Wednesday, April 13, 2011

ഏറനാട്ടില്‍ എല്‍.ഡി.എഫിന് ഏജന്റുമാരില്ല; സി.പി.എം ്രപവര്‍ത്തകര്‍ സ്വതന്ത്രനൊപ്പം


അരീക്കോട്: ത്രികോണ മല്‍സരം അരങ്ങേറിയ ഏറനാട് മണ്ഡലത്തില്‍ എല്‍.ഡി.എഫ് ഔദ്യോഗിക സ്ഥാനാര്‍ഥി സി.പി.ഐയിലെ അഷ്‌റഫ് കാളിയത്തിന് മിക്ക ബൂത്തുകളിലും പോളിങ് ഏജന്റുമാരില്ല. സി.പി.ഐക്ക് സ്വാധീനമുള്ള ഒറ്റപ്പെട്ട ബൂത്തുകളില്‍ മാത്രമാണ് എല്‍.ഡി.എഫിന് ഏജന്റുമാരുണ്ടായിരുന്നത്. മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലും സി.പി.എം പ്രവര്‍ത്തകര്‍ സ്വതന്ത്രന്‍ പി.വി. അന്‍വറിന്റെ പോളിങ് ഏജന്റുമാരായി ബൂത്തിലിരുന്നു. എടവണ്ണയില്‍ എല്‍.ഡി.എഫ് ഏജന്റുമാരായി നിര്‍ദേശിക്കപ്പെട്ട സി.പി.എം പ്രവര്‍ത്തകര്‍ അന്‍വറിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ സി.പി.എമ്മിലെ പ്രാദേശിക നേതാക്കളടക്കം അന്‍വറിന്റെ സ്ലിപ്പ് വിതരണത്തിന് സ്ഥാപിച്ച കൗണ്ടറുകളില്‍ ഇടംപിടിച്ചിരുന്നു.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ തോരണങ്ങളോ ബോര്‍ഡുകളോ കവലകളിലൊന്നും ദൃശ്യമായിരുന്നില്ല. സ്ലിപ്പ് വിതരണത്തിന് എല്‍.ഡി.എഫ് കൗണ്ടറുകള്‍ എവിടെയും ഒരുക്കിയിരുന്നില്ല. സി.പി.എം ലോക്കല്‍, ബ്രാഞ്ച് ഭാരവാഹികളും പഞ്ചായത്ത് മെമ്പര്‍മാരടക്കം പ്രാദേശിക നേതാക്കളും അന്‍വറിന് വോട്ടുപിടിക്കാന്‍ സജീവമായിരുന്നു. മണ്ഡലത്തില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ യു.ഡി.എഫും അന്‍വറിനെ പിന്തുണക്കുന്നവരും മല്‍സരിച്ചു. കുഴിമണ്ണ പഞ്ചായത്തിലെ ഏതാനും ബൂത്തുകള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഷ്‌റഫലി കാളിയത്ത് സന്ദര്‍ശിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ. ബഷീറും സ്വതന്ത്രന്‍ പി.വി. അന്‍വറും എല്ലാ പഞ്ചായത്തിലും സന്ദര്‍ശനം നടത്തി.

മണ്ഡലത്തില്‍ അരീക്കോട്, ഊര്‍ങ്ങാട്ടിരി, എടവണ്ണ, ചാലിയാര്‍ പഞ്ചായത്തുകളില്‍ മുഴുവന്‍ സി.പി.എം വോട്ടും അന്‍വറിന് പോള്‍ ചെയ്തിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍, കാവനൂര്‍, കീഴുപറമ്പ്, കുഴിമണ്ണ പഞ്ചായത്തുകളില്‍ ഒരുവിഭാഗം സി.പി.എമ്മുകാരുടെ വോട്ട് എല്‍.ഡി.എഫ് ഔദ്യോഗിക സ്ഥാനാര്‍ഥിക്ക് ലഭിക്കും. കീഴുപറമ്പിലാണ് എല്‍.ഡി.എഫിന് കൂടുതല്‍ വോട്ട് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ചാലിയാര്‍ പഞ്ചായത്തില്‍ പെരുവമ്പാടത്ത് മാത്രമാണ് എല്‍.ഡി.എഫിന് ബൂത്ത് ഏജന്റുമാര്‍ ഉണ്ടായിരുന്നത്. എടവണ്ണ പഞ്ചായത്തില്‍ എവിടെയും സ്ലിപ്പ് വിതരണത്തിന് എല്‍.ഡി.എഫ് കൗണ്ടര്‍ ഉണ്ടായിരുന്നില്ല. സി.പി.ഐ പ്രവര്‍ത്തകര്‍ അഷ്‌റഫലിയുടെ ഫ്‌ളക്‌സ് ബോര്‍ഡ് വെക്കുന്നത് എടവണ്ണയിലും പത്തപ്പിരിയത്തും സ്വതന്ത്രന്റെ ആളുകള്‍ തടയാന്‍ ശ്രമിച്ചതായി പരാതിയുണ്ട്. പത്തപ്പിരിയം ഏഴുകളരിയില്‍ അഷ്‌റഫലിയുടെ പ്രചാരണ പോസ്റ്ററുകളും തോരണങ്ങളും അജ്ഞാതര്‍ കത്തിച്ചതായി പരാതിയുണ്ട്.


No comments:

Post a Comment