Sunday, April 10, 2011

ഐസ്‌ക്രീം കേസ്: ഡി.ജി.പിക്ക് മുഖ്യമന്ത്രിയുടെ നോട്ടീസ്


ഐസ്‌ക്രീം കേസ്: ഡി.ജി.പിക്ക് മുഖ്യമന്ത്രിയുടെ നോട്ടീസ്
അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഡി.ജി.പി കൈമാറി

തിരുവനന്തപുരം: ഐസ്‌ക്രീം കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കാണിച്ച് മുഖ്യമന്ത്രി ഡി.ജി.പിക്ക് നോട്ടീസ് നല്‍കി. അതിനിടെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് ഡി.ജി.പി ജേക്കബ് പുന്നൂസ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ശനിയാഴ്ച കൈമാറി. അന്വേഷണ സംഘം തലവന്‍ എ.ഡി.ജി.പി വിന്‍സന്‍ എം. പോള്‍ വെള്ളിയാഴ്ച ഡി.ജി.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
കേസ് ഡയറിയും രേഖകളും നിയമപരമായി മുഖ്യമന്ത്രിക്ക് കൈമാറാന്‍ കഴിയില്ലെന്ന് ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്. മുഖ്യമന്ത്രി നിര്‍ദേശിച്ച അഭിഭാഷകനുമായി കേസിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കില്ലെന്നും ഔദ്യോഗികമായി അദ്ദേഹത്തെ സര്‍ക്കാര്‍ അഭിഭാഷകനായി നിയോഗിച്ചാല്‍ മാത്രമേ അത് സാധ്യമാകൂയെന്നും സൂചിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ തന്റെ നിര്‍ദേശം നടപ്പാക്കാത്തതില്‍ മുഖ്യമന്ത്രി അതൃപ്തനാണെന്നാണ് സൂചന. അന്വേഷണ റിപ്പോര്‍ട്ടും മറ്റ് രേഖകളും നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കാട്ടി ഡി.ജി.പിക്ക് ഫാക്‌സില്‍ നോട്ടീസ് അയച്ചതിന് പുറമെ അന്വേഷണ സംഘത്തലവന്‍ വിന്‍സന്‍ പോളിനോട് വിശദീകരണം ആരായാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ആവശ്യം നടപ്പാക്കാനാകില്ലെന്നും കേസന്വേഷണം ശരിയായ ദിശയില്‍ തന്നെയാണെന്നുമുള്ള നിലപാടിലാണ് വിന്‍സന്‍ പോള്‍. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും തര്‍ക്കം പുതിയൊരു വിവാദത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.
അതിനിടെ ഐസ്‌ക്രീം പാര്‍ലര്‍, കോതമംഗലം പെണ്‍വാണിഭക്കേസുകള്‍ തെളിയിക്കാനാകില്ലെന്ന് കാണിച്ച് എ.ഡി.ജി.പി വിന്‍സന്‍ എം. പോള്‍ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയതോടെ കേസ് സി.ബി.ഐക്ക് വിടുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തി.
കേസന്വേഷണം ഊര്‍ജിതമാക്കാന്‍ മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി അഭിപ്രായം ആരാഞ്ഞെങ്കിലും അന്വേഷണം ഏറ്റെടുക്കാന്‍ അവരും വിമുഖത പ്രകടിപ്പിച്ചതോടെയാണ് കേസ് സി.ബി.ഐക്ക് വിടുന്നതിനെപ്പറ്റി മുഖ്യമന്ത്രി ചര്‍ച്ച ആരംഭിച്ചത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരില്‍ ചിലരും ഇതേനിര്‍ദേശം മുന്നോട്ടുവെച്ചു.
നിലവില്‍ അന്വേഷണസംഘം കണ്ടെത്തിയ തെളിവുകള്‍ തന്നെ തുടര്‍ നടപടികള്‍ക്ക് മതിയായവയാണെന്ന് നിയമവിദഗ്ധര്‍ നിര്‍ദേശിച്ചിട്ടും അന്വേഷണസംഘത്തിന്റെ പിന്മാറ്റത്തില്‍ മുഖ്യമന്ത്രി ക്ഷുഭിതനാണ്. ഈ സാഹചര്യത്തിലാണ് എ.ഡി.ജി.പിയോടും ഡി.ജി.പിയോടും മുഖ്യമന്ത്രി വിശദീകരണം തേടിയതും. ഒരു കാരണവശാലും ഈ കേസില്‍നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി.


No comments:

Post a Comment