Monday, April 11, 2011

നിലമ്പൂരില്‍ ആര്യാടന്‍ പ്രതിരോധത്തില്‍



മലപ്പുറം: നിലമ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ മുഹമ്മദും എല്‍.ഡി.എഫ് സ്വതന്ത്രന്‍ പ്രഫ. എം. തോമസ് മാത്യൂവും തമ്മില്‍ പോരാട്ടം കനത്തു. തുടക്കത്തില്‍ യു.ഡി.എഫിന് മേല്‍കൈ ഉണ്ടായിരുന്ന മണ്ഡലത്തില്‍, പ്രചാരണത്തിന്റെ അന്ത്യത്തോടടുത്ത് ചിത്രം മാറി. ആര്യാടന്റെ തന്ത്രങ്ങളെ ചെറുത്ത് ഇടതുമുന്നണി പ്രചാരണത്തില്‍ നടത്തുന്ന മുന്നേറ്റം നിലമ്പൂരില്‍ ഫലം പ്രവചനാതീതമാക്കിയിട്ടുണ്ട്. കുടിയേറ്റ കര്‍ഷക കുടുംബാംഗവും കോളജ് അധ്യാപകനുമായ തോമസ് മാത്യൂവിനെ രംഗത്തിറക്കി എല്‍.ഡി.എഫ് നടത്തിയ പരീക്ഷണമാണ് മണ്ഡലത്തില്‍ പതിനൊന്നാം അങ്കത്തിനിറങ്ങിയ ആര്യാടനെ പ്രതിരോധത്തിലാക്കിയത്. യു.ഡി.എഫ് കോട്ടകളായ കാളികാവ്, ചോക്കാട്, ചാലിയാര്‍ പഞ്ചായത്തുകള്‍ പുനര്‍വിഭജനത്തില്‍ വിട്ടുപോയതിനാല്‍ മണ്ഡലത്തില്‍ ഇരുമുന്നണികളും തമ്മിലുള്ള വോട്ടിന്റെ വിത്യാസം കുറവാണ്. മണ്ഡലത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് നടത്തിയ പ്രചാരണം വോട്ടര്‍മാരെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. പ്രചാരണ യോഗങ്ങളില്‍ ആര്യാടന് ഇതിന് കാര്യമായി മറുപടി നല്‍കേണ്ടി വന്നു. കോണ്‍ഗ്രസിലെ രണ്ടാം നിരയുടെ അസംതൃപ്തിയാണ് ആര്യാടന്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. മകന്‍ ഷൌക്കത്തിനെ നിലമ്പൂരില്‍ പിന്‍ഗാമിയാക്കാനുള്ള നീക്കത്തില്‍ രണ്ടാം നിര നേതൃത്വം അതൃപ്തരാണ്. മുതിര്‍ന്ന നേതാക്കളെ തഴഞ്ഞ് ഷൌക്കത്തിനെ കെ.പി.സി.സി അംഗമാക്കിയപ്പോള്‍ തുടങ്ങിയ അകല്‍ച്ചയാണ് ഇപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത്. ഡി.സി.സി നേതൃത്വത്തിലെ വലിയൊരു വിഭാഗത്തിന്റെ പിന്തുണ ഭിന്നിച്ചുനില്‍ക്കുന്നവര്‍ക്കുണ്ട്. യു.ഡി.എഫ് പ്രചാരണത്തിന്റെ ചുമതല ഇക്കുറി ഷൌക്കത്തിനാണ്. ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കുന്നതിനാല്‍ യു.ഡി.എഫ് ബൂത്ത്തല പ്രവര്‍ത്തനം മന്ദഗതിയിലാണ്. അവസാന വട്ടത്തില്‍ കുറവുകള്‍ പരിഹരിക്കാന്‍ ശ്രമം ഉണ്ടായെങ്കിലും ഇത് പൂര്‍ണ്ണമായി വിജയിച്ചിട്ടില്ല. മൂത്തേടം, പോത്തുക്കല്‍, വഴിക്കടവ് പഞ്ചായത്തുകളില്‍ മുസ്ലിം ലീഗ് ഇടഞ്ഞുനില്‍ക്കുന്നത് യു.ഡി.എഫിന് വിനയാണ്. പാണക്കാട് തങ്ങള്‍ കുടുംബത്തില്‍ ആരും മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയിരുന്നില്ല. അവസാനത്തില്‍ ഇവരെ കൊണ്ടുവരാനുള്ള ശ്രമം വിജയിച്ചില്ല. ഇടതു സ്ഥാനാര്‍ഥി കൃസ്ത്യന്‍ വോട്ടുകളില്‍ വിള്ളല്‍ ഉണ്ടാക്കുമെന്ന് യു.ഡി.എഫ് ഭയപ്പെടുന്നുണ്ട്. ഇതിനാല്‍ മലയോര പ്രദേശങ്ങളിലാണ് ഇരു മുന്നണികളും പ്രചാരണം കേന്ദ്രീകരിച്ചത്. വിവിധതരത്തില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന അടിയൊഴുക്കുകളിലാണ് എല്‍.ഡി.എഫ് പ്രതീക്ഷ.
ഇപ്പോള്‍ മണ്ഡലത്തില്‍ നേരിയ ലീഡ് മാത്രമാണ് ഇരുമുന്നണികളും പ്രതീക്ഷിക്കുന്നത്. എല്ലാ പഞ്ചായത്തുകളിലും വോട്ടിന്റെ കണക്ക്വെച്ച് ഇഞ്ചോടിഞ്ച് മല്‍സരമാണ്. ഇതിനാല്‍ എസ്.ഡി.പി.ഐ, ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ പിടിക്കുന്ന വോട്ടുകള്‍ നിര്‍ണ്ണായകമാണ്.

2 comments:

  1. nilamburile chila nethakkanmarkku kurachu ahamgaram kooduthal anu

    ReplyDelete
  2. സഖാവെ...നിലമ്പൂര്‍ കണ്ടു പനിക്കേണ്ട...

    ReplyDelete