Monday, March 28, 2011

പൊതുമുതല്‍ നശിപ്പിക്കുന്നത് കണ്ടുനിന്നാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം -കോടതി


ന്യൂദല്‍ഹി: പ്രതിഷേധ സമരങ്ങള്‍ക്കിടയില്‍ പൊതുമുതല്‍ നശിപ്പിക്കുകയും ക്രമസമാധാനം പരിപാലിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയും ചെയ്യുന്നതു വഴി ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാറുകള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ ഉത്തരവാദികളെ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ മുന്നോട്ടുവെക്കാന്‍ ബന്ധപ്പെട്ടവരോട് കോടതി നിര്‍ദേശിച്ചു.
സമരത്തിന്റെ പേരില്‍ ഗതാഗതം തടസ്സപ്പെടുത്തുന്നതോ പൊതുമുതല്‍ നശിപ്പിക്കുന്നതോ അനുവദിക്കാനാവില്ല. ഇത്തരം സമരങ്ങള്‍ക്ക് പിന്നിലുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കണം. ഉത്തരവാദികളെ ജയിലില്‍ അടക്കണം. നിയമരാഹിത്യം അനുവദിക്കാന്‍ കഴിയില്ല -ജസ്റ്റിസുമാരായ ജി.എസ്. സിങ്‌വി, എ.കെ. ഗാംഗുലി എന്നിവര്‍ പറഞ്ഞു. ഹരിയാനയിലെ മിര്‍ച്പൂരില്‍ നടന്ന ദലിത് കൂട്ടക്കൊലയില്‍ ജാട്ടു സമുദായക്കാരായ കുറെപ്പേര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് റെയില്‍ ഗതാഗതം തടസ്സപ്പെടുത്തി 11 ദിവസം പ്രതിഷേധ സമരം അരങ്ങേറിയതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതിയുടെ സുപ്രധാന പരാമര്‍ശമുണ്ടായത്.
സമരത്തിന്റെ പേരില്‍ റെയില്‍വേക്കുണ്ടായ നഷ്ടത്തിന് പരിഹാരസംഖ്യ കൊടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ കോടതി ഹരിയാന സര്‍ക്കാറിനോട് നിര്‍ദേശിച്ചു. ട്രെയിനുകള്‍ ആക്രമിക്കുകയും മറ്റും ചെയ്തതിനെ തുടര്‍ന്ന് റെയില്‍വേക്ക് 34 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
46 ലക്ഷം രൂപയുടെ നഷ്ടം തങ്ങള്‍ക്കുണ്ടായെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.


No comments:

Post a Comment