Monday, April 25, 2011

നിരാഹാരം: ബായിസിന്റെ ആരോഗ്യനില മോശം; സമരം തുടരും





മലപ്പുറം: എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുന്ന വിദ്യാര്‍ഥിയായ പി. അബ്ദുല്‍ബായിസിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ചൊവ്വാഴ്ച മൂന്നാം ദിവസേത്തക്ക് കടക്കുന്ന നിരാഹാരം അവസാനിപ്പിക്കാന്‍ തയാറാവാത്തതിനാല്‍ തുടരുകയാണ്. ഞായറാഴ്ച രാവിലെ പത്ത് മുതലാണ് സമരം തുടങ്ങിയത്.
ജില്ലാ കലക്ടര്‍ പി.എം. ഫ്രാന്‍സിസിന്റെ നിര്‍ദേശപ്രകാരം താലൂക്കാശുപത്രിയിലെ ഡോക്ടര്‍മാര്‍ തിങ്കളാഴ്ച വൈകീട്ട് ബായിസിനെ പരിശോധിച്ചു. രക്തസമ്മര്‍ദം കുറഞ്ഞതായി കണ്ടെത്തി. കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടിയുള്ള സമരത്തിന് ഐക്യദാര്‍ഢ്യമായാണ് ഒന്നാംവര്‍ഷ ബി.എ വിദ്യാര്‍ഥി ബായിസ് സമരം തുടങ്ങിയത്. സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്‍ അവസാനിക്കുന്ന ഏപ്രില്‍ 29 വരെ നിരാഹാരസമരം തുടരും.
തിങ്കളാഴ്ച സമരപ്പന്തലിലെത്തി നൂറുകണക്കിനാളുകള്‍ ബായിസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന പ്രമേയത്തില്‍ ഒപ്പുവെക്കുകയും ചെയ്തു.
യൂത്ത് കോണ്‍ഗ്രസ്, എം.എസ്.എഫ്, സോളിഡാരിറ്റി, ഐ.എന്‍.എല്‍, എ.ഐ.വൈ.എഫ്, യൂത്ത്ഫ്രണ്ട് തുടങ്ങിയ സംഘടനകള്‍ സമരപ്പന്തലില്‍ പ്രകടനമായെത്തിയാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ പ്രവര്‍ത്തകരായ എ. അഹമ്മദ്, സി.എച്ച്. ഉമര്‍, ഹരിദാസ്, എന്‍. കൃഷ്ണന്‍ തുടങ്ങിയവര്‍ പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സോളിഡാരിറ്റി മലപ്പുറം ഏരിയാ പ്രസിഡന്റ് സി.എച്ച്. ബഷീര്‍, സെക്രട്ടറി അമാനുല്ല, കെ.പി. നജീബ്, ഷഫീസ് തുടങ്ങിയവരും പിന്തുണ പ്രഖ്യാപിച്ചു.
ബായിസിന് വേണ്ടി വിദ്യാര്‍ഥി സമൂഹം രംഗത്തിറങ്ങണമെന്ന് 'സീഡ് ഇന്ത്യ' ആവശ്യപ്പെട്ടു.
ചെയര്‍മാന്‍ ഇല്യാസ് ടി. കുണ്ടൂര്‍, വൈസ് ചെയര്‍മാന്‍ അഡ്വ. കുഞ്ഞാലിക്കുട്ടി കടക്കുളത്ത്, സെക്രട്ടറി സലിം വടക്കന്‍, ട്രഷറര്‍ ടി. അയ്യപ്പന്‍ എന്നിവര്‍ പന്തലിലെത്തി പിന്തുണ പ്രഖ്യാപിച്ചു.

3 comments:

  1. ഐക്യദാര്‍ഢ്യം

    ReplyDelete
  2. പ്രിയ ബായിസിനു അഭിവാദ്യങ്ങള്‍...!

    ReplyDelete
  3. അഭിവാദ്യങ്ങള്‍

    ReplyDelete