
ന്യൂദല്‍ഹി: രാജ്യം സാമ്പത്തിക രംഗത്ത് കുതിക്കുന്നെന്ന് അവകാശപ്പെടുമ്പോഴും കോടിക്കണക്കിന് ആളുകള്‍ പട്ടിണിയില്‍ തുടരുന്നതും അനേകര്‍ പട്ടിണി കിടന്ന് മരിക്കുന്നതും എന്തുകൊണ്ടെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനോട് ആരാഞ്ഞു. ദാരിദ്ര്യരേഖക്ക് താഴെയുള്ളവരെ (ബി.പി.എല്‍) കണ്ടെത്താന്‍ കേന്ദ്രവും ആസൂത്രണ കമീഷനും സ്വീകരിക്കുന്ന മാനദണ്ഡങ്ങളെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.
യഥാര്‍ഥ ബി.പി.എല്ലുകാര്‍ക്ക് പലയിടത്തും ഭക്ഷ്യധാന്യം നിഷേധിക്കപ്പെടുന്നതായി ചൂണ്ടിക്കാട്ടി പൗരാവകാശ സംഘടനയായ പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പി.യു.സി.എല്‍) സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കവേയാണ് പരമോന്നത കോടതിയുടെ നിരീക്ഷണങ്ങള്‍. രാജ്യത്തെ റേഷന്‍ വിതരണ സമ്പ്രദായത്തില്‍ വന്‍ ക്രമക്കേടു നടക്കുന്നതായും പി.യു.സി.എല്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യ ഭക്ഷ്യധാന്യ ഉല്‍പാദനത്തില്‍ റെക്കോഡ് നേട്ടം കൊയ്‌തെന്ന് അവകാശപ്പെടുന്ന ഈ വര്‍ഷം പോലും ദാരിദ്ര്യം കൂടുതലുള്ള ജില്ലകളില്‍ അധികധാന്യം വിതരണം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോടതി സര്‍ക്കാറിനോട് ചോദിച്ചു. ഇക്കാര്യത്തില്‍ കേന്ദ്രവും ആസൂത്രണ കമീഷനും മേയ് 10നകം രേഖാമൂലം മറുപടി നല്‍കാനും കോടതി നിര്‍ദേശിച്ചു.
'രണ്ട് ഇന്ത്യയെ സൃഷ്ടിക്കാനല്ല നിങ്ങള്‍ (സര്‍ക്കാര്‍) ശ്രമിക്കേണ്ടത്. ദരിദ്രരുടെ ഇന്ത്യയും സമ്പന്നരുടെ മറ്റൊരിന്ത്യയും ഉണ്ടാവാന്‍ അനുവദിക്കരുത്. എല്ലാവരുടെയും പട്ടിണി മാറ്റാനാവണം ശ്രമം' -ജസ്റ്റിസുമാരായ ദല്‍വീര്‍ ഭണ്ഡാരി, ദീപക് വര്‍മ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. 'ദാരിദ്ര്യം ഇല്ലാതാക്കുന്ന കാര്യത്തില്‍ നമ്മുടെ പൊതു സമീപനങ്ങള്‍ വൈരുധ്യങ്ങള്‍ നിറഞ്ഞതും നിഷ്ഫലവുമായി പോകുന്നു. നാം ശക്തമായ രാജ്യമാണെന്ന് നിങ്ങള്‍ അവകാശപ്പെടുന്നു. അതേസമയംതന്നെ രാജ്യത്ത് അനേകര്‍ പട്ടിണി കിടന്നു മരിക്കുന്നു' -കേന്ദ്ര സര്‍ക്കാറിനുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരനിനോടായി കോടതി പറഞ്ഞു. പോഷകാഹാരക്കുറവ് നികത്താനുള്ള സര്‍ക്കാര്‍ സമീപനങ്ങളില്‍ വലിയ വൈരുധ്യങ്ങളുണ്ടെന്ന് കോടതി വിലയിരുത്തി. ഇത്തവണ രാജ്യത്ത് ഭക്ഷ്യഗോഡൗണുകള്‍ നിറഞ്ഞുകവിഞ്ഞെന്നാണ് വാര്‍ത്തകള്‍. ഇത് സന്തോഷകരം തന്നെ. പക്ഷേ, ഇതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുന്നതേയില്ല -കോടതി ഓര്‍മിപ്പിച്ചു.
സര്‍ക്കാര്‍ നിരന്തര ശ്രമങ്ങളിലൂടെ ദാരിദ്ര്യം കുറച്ചുകൊണ്ടുവരുകയാണെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ കോടതി ഇടപെട്ടു-'കുറച്ചുകൊണ്ടു വരുക എന്നതിലൂടെ നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്? എന്നാണ് ഈ നാട്ടില്‍ പട്ടിണി പൂര്‍ണമായി ഇല്ലാതാവുക?'- കോടതി ചോദിച്ചു.
ബി.പി.എല്ലുകാരെ കണ്ടെത്താന്‍ മാനദണ്ഡമുണ്ടാക്കിയ ആസൂത്രണ കമീഷനെ കോടതി വിമര്‍ശിച്ചു. രാജ്യത്ത് 36 ശതമാനം ജനങ്ങള്‍ മാത്രമേ ബി.പി.എല്ലുകാരായി ഉണ്ടാകാവൂ എന്ന് കമീഷന്‍ നിര്‍ബന്ധം പിടിച്ചത് അതിശയകരം തന്നെ. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാറുകള്‍തന്നെ നല്‍കിയ സത്യവാങ്മൂലത്തില്‍ 36 ശതമാനത്തിലും കൂടുതലാണ് പട്ടിണിക്കാര്‍ എന്നു പറയുന്നുണ്ട്. തങ്ങളുടെ സംസ്ഥാനങ്ങളില്‍ ദരിദ്രരുടെ എണ്ണം കൂടുതലാണെങ്കിലും ആസൂത്രണ കമീഷന്റെ മാര്‍ഗനിര്‍ദേശം സ്വീകരിക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്നും സംസ്ഥാനങ്ങള്‍ പറയുന്നു.
2011ലും 1991ലെ കാനേഷുമാരി അടിസ്ഥാനമാക്കിയാണ് ബി.പി.എല്ലുകാരെ കണ്ടെത്തിയത്. നഗരങ്ങളില്‍ 20 രൂപയും ഗ്രാമങ്ങളില്‍ 11 രൂപയും വരുമാനമുള്ളവര്‍ എ.പി.എല്‍ ആണെന്ന് കമീഷന്‍ പറയുന്നു. ഇത്രയും കുറഞ്ഞ തുക മാനദണ്ഡമാകുന്നതെങ്ങനെയെന്ന് കോടതി ചോദിച്ചു. ഗ്രാമങ്ങളിലുള്ളവര്‍ക്ക് പോലും ജീവിക്കാന്‍ ദിവസം 20 രൂപ മതിയാകില്ല. ബി.പി.എല്‍ നിര്‍ണയത്തിലെ വൈരുധ്യം സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആസൂത്രണ കമീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന് കോടതി നിര്‍ദേശം നല്‍കി.
ഇന്ത്യയെന്ന പട്ടിണിപ്പാത്രം
പട്ടിണി ഇല്ലാതാക്കാന്‍ ഇന്ത്യയില്‍ നടക്കുന്ന ശ്രമങ്ങള്‍ ഫലം കാണുന്നില്ലെന്ന യാഥാര്‍ഥ്യമാണ് പരമോന്നത കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ലോകത്തെ ദരിദ്രരില്‍ മൂന്നിലൊന്ന് ഇന്ത്യയിലാണെന്നാണ് ആഗോള കണക്കുകള്‍. 2005ല്‍ ലോകബാങ്ക് നടത്തിയ പഠനം പറയുന്നത് ഇന്ത്യയിലെ പട്ടിണിക്കാരുടെ എണ്ണം 42 കോടി എന്നാണ്.
ദിവസം 50 രൂപയില്‍ താഴെ വരുമാനമുള്ളവരെയാണ് ലോകബാങ്ക് ദരിദ്രരായി എണ്ണിയത്. ഇന്ത്യയിലെ ജനങ്ങളില്‍ 80 ശതമാനവും ദിവസം നൂറു രൂപയില്‍ താഴെ വരുമാനമുള്ളവരാണെന്ന് പഠനങ്ങള്‍ പറയുന്നു. രാജ്യത്തെ സമ്പത്തിന്റെ 90 ശതമാനവും കേവലം 20 ശതമാനം അതിസമ്പന്നരില്‍ മാത്രമാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നാണ് കണക്കുകള്‍. ഇന്ത്യയിലെ പട്ടിണിക്കാരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 37 ശതമാനത്തില്‍ നിന്ന് 32 ശതമാനമായി കുറഞ്ഞെന്നാണ് കേന്ദ്ര ആസൂത്രണ കമീഷന്‍ പറയുന്നത്. ഈ വാദമാണ് കോടതി ഇപ്പോള്‍ ചോദ്യം ചെയ്തിരിക്കുന്നത്. 20 ലക്ഷം കുഞ്ഞുങ്ങള്‍ ഇന്ത്യയില്‍ പ്രതിവര്‍ഷം പോഷകാഹാരം കിട്ടാതെയും പരിചരണവും ചികിത്സയും ഇല്ലാതെയും മരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനതന്നെ പറയുന്നു.
No comments:
Post a Comment