Sunday, April 24, 2011

സ്‌റ്റോക്‌ഹോം യോഗം ഇന്ന്


സ്‌റ്റോക്‌ഹോം യോഗം ഇന്ന്

ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ ആഗോളവ്യാപകമായി നിരോധിക്കുന്ന കാര്യം ചര്‍ച്ചചെയ്യാന്‍ സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ തിങ്കളാഴ്ച തുടങ്ങും. ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുത് എന്ന നിലപാട് യോഗത്തില്‍ സ്വീകരിക്കും. 2010ല്‍ നടന്ന സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്‍ നിരോധിക്കപ്പെടേണ്ട മാരക കീടനാശിനികളുടെ പട്ടികയില്‍ എന്‍ഡോസള്‍ഫാനെ ഉള്‍പ്പെടുത്തിയിരുന്നു. ഈ നടപടിക്ക് ഇത്തവണ കണ്‍വെന്‍ഷന്‍ അംഗീകാരം നല്‍കിയാല്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ മാരക കീടനാശിനി നിരോധിക്കാന്‍ നിര്‍ബന്ധിതരാകും. നിരോധം കര്‍ഷക ദ്രോഹമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ പക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്നത്. അതേസമയം, കേരളമടക്കം പല സംസ്ഥാനങ്ങളും ഈ കണ്‍വെന്‍ഷന്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ്. കണ്‍വെന്‍ഷന്‍ തീരുമാനം എടുത്താല്‍ എതിര്‍പ്പ് പ്രകടിപ്പിച്ച രാജ്യങ്ങളും നിരോധം നടപ്പാക്കാന്‍ ബാധ്യസ്ഥരാവും.
വികസിത രാജ്യങ്ങളടക്കമുള്ള അംഗരാജ്യങ്ങളില്‍ ഭൂരിപക്ഷവും എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന നിലപാടിലാണ്. അതിനാല്‍, വോട്ടെടുപ്പിനിട്ടാല്‍ എന്‍ഡോസള്‍ഫാന്‍ നിരോധത്തിന് അന്തര്‍ദേശീയ അംഗീകാരം ലഭിക്കുമെന്ന ഭീതിയിലാണ് ഇന്ത്യ. അതിനാല്‍, എന്തുവില കൊടുത്തും തീരുമാനം വോട്ടിനിടുന്നത് തടയുകയായിരുന്നു ഇന്ത്യ ഇതുവരെ ചെയ്തിരുന്നത്. ആഗോളതലത്തില്‍ എന്‍ഡോസള്‍ഫാന്റെ 70 ശതമാനവും ഇന്ത്യയിലാണ് ഉപയോഗിക്കുന്നതും ഉല്‍പാദിപ്പിക്കുന്നതും. ബാക്കി ഇസ്രായേലിലെയും ബ്രസീലിലെയും കമ്പനികളാണ് ഉല്‍പാദിപ്പിക്കുന്നത്. എന്‍ഡോസള്‍ഫാന്റെ ആദ്യ ഉല്‍പാദകരായ ജര്‍മനി ഉല്‍പാദനം നിര്‍ത്തി നിരോധമേര്‍പ്പെടുത്തിക്കഴിഞ്ഞു.
എന്‍ഡോസള്‍ഫാന്‍ നിരോധത്തെ ഇന്ത്യ എതിര്‍ക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍ തനിക്ക് ഉറപ്പുനല്‍കിയിരുന്നതായി അറിയപ്പെടുന്ന എന്‍ഡോസള്‍ഫാന്‍ ലോബിയിസ്റ്റ് ചെംഗല്‍ റെഡ്ഢി വെളിപ്പെടുത്തി. എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള കീടനാശിനികള്‍ക്കും ജനിതക മാറ്റം വരുത്തിയ വിത്തിനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന കണ്‍സോര്‍ട്യം ഓഫ് ഇന്ത്യന്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ എന്ന സംഘടനയുടെ സെക്രട്ടറി ജനറലാണ് ചെംഗല്‍ റെഡ്ഢി. ഇന്ത്യയിലെ എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കളും വിതരണക്കാരും നിരോധത്തെ ശക്തമായി എതിര്‍ക്കുകയാണ്.

സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്‍ എന്നാല്‍
2001 മേയിലാണ് ജൈവഘടനയെ ബാധിക്കുന്ന കീടനാശിനികളെ നിയന്ത്രിക്കാനും നിരോധിക്കാനും ലക്ഷ്യമിട്ട് ഐക്യരാഷ്ട്ര സംഘടനയുടെ കീഴില്‍, സ്വീഡന്റെ തലസ്ഥാനമായ സ്‌റ്റോക്‌ഹോമില്‍ നടന്ന കണ്‍വെന്‍ഷനില്‍ അന്താരാഷ്ട്ര പാരിസ്ഥിതിക കരാര്‍ ഒപ്പുവെച്ചത്. 2004 മേയ് മുതലാണ് കരാര്‍ നിലവില്‍ വന്നത്. പിന്നീട് ഈ കരാര്‍ സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്‍ എന്നറിയപ്പെട്ടു. ഇന്ത്യയില്‍ 2006 ഏപ്രില്‍ 13 മുതലാണ് കരാര്‍ നിലവില്‍ വന്നത്. ഇതോടെ സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്‍ തീരുമാനങ്ങള്‍ അനുസരിക്കാന്‍ ഇന്ത്യ ബാധ്യസ്ഥമായി. അതിനാല്‍, എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ഇത്തവണ കണ്‍വെന്‍ഷന്‍ തീരുമാനിച്ചാല്‍ ഇന്ത്യയും അത് അംഗീകരിക്കേണ്ടി വരും.
ഇത്തവണ സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ 173 രാജ്യങ്ങളും സംഘടനകളുമാണ് പങ്കെടുക്കുക. എന്‍ഡോസള്‍ഫാനടക്കം 20 കീടനാശിനികളുടെ ഭാവി നിര്‍ണയിക്കുന്ന സമ്മേളനമാണിത്

No comments:

Post a Comment