതാണ്. ബ്രസീലും ആസ്‌ട്രേലിയയും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ നിരോധം നടപ്പാക്കിയെങ്കിലും ഇന്ത്യ കണ്ടഭാവം നടിച്ചില്ല. സര്‍ക്കാര്‍ തലത്തില്‍ രൂപവത്കരിച്ച നാലു സമിതികളും എന്‍ഡോസള്‍ഫാന് അനുകൂലമായിരുന്നുവെന്നാണ് മന്ത്രി പവാര്‍ ഇപ്പോഴും പറയുന്നത്. എന്നാല്‍, ബാനര്‍ജി സമിതിയും(1991), ആര്‍.ബി. സിങ് കമ്മിറ്റിയും(199) ജലസാമീപ്യം കൂടിയ പ്രദേശങ്ങളില്‍ എന്‍ഡോ സള്‍ഫാന്‍ ഉപയോഗിക്കരുതെന്ന് കര്‍ശനമായി നിര്‍ദേശിച്ചിരുന്നു.
കേരളം ഒഴികെ മിക്ക സംസ്ഥാനങ്ങളും എന്‍ഡോസള്‍ഫാന്‍ നിരോധത്തിന് എതിരാണെന്ന പവാറിന്റെ പ്രസ്താവനയും വിവാദമായിരുന്നു. യു.എസ് പരിസ്ഥിതി സംരക്ഷണ സമിതിയും മറ്റും എന്‍ഡോസള്‍ഫാന്‍ നിരോധത്തിനു വേണ്ടി ഇപ്പോള്‍ സജീവമായി രംഗത്തുണ്ട്.
യൂറോപ്യന്‍ യൂനിയനും മറ്റും ഉന്നയിക്കുന്ന വാദങ്ങളെ മുഖവിലക്കെടുക്കാന്‍ ഇന്ത്യയിലെ കീടനാശിനി കമ്പനികള്‍ തയാറല്ല. കാരണം ലോകത്തെ എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ എഴുപത് ശതമാനവും ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. 9,000 ടണ്‍ എന്‍ഡോസള്‍ഫാനാണ് പ്രതിവര്‍ഷം രാജ്യത്ത് ഉല്‍പാദിപ്പിക്കുന്നതെന്നാണ് കണക്ക്. ഇതില്‍ പകുതിയും ഇന്ത്യയില്‍ തന്നെയാണ് ഉപയോഗിക്കുന്നതും. താരതമ്യേന നിരക്ക് കുറഞ്ഞതിനാല്‍ കര്‍ഷകര്‍ ഇതിനോട് അമിത താല്‍പര്യം പുലര്‍ത്തുകയും ചെയ്യുന്നു. ഐ.എസ്.സി ഉള്‍പ്പെടെയുള്ള സംഘടനകള്‍ എന്‍ഡോസള്‍ഫാനെ ന്യായീകരിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് അടുത്തിടെയാണ്.
ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തില്‍ ഒന്നും പ്രതികരിക്കാന്‍ കഴിയില്ലെന്നാണ് സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന വനം പരിസ്ഥിതി മന്ത്രാലയം ജോ.സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ സമിതിയുമായി ബന്ധപ്പെട്ട മുഴുവന്‍ ചുമതലയും മന്ത്രി പവാറിനാണെന്നു പറഞ്ഞ് പ്രഫ. കെ.വി. തോമസും ഒഴിഞ്ഞുമാറുകയാണ്.


No comments:

Post a Comment