Wednesday, March 2, 2011

ഭോപാല്‍ ഇരകളെ മരുന്ന് പരീക്ഷണത്തിനും വിധേയമാക്കിയെന്ന്

ഭോപാല്‍ വിഷവാതക ദുരന്തത്തില്‍ ഇരകളായവരെ മരുന്നുപരീക്ഷണത്തിനും വിധേയമാക്കിയതായി വെളിപ്പെടുത്തല്‍. വിവരാവകാശ നിയമപ്രകാരം ശേഖരിച്ച വിവരങ്ങളിലാണ് ഞെട്ടിക്കുന്ന ഈ വിവരം. മരുന്നുപരീക്ഷണത്തിനായി ഭോപാല്‍ മെമ്മോറിയല്‍ ആശുപത്രി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ബഹുരാഷ്ട്ര മരുന്ന് നിര്‍മാണ കമ്പനികളില്‍നിന്ന് ഒരു കോടിയിലധികം രൂപ കൈപ്പറ്റിയതായാണ് വിവരം.

വിഷവാതക ദുരന്തത്തിന് ഇരയായി ചികിത്സ തേടിയ ശങ്കര്‍ ലാല്‍ എന്ന വ്യക്തിയെയാണ് ആശുപത്രി അധികൃതര്‍ മരുന്നുപരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയത്. വിഷവാതകം ശ്വസിക്കാനിടയായ ഇദ്ദേഹവും ഗര്‍ഭിണിയായ ഭാര്യയും മരണത്തില്‍നിന്ന് രക്ഷപ്പെട്ടെങ്കിലും ഗര്‍ഭസ്ഥശിശു മരിച്ചിരുന്നു. ദുരന്തത്തെ തുടര്‍ന്ന് ഹൃദയ ചികിത്സക്ക് വിധേയനായ ശങ്കര്‍ലാല്‍ കഴിഞ്ഞ വര്‍ഷം മരിച്ചു. ഇദ്ദേഹത്തിന് ആശുപത്രിയില്‍നിന്ന് നല്‍കിയ ഗുളികകള്‍ ബഹുരാഷ്ട്ര മരുന്ന് നിര്‍മാണ കമ്പനികള്‍ പരീക്ഷണങ്ങള്‍ക്കായി നല്‍കിയവയായിരുന്നെന്നാണ് തെളിഞ്ഞത്.
രോഗികളെ അറിയിക്കാതെ നടത്തുന്ന ഇത്തരം പരീക്ഷണങ്ങള്‍ നിയമവിരുദ്ധവും ക്രിമിനല്‍ കുറ്റവുമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ സതിനാഥ് സാരംഗി പറഞ്ഞു. ആശുപത്രിക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


No comments:

Post a Comment