Saturday, March 26, 2011

നാനോ ടെക്‌നോളജിയില്‍ മലയാളിക്ക് അമേരിക്കന്‍ പാറ്റന്റ്


നാനോ ടെക്‌നോളജിയില്‍ മലയാളിക്ക് അമേരിക്കന്‍ പാറ്റന്റ്

യാമ്പു: നാനോ ടെക്‌നോളജിയില്‍ പ്രവാസി മലയാളിക്ക് അമേരിക്കന്‍ പാറ്റന്റ്. മലയാളിയായ ഡോ. അഹ്മദ് യാസിറിന്റെ നേത്യത്വത്തില്‍ വികസിപ്പിച്ചെടുത്ത ടൈറ്റാനിയം ടെട്രാക്ലോറൈഡില്‍ നിന്ന് ടൈറ്റാനിയം ഡയോക്‌സൈഡ് നാനോ കണികകള്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള നൂതന സാങ്കേതിക വിദ്യക്കാണ് പാറ്റന്റ് ലഭിച്ചത്. ശാസ്ത്ര ലോകത്ത് ഇന്ന് അനന്തസാധ്യതകളുള്ള നാനോ ടെക്‌നോളജിയില്‍ പുതിയ കാല്‍വെപ്പായാണ് യാമ്പുവിലെ ക്രിസ്റ്റല്‍ ഗ്ലോബല്‍ കമ്പനി ഈ അന്താരാഷ്ട്ര അംഗീകാരത്തെ കാണുന്നത്.
സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് കിരണങ്ങളെ ആഗിരണം ചെയ്യാനും അതോടൊപ്പം വിസിബിള്‍ ലൈറ്റിനെ കടത്തിവിടാനുമുള്ള ടൈറ്റാനിയം ഡയോക്‌സൈഡ് നാനോ കണികകളുടെ അസാധാരണ കഴിവിനെ ആധുനിക ശാസ്ത്രം വളരെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. പ്രകാശത്തിന്റെ സാന്നിധ്യത്തില്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താനും ചില പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെയും ഗ്ലാസിന്റെയും സുതാര്യത നിലനിര്‍ത്തി അത്യുഷ്ണം താങ്ങാനും ഇതിന് ബലവും ഈടും നല്‍കാനാവും. 'സ്വയം അഴുക്കിനെ നീക്കുന്ന' ഗ്ലാസിലും പെയിന്റിലും ഇതുപയോഗിക്കാം. കോസ്‌മെറ്റിക് ക്രീമുകളിലും ജെല്ലികളിലും മറ്റ് ഹെല്‍ത്ത് കെയര്‍ ഉല്‍പന്നങ്ങളിലും ഇതിന് സാധ്യതകളേറെയുണ്ട്.
മലപ്പുറം ജില്ലയിലെ അരീക്കോട് സ്വദേശിയാണ് ഡോ. അഹ്മദ് യാസിര്‍. എട്ടു വര്‍ഷമായി ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടൈറ്റാനിയം ഡയോക്‌സൈഡ് ഉല്‍പാദന കമ്പനിയായ ക്രിസ്റ്റല്‍ ഗ്ലോബലില്‍ സീനിയര്‍ റിസര്‍ച്ച് സയന്റിസ്റ്റാണ്. കേരളാ സര്‍ക്കാറിന് കീഴിലുള്ള ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട് ലിമിറ്റഡില്‍ റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് വിഭാഗത്തില്‍ ഏഴുവര്‍ഷം ജോലി ചെയ്തിരുന്നു. കുസാറ്റ്, റീജ്യനല്‍ റിസര്‍ച്ച് ലബേറട്ടറി തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പി.എച്ച്. ഡിയുടെ ഭാഗമായുള്ള പഠനം പൂര്‍ത്തിയാക്കിയത്.
സ്‌കൂള്‍ അധ്യാപകരായിരുന്ന ഹംസ- ആയിഷ ദമ്പതികളുടെ രണ്ടാമത്തെ മകനാണിദ്ദേഹം. കോഴിക്കോട് പേരാമ്പ്ര സ്വദേശിനി റഹ്മയാണ് ഭാര്യ. മക്കള്‍: സാഹി, ഹന, സന .

madhyamam daily 27.03.11

No comments:

Post a Comment