Thursday, April 21, 2011

എന്‍ഡോസള്‍ഫാനെതിരെ മെഡിക്കല്‍ കോളജിന്റെ പഠനറിപ്പോര്‍ട്ട്


കോഴിക്കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയില്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തിയ ശാസ്ത്രീയ പഠനത്തില്‍ ജനങ്ങള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നം നേരിടുന്നതായി റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗമാണ് ആറുമാസമെടുത്ത് കാസര്‍കോട്ടെ 11 പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പഠനം നടത്തിയത്.
41 പേരുടെ രക്തം പരിശോധിച്ചപ്പോള്‍ എല്ലാവരിലും എന്‍ഡോസള്‍ഫാന്റെ അംശം നാലുമുതല്‍ 170 വരെ പാര്‍ട്‌സ് പര്‍ ബില്യന്‍ (പി.പി.ബി) ഉള്ളതായി കണ്ടെത്തി. സ്‌കൂള്‍വിദ്യാര്‍ഥികളില്‍ നടത്തിയ താരതമ്യപഠനത്തിലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായി സ്ഥിരീകരിച്ചു. കുട്ടികളില്‍ ഈസ്ട്രജന്റെ അളവില്‍ വലിയ വ്യത്യാസം രേഖപ്പെടുത്തി.
ആദ്യമായാണ് സര്‍ക്കാര്‍ തലത്തില്‍ എന്‍ഡോസള്‍ഫാനെക്കുറിച്ച് ശാസ്ത്രീയ പഠന റിപ്പോര്‍ട്ട് തയാറാക്കുന്നത്.
2010 ഏപ്രില്‍ ഒമ്പതിനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് പത്തു ലക്ഷം രൂപ ചെലവഴിച്ച് മെഡിക്കല്‍ കോളജിന്റെ നേതൃത്വത്തില്‍ പഠനം നടത്താന്‍ ഉത്തരവായത്. നിരവധി തടസ്സങ്ങള്‍ പിന്നിട്ട് 2010 സെപ്റ്റംബറിലാണ് പഠനം തുടങ്ങിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ പഠനറിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറിയെങ്കിലും ഇന്നലെവരെ ഉദ്യോഗസ്ഥര്‍ ആരോഗ്യമന്ത്രിക്കുപോലും റിപ്പോര്‍ട്ട് കാണിച്ചില്ല. ഒടുവില്‍ മന്ത്രി പി.കെ. ശ്രീമതി ടീച്ചര്‍ നേരിട്ടിടപെട്ട് ഇന്നലെ വീണ്ടും മെഡിക്കല്‍ കോളജിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു. എന്‍ഡോസള്‍ഫാനെതിരെ ഞെട്ടിക്കുന്ന സ്ഥിതിവിവരക്കണക്കുകളുള്ള റിപ്പോര്‍ട്ട് പൂഴ്ത്തിവെക്കാന്‍ തുടക്കംമുതലേ ശ്രമം നടന്നിരുന്നു. അതിനിടെ, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ടിന്റെ കോപ്പി ലഭിച്ച വിവരമറിഞ്ഞാണ് മന്ത്രി പി.കെ. ശ്രീമതി ടീച്ചര്‍ ഇതുസംബന്ധിച്ച വിവരമാരാഞ്ഞത്.
കാസര്‍കോട് ജില്ലയിലെ ബദിയടുക്ക, ബേളൂര്‍, എന്‍മകജെ, കുമ്പടജെ, കാറടുക്ക മുളിയാര്‍, അജാനൂര്‍, കല്ലാര്‍, പനത്തടി, പുള്ളുപെരിയ, കയ്യൂര്‍ ചീമേനി പഞ്ചായത്തുകളിലാണ് മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ ഡോ. സി. പ്രഭാകുമാരി, ഡോ. ടി. ജയകൃഷ്ണന്‍, ഡോ. തോമസ് ബിന എന്നിവരുടെ നേതൃത്വത്തില്‍ പഠനം നടത്തിയത്. വിഷം തളിച്ച മേഖലയിലും തളിക്കാത്ത മേഖലയിലും സര്‍വേ നടത്തി 10,000ത്തോളം പേരെയാണ് മെഡിക്കല്‍ സംഘം പരിശോധിച്ചത്.
വിഷം തളിച്ച മേഖലയില്‍ സ്ത്രീകളുടെ എണ്ണത്തില്‍ കുറവുള്ളതായി കണ്ടെത്തി. ആയിരം പുരുഷന്മാര്‍ക്ക് 957 സ്ത്രീകളാണ് വിഷബാധിതമേഖലയിലുള്ളത്. അതേസമയം, വിഷം തളിക്കാത്ത മേഖലയില്‍ 1016 ആണ് സ്ത്രീകളുടെ അനുപാതം. മൃഗങ്ങളുടെ മരണാനുപാതം 3.5 ആണ് എന്‍ഡോസള്‍ഫാന്‍ മേഖലയില്‍. മറുഭാഗത്ത് ഇത് അഞ്ച് ശതമാനമാണ്. ഗുരുതര രോഗങ്ങളെത്തുടര്‍ന്ന് 4.8 ശതമാനം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിപ്പോള്‍ മറുഭാഗത്ത് 2.9 ശതമാനംപേരേ ഗുരുതര രോഗബാധിതരുള്ളൂ. വിഷമഴ പെയ്ത മേഖലയില്‍ പത്ത് വയസ്സിനുമുകളിലുള്ള കുട്ടികളില്‍ താരതമ്യേന 6.7 ഇരട്ടി ചലനവൈകല്യമുള്ളവരാണ്.
വിഷം തളിക്കാത്ത മേഖലയില്‍ ആറ് ശതമാനമോ അതിന് താഴെയോയാണ് ചലനവൈകല്യ നിരക്ക്.
സാധാരണത്തേതില്‍നിന്നും 2.25 ഇരട്ടി സ്ത്രീകള്‍ വിഷബാധിതമേഖലയില്‍ ചാപിള്ള പ്രസവിക്കുന്നതായി കണ്ടെത്തി. 2000ത്തിനുമുമ്പ് 30 വയസ്സിനുമുകളിലുള്ള പകുതിയോളം പേര്‍ പ്രത്യുല്‍പാദനത്തകരാറിന് ചികിത്സ തേടുന്നവരാണ്. അതേസമയം, 2000ത്തിനുശേഷം 30 വയസ്സ് പൂര്‍ത്തിയായവരില്‍ ആറ് ശതമാനമോ അതില്‍ കുറവോ ആണ് പ്രത്യുല്‍പാദന ചികിത്സ തേടുന്നത്.
2000ത്തിനുമുമ്പ് വിവാഹം കഴിച്ച 7.4 ശതമാനം സ്ത്രീകള്‍ക്ക് ഗര്‍ഭമലസിയപ്പോള്‍ 2000ത്തിനുശേഷം വിവാഹിതരായവരില്‍ 4.3 ശതമാനം പേര്‍ക്കേ ഈ അവസ്ഥയുള്ളൂ. 2000ത്തിനുമുമ്പ് 1.4 ശതമാനം സ്ത്രീകള്‍ ചാപിള്ള പ്രസവിച്ചു. 2000ത്തിനുശേഷമിത് .4 ശതമാനമായി കുറഞ്ഞു.
സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നടത്തിയ താരതമ്യപഠനത്തില്‍ ശരീരവളര്‍ച്ചയിലും മരണനിരക്കിലും അംഗവൈകല്യത്തിലും ജന്മവൈകല്യത്തിലും വലിയ വ്യത്യാസമുണ്ട്.
വിഷബാധിതമേഖലയിലെ ബോവിക്കാനം സ്‌കൂളിലെയും വിഷമെത്താത്ത കാലിച്ചാനം സ്‌കൂളിലെയും കുട്ടികളെയാണ് താരതമ്യ പഠനത്തിന് വിധേയമാക്കിയത്. എന്‍ഡോസള്‍ഫാന്‍ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് തൂക്കവും ഉയരവും മറുഭാഗത്തെ അപേക്ഷിച്ച് വളരെ കുറവാണ്. ജന്മവൈകല്യത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയരായ കുട്ടികളുടെ എണ്ണത്തിലും വന്‍ വ്യത്യാസമുണ്ട്. ബോവിക്കാനത്ത് 3.1 ശതമാനം കുട്ടികള്‍ അപസ്മാരരോഗികളാണ്. കാലിച്ചാനത്ത് ഇത് 1.5 ശതമാനമാണ്. ആദ്യത്തെ സ്‌കൂളില്‍ 9.7 ശതമാനം കുട്ടികള്‍ ആസ്ത്മരോഗികളാണ്.
രണ്ടാമത്തെ സ്‌കൂളില്‍ 4.8 ശതമാനമാണ് ഇതേ രോഗമുള്ളവര്‍. ത്വഗ്‌രോഗങ്ങളും വിഷമേഖലയിലെ കുട്ടികള്‍ക്ക് കൂടുതലാണ്. 20 ശതമാനം കുട്ടികള്‍ ത്വഗ്‌രോഗികളാണ്.
മറുഭാഗത്ത് 11 ശതമാനമാണ്. 18 ശതമാനം കുട്ടികളും ദുരിതമേഖലയില്‍ കാഴ്ചവൈകല്യം നേരിടുമ്പോള്‍ മറുഭാഗത്ത് ആറു ശതമാനം പേര്‍ക്കേ ഈ പ്രശ്‌നമുള്ളൂ.
ഈ മേഖലയിലെ പ്ലാന്‍േറഷന്‍ കോര്‍പറേഷന്റെ കശുവണ്ടിത്തോട്ടങ്ങളില്‍ 1980 മുതല്‍ 2000 വരെ വ്യാപകമായി എന്‍ഡോസള്‍ഫാന്‍ തളിച്ചിരുന്നു.

No comments:

Post a Comment