Saturday, April 2, 2011

പി.ഡി.പി മുന്‍ നേതാവ് യു.കുഞ്ഞിമുഹമ്മദ് പാര്‍ട്ടി വിട്ടു


മലപ്പുറം: പി.ഡി.പി മുന്‍ സംസ്ഥാന വൈസ്‌ചെയര്‍മാന്‍ യു.കുഞ്ഞിമുഹമ്മദ് പാര്‍ട്ടി വിട്ടു. രാജിക്കത്ത് ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് അയച്ചുകൊടുത്തതായി കുഞ്ഞിമുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് അടുത്തിട്ടും നിലപാട് പ്രഖ്യാപിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. പാര്‍ട്ടി മല്‍സരിക്കാത്ത മണ്ഡലങ്ങളില്‍ പിന്തുണ ആര്‍ക്കെന്നത് സംബന്ധിച്ച് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.

ചെയര്‍മാനെ തളച്ചിട്ട് ഇടപാട് രാഷ്ട്രീയം കളിക്കുകയാണ് നേതൃത്വം. കാരണം കാണിക്കല്‍ നോട്ടീസുപോലും നല്‍കാതെയാണ് ഒരുവര്‍ഷമായി തന്നെ വൈസ്‌ചെയര്‍മാന്‍ പദവിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുന്നത്. തന്നെ കേന്ദ്രസമിതിയില്‍ ഉള്‍പ്പെടുത്താന്‍ മഅ്ദനി ജയിലില്‍ നിന്ന് നിര്‍ദേശം നല്‍കിയിട്ടും ഇപ്പോഴത്തെ നേതൃത്വം തയ്യാറായിട്ടില്ല. മഅ്ദനിയുടെ ജയില്‍ മോചനത്തിന് സത്വര നടപടികള്‍ സ്വീകരിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകുന്നില്ല. ഇതിലെല്ലാം പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നത്.

സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഒരു പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ആലോചിക്കുന്നത്. മുസ്‌ലിം ലീഗില്‍ ആയിരിക്കുമോ എന്ന ചോദിച്ചപ്പോള്‍ പാര്‍ട്ടി ഏതെന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നായിരുന്നു കുഞ്ഞുമുഹമ്മദിന്റെ മറുപടി. മഅ്ദനിയുടെ മോചനത്തിനായി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും അണിനിരത്തി ജനകീയ സമരത്തിന് രൂപം നല്‍കുമെന്നും മഅ്ദനിയുടെ അനുമതി ലഭിച്ചാല്‍ നിയമ പോരാട്ടം നടത്തുമെന്നും കുഞ്ഞിമുഹമ്മദ് പറഞ്ഞു. പൊലീസ് ഉദ്യോഗം രാജിവെച്ച് 1994ല്‍ പി.ഡി.പിയില്‍ ചേര്‍ന്ന കുഞ്ഞുമുഹമ്മദ് പാര്‍ട്ടിയുടെ സീനിയര്‍ ജനറല്‍ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്.


No comments:

Post a Comment