Sunday, March 13, 2011

ഫുകുഷിമ ആണവിനിലയത്തില്‍ വീണ്ടും സ്‌ഫോടനം

Published on Mon, 03/14/2011 - 09:05 ( 45 min 7 sec ago)

ഫുകുഷിമ ആണവിനിലയത്തില്‍ വീണ്ടും സ്‌ഫോടനം

ടോക്യോ: ജപ്പാനില്‍ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിലും സൂനാമിയിലും തകര്‍ന്ന ഫുകുഷിമ ആണവനിലയത്തിലെ റിയാക്ടറുകളിലൊന്നില്‍ തിങ്കളാഴ്ച രാവിലെ വീണ്ടും സ്‌ഫോടനം ഉണ്ടായി. മൂന്നാം റിയാക്ടറിലാണ് രാവിലെ സ്‌ഫോടനമുണ്ടായത്. റിയാക്ടറില്‍ ഹൈഡ്രജന്‍ സ്‌ഫോടന സാധ്യതയുണ്ടെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. സ്‌ഫോടനത്തിന്റെ തുടര്‍ച്ചയായി റിയാക്ടറില്‍ നിന്നും കറുത്തപുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ ടിവി ചാനലുകള്‍ പുറത്തുവിട്ടു.

ശനിയാഴ്ച നിലയത്തിലെ ഒന്നാം റിയാക്ടറില്‍ സ്‌ഫോടനമുണ്ടായിരുന്നു. ശീതീകരണസംവിധാനം തകരാറിലായ റിയാക്ടറിലാണ് പൊട്ടിത്തെറിയുണ്ടായത്. റിയാക്ടറുകളിലെ ആണവ ഇന്ധനം ഉരുകാതിരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോഴും അധികൃതര്‍.

വികിരണത്തെയും സ്‌ഫോടനത്തെയും തുടര്‍ന്ന് ഫുകുഷിമയില്‍നിന്ന് ആയിരങ്ങളെ ശനിയാഴ്ചതന്നെ ഒഴിപ്പിച്ചിരുന്നു. ഫുകുഷിമയിലെ ഒന്നാം പ്ലാന്റിന്റെ 20 കിലോമീറ്റര്‍ ചുറ്റളവിലും രണ്ടാം പ്ലാന്റിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവിലും താമസിച്ചുവന്നിരുന്നവരെ ഒഴിപ്പിച്ചിട്ടുണ്ട്. 1,40,000 പേരാണ് ഫുകുഷിമ വിട്ടുപോയത്. ആണവ വികിരണത്തില്‍നിന്ന് രക്ഷ നേടാന്‍ ജനങ്ങള്‍ക്ക് അയഡിന്‍ വിതരണം ചെയ്യാന്‍ ജപ്പാന്‍ തയാറെടുക്കുകയാണ്. വികിരണം ജനങ്ങളെ ബാധിച്ചിട്ടുണ്ടോയെന്ന് മനസ്സിലാക്കാന്‍ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ സ്‌കാനിങ് നടത്തുന്നുണ്ട്.

ശനിയാഴ്ച നീരാവിയുടെ മര്‍ദം താങ്ങാനാവാതെ ഒന്നാം റിയാക്ടറിലുണ്ടായ സ്‌ഫോടനത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു. 19 പേര്‍ക്കെങ്കിലും ശക്തമായ വികിരണമേറ്റെന്നാണ് കരുതുന്നത്. ഇതിനിടെ ജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിലും ആണവ വികിരണ ഭീഷണി മറികടക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നതിലും സര്‍ക്കാറിന് മെല്ലെപ്പോക്കാണെന്ന് വിമര്‍ശമുണ്ട്.

No comments:

Post a Comment