
തിരുവനന്തപുരം: പുറമേ ശാന്തമാണെങ്കിലും വോട്ടെടുപ്പില്‍ അടിയൊഴുക്കുകളേറെ. ബി.ജെ.പി വോട്ടില്‍ യു.ഡി.എഫ് പ്രതീക്ഷയര്‍പ്പിച്ച് വന്‍ വിജയം പ്രതീക്ഷിക്കുമ്പോള്‍, കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങളും യു.ഡി.എഫിലെ വിവിധ കക്ഷികളിലുള്ള അതൃപ്തിയും രാഷ്ട്രീയ സാഹചര്യവും തുണക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണിയില്‍ ഘടകകക്ഷികളായിരുന്ന നിര്‍ണായക വോട്ടുകളുള്ള രണ്ടു പാര്‍ട്ടികള്‍ ഇക്കുറി യു.ഡി.എഫിലാണെങ്കിലും തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പുണ്ടായ കോടതിവിധികളും കേസുകളും തുടര്‍ന്നുള്ള സംഭവവികാസങ്ങളും അനുകൂലമാവുമെന്നു തന്നെയാണ് ഇടതുപക്ഷത്തിന് നേതൃത്വം നല്കുന്ന സി.പി.എമ്മിന്റെ നേതാക്കളുടെ വിശ്വാസം.
വന്‍ വിജയമുണ്ടാകുമെന്ന ശുഭാപ്തിയാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍ പ്രകടിപ്പിക്കുന്നത്. ബി.ജെ.പി. ശക്തി തെളിയിക്കാനായി നീക്കിവെച്ച 20 മണ്ഡലങ്ങള്‍ ഒഴികെ മറ്റെല്ലാറ്റിലും അവരുടെ സഹായം ലഭിച്ചതായാണ് യു.ഡി.എഫ് നേതൃത്വം കരുതുന്നത്.
കോണ്‍ഗ്രസിലെ ഒരു വിഭാഗം മാത്രമാണ് ബിജെ.പി വോട്ടിനായി രഹസ്യനീക്കം നടത്തിയതെങ്കിലും അത് പെതുവേ ഗുണം ചെയ്തതായി കോണ്‍ഗ്രസിലെ മറുഭാഗത്തെ ചില നേതാക്കളും വിശ്വസിക്കുന്നു. തെരഞ്ഞെടുത്ത 25 മണ്ഡലങ്ങളില്‍ മാത്രമാണ് ബിജെ.പിയുടെ സഹായം പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍, ബി.ജെ.പിയുടെ ചില പ്രമുഖ നേതാക്കള്‍ മത്സരിച്ച മണ്ഡലങ്ങളില്‍ പോലും അവസാനം സ്ഥാനാര്‍ഥികള്‍ അപ്രത്യക്ഷമായി. തിരുവനന്തപുരം മണ്ഡലത്തില്‍ മികച്ച മത്സരം കാഴ്ചവെക്കുമെന്നു കരുതിയിരുന്ന ബി.ജെ.പി. നേതാവ് അസുഖത്തിന്റെ പേരില്‍ അവസാന ദിനങ്ങളില്‍ മണ്ഡലത്തിലുണ്ടായില്ല. ഇതുപോലെ വിവിധ പ്രദേശങ്ങളിലായി അവസാന ഘട്ടത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥികള്‍ അപ്രത്യക്ഷരായിരുന്നു. പകരമായി തെക്കും വടക്കുമുള്ള ജില്ലകളില്‍ രണ്ടു മണ്ഡലങ്ങളിലെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യു.ഡി.എഫിനായി രംഗത്തുണ്ടായിരുന്നില്ല.
അതേസമയം, യു.ഡി.എഫിനുള്ളിലും ചില പ്രശ്നങ്ങള്‍ ഉണ്ടായതായാണ് സി.പി.എം നേതൃത്വം വിശ്വസിക്കുന്നത്. ചിറ്റൂരില്‍ ജനതാദളും പട്ടാമ്പിയില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗവും ഇടതുപക്ഷത്തിന് അനുകൂലമായി പരസ്യമായി തന്നെ വോട്ടു മറിച്ചു. അതിനു പുറമേ യു.ഡി.എഫ് സ്ഥാനാര്‍ഥികളെ തോല്പിക്കാനുള്ള നീക്കം പല മണ്ഡലങ്ങളിലും കോണ്‍ഗ്രസില്‍നിന്നു തന്നെയുണ്ടായതായി വിവിധ ജില്ലകളില്‍നിന്ന് സി.പി.എം പ്രാദേശിക ഘടകങ്ങള്‍ നേതൃത്വത്തിന് സൂചന നല്‍കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ അട്ടിമറി വിജയം തങ്ങളുടേതായിരിക്കുമെന്നാണ് അവരുടെ വിശ്വാസം.
വോട്ടിങ് ശതമാനത്തിന്റെ വര്‍ധനയില്‍നിന്ന് ഫലപ്രവചനം ഇക്കുറി അസാധ്യമാണ്. കാരണം വോട്ടര്‍ പട്ടിക കുറ്റമറ്റതായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ പിഴവുകളാണ് വോട്ടര്‍ പട്ടികയിലുണ്ടായിരുന്നത്. ഇക്കുറി അത്തരം പിഴവുകള്‍ വോട്ടര്‍ പട്ടികയിലുണ്ടാകരുതെന്ന നിര്‍ബന്ധം തെരഞ്ഞെടുപ്പു കമീഷന് പുലര്‍ത്തിയിരുന്നു. ആരോപണങ്ങളുണ്ടെങ്കിലും കള്ളവോട്ടുകള്‍ അസാധ്യമാകുന്ന അവസ്ഥയുമുണ്ടായി. അതിനാല്‍ വോട്ടിങ് ശതമാനത്തില്‍ വര്‍ധന കാണുന്നുണ്ടെങ്കിലും അത് അഭൂതപൂര്‍വമായ വളര്ച്ചയല്ലെന്നാണ് കമീഷന് കരുതുന്നത്.
കഴിഞ്ഞ കുറേക്കാലമായി വോട്ടിങ് ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ വിജയം പ്രവചിക്കാനും കഴിയാറില്ല. 2001ല്‍ 72.22 ശതമാനം പോളിങ് നടന്നപ്പോള്‍ 99 സീറ്റില്‍ വിജയിച്ചത് യു.ഡി.എഫായിരുന്നു. എന്നാല്‍, 2006ല്‍ 72.27 ശതമാനം പോളിങ്ങുണ്ടായപ്പോള് 100 സീറ്റുകളിലാണ് ഇടതുപക്ഷം ജയിച്ചത്. പണ്ടൊക്കെ വോട്ടിങ് ശതമാനം 65നു മുകളിലായാല്‍ അത് യു.ഡി.എഫിന് അനുകൂലവും അല്ലെങ്കില്‍ പ്രതികൂലവും എന്നു കണക്കാക്കാറുണ്ടായിരുന്നു. എന്നാല്‍, വോട്ടര്‍ പട്ടിക കൃത്യമാകാന്‍ തുടങ്ങിയതോടെ ആ വക കണക്കുകള്‍ക്ക് അടിസ്ഥാനമില്ലാതാകുകയാണ്. മാത്രമല്ല, പ്രശ്നാധിഷ്ഠിതമായി ജനങ്ങള്‍ വോട്ടു ചെയ്യാന്‍ ശീലിച്ചതും പ്രവചന സാധ്യതകളെ ഇല്ലാതാക്കുന്നു.
കേരളത്തില്‍ മുന്നണികള്‍ മാറിമാറി അധികാരത്തില്‍ വരുന്ന പ്രവണതയുണ്ടെന്നതു മാത്രമാണ് ചിലരെയെങ്കിലും പ്രവചനത്തിന് പ്രേരിപ്പിക്കുന്നത്. എന്നാല്‍, മാറിയ സാഹചര്യത്തില്‍ ആ വക സാധ്യതകള്‍ക്കും അര്‍ഥമില്ലെന്നാണ് കരുതേണ്ടത്.
വളരെ നല്ല വിലയിരുത്തല്‍...എല്ലാ ഇലക്ഷനുകളിലും ഈ കച്ചവടം എല്ലാ പാര്‍ട്ടികളും നടത്തുന്നതാണ്. അതിനു വേണ്ടി ലക്ഷങ്ങള്‍ ആണ് മറിയുന്നത്. ഇത്തവണയും രണ്ടു മുന്നണികളും ബി ജെ പ്പിക്കു ഒത്തിരി കാശ് കൊടുത്തു കാണും.വോട്ടു ആര്‍ക്കു കിട്ടും എന്ന് കണ്ടറിയണം
ReplyDelete