Wednesday, April 6, 2011

ഐസ്‌ക്രീം കേസ്: ഇടപെട്ടത് ശരിയായി തന്നെ -വി.എസ്


ഐസ്‌ക്രീം കേസ്: ഇടപെട്ടത് ശരിയായി തന്നെ -വി.എസ്

കോഴിക്കോട്: ഐസ്‌ക്രീം കേസില്‍ ചട്ടവിരുദ്ധമായി ഇടപെട്ടിട്ടില്ലെന്നും ഇടപെട്ടത് ശരിയായി തന്നെയാണെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കോഴിക്കോട്ടെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുമായുള്ള മുഖാമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കേസ് കൈകാര്യം ചെയ്യുന്നവര്‍ ശരിയായി തന്നെയാണോ മുന്നോട്ടുപോകുന്നത്, വേണ്ടത്ര വേഗത അതിനുണ്ടോ. നിയമപരമായി ഇനിയെന്തൊക്കെ ചെയ്യാനാവും എന്നൊക്കെ പരിശോധിക്കാന്‍ എനിക്കവകാശമുണ്ട്. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ഉപദേശം ആവശ്യമില്ല. ശാന്തിഭൂഷണ്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന അഭിഭാഷകരുമായാണ് ആശയ വിനിമയം നടത്തിയത്. അതിനെതിരെ പൊലീസിനെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളും മറ്റും തനിക്ക് പ്രശ്‌നമല്ല. ലളിതമായി സമീപിക്കേണ്ട ഒന്നല്ല ഐസ്‌ക്രീം കേസ്.

പാകിസ്താന്‍ നോട്ടുകള്‍ ഉള്‍പ്പെടെ ഇവിടെ ഉപയോഗിച്ച പ്രമാണിമാരായ ആളുകള്‍ പണക്കൊഴുപ്പില്‍ ചെറുപ്പക്കാരികളെ ഉപയോഗിച്ചശേഷം തെരുവിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇത്തരക്കാരുടെ വ്യവസ്ഥിതി തന്നെ സ്ഥാപിക്കാനുള്ള ശ്രമമായിരുന്നു അത്. ഗൗരവത്തോടുകൂടി മാത്രമേ അതിനെ സമീപിക്കാനാവൂ ^വി.എസ് നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കി.

കേരളത്തില്‍ മാഫിയാ ഭരണമാണെന്ന സോണിയാഗാന്ധിയുടെ പരാമര്‍ശം യു.ഡി.എഫ് അധികാരത്തില്‍ വരണമെന്ന ആഗ്രഹം കൊണ്ടോ, അല്ലെങ്കില്‍ തെറ്റിദ്ധരിക്കപ്പെട്ടതുകൊണ്ടോ ഉണ്ടായതാവാമെന്ന് വി.എസ് അഭിപ്രായപ്പെട്ടു. 2001^'06 വര്‍ഷത്തെ യു.ഡി.എഫ് ഭരണകാലമായിരുന്നു മാഫിയകളുടെ ഭരണകാലം. ചന്ദനതൈലം വിറ്റ് കോടികള്‍ സമ്പാദിച്ചവരും ഹവാല പണം ഉപയോഗിച്ചവരും പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയവരുമെല്ലാം ഭരിച്ചത് ആകാലത്തായിരുന്നു. മുമ്പ് നടന്ന കാര്യങ്ങള്‍ ഇപ്പോഴത്തേതാക്കി ചിത്രീകരിച്ച് എല്‍.ഡി.എഫിനെ താറടിക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.

- മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തിനെതിരെ എതിര്‍ സ്ഥാനാര്‍ഥി കേസ് കൊടുത്തിട്ടുണ്ടല്ലോ?
ഉ: ഞാന്‍ പറഞ്ഞത് അവര്‍ കേട്ടതാണോ അതോ മറ്റാരെങ്കിലും കേള്‍പ്പിച്ചതാണോ എന്നറിയില്ല. സ്ത്രീകളെ ബഹുമാനത്തോടെ കാണുന്നവനും സ്ത്രീ പ്രശ്‌നങ്ങളുയര്‍ത്തിപ്പിടിച്ച് സമരം ചെയ്യുന്നവനുമാണ് ഞാന്‍. അവര്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കെ.പി.സി.സി മെമ്പറുമായിരുന്നു. ആ നിലയിലുള്ള അവരുടെ പ്രശസ്തിയെപ്പറ്റി അന്വേഷിച്ച് വാര്‍ത്ത കൊടുക്കണമെന്നാണ് പത്രക്കാരോട് പറഞ്ഞത്. സ്ത്രീകളുടെ അഭിമാനത്തിനുവേണ്ടി പോരാടുന്നവനെന്ന നിലയില്‍ സ്ത്രീകളുടെ വോട്ട് എനിക്ക് ലഭിക്കുമെന്ന് കരുതി ഏതെങ്കിലും പത്രക്കാരന്റെ സഹായത്തോടെ ചെയ്യുന്നതാവാം ഇപ്പോഴാകാര്യങ്ങള്‍. കോടതിയില്‍ വരട്ടെ, പറയാനുള്ളത് അവിടെ പറയാം.

- ജമാഅത്തെ ഇസ്‌ലാമി, ആര്‍.എസ്.എസ് എന്നിവരുടെ വോട്ട് സ്വീകരിക്കുമെന്ന് സി.കെ. ചന്ദ്രപ്പന്‍ പറഞ്ഞിട്ടുണ്ടല്ലോ?
ഉ: അത് സി.പി.ഐയുടെ അഭിപ്രായം. അവര്‍ വര്‍ഗീയ സംഘടനയാണെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഞങ്ങളുടെ പാര്‍ട്ടി സെക്രട്ടറിയുടെയും ഇടതുമുന്നണിയുടെയും അഭിപ്രായം അതുതന്നെയാണ്.

- എതിരാളികള്‍ വി.എസിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതെന്തുകൊണ്ടാണ്?
ഉ: ഞാന്‍ മുന്‍കൈയെടുത്ത് നടത്തിയ ഇടപെടലുകള്‍, പിന്നീട് മുഖ്യമന്ത്രിയായശേഷം ചെയ്ത നല്ല കാര്യങ്ങള്‍ എല്ലാം തകര്‍ക്കണമെങ്കില്‍ എന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ് നല്ലതെന്ന് ബുദ്ധിയുള്ളവര്‍ക്ക് തോന്നുന്നത് സ്വാഭാവികം മാത്രം.

No comments:

Post a Comment