Sunday, March 13, 2011

അഞ്ചു റിയാക്ടറുകളും അപകട നിലയില്‍ ; ചങ്കിടിപ്പോടെ ജപ്പാന്‍


അഞ്ചു റിയാക്ടറുകളും അപകട നിലയില്‍ ; ചങ്കിടിപ്പോടെ ജപ്പാന്‍

ടോക്യോ: ജപ്പാനില്‍ സൂനാമി ദുരന്തത്തെ തുടര്‍ന്ന് വന്‍ പൊട്ടിത്തെറിയുണ്ടായ ഫുകുഷിമ ആണവോര്‍ജ നിലയത്തിലെ രണ്ടാമത്തെ റിയാക്ടറിലും മര്‍ദം ക്രമാതീതമായി ഉയര്‍ന്നതോടെ രാജ്യം ആണവഭീതിയുടെ മുള്‍മുനയിലായി. 40 വര്‍ഷം പഴക്കമുള്ള ഫുകുഷിമ ആണവോര്‍ജ നിലയത്തിലെ ആദ്യ റിയാക്ടര്‍ ശനിയാഴ്ച തന്നെ പൊട്ടിത്തെറിച്ചിരുന്നു. ഭൂകമ്പത്തില്‍ ഭാഗികമായി കേടു പറ്റിയ റിയാക്ടറിന്റെ മേല്‍ക്കൂര സ്‌ഫോടനത്തില്‍ തകര്‍ന്നതോടെ മേഖലയാകെ ആണവ വികിരണഭീതിയിലായിരുന്നു.
ഇതിനിടെയാണ് ഇന്ന്, രണ്ടാമത്തെ റിയാക്ടറിലും മര്‍ദം ഉയര്‍ന്ന് പൊട്ടിത്തെറി സാധ്യതയിലേക്ക് നീങ്ങിയത്. റിയാക്ടറിനുള്ളിലെ മര്‍ദം കുറച്ച് സ്‌ഫോടനം ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും. മൊത്തം ആറ് ആണവ റിയാക്ടറുകള്‍ പ്രവര്‍ത്തിക്കുന്ന ഫുകുഷിമ നിലയത്തിലെ മറ്റു മൂന്നു റിയാക്ടറുകളുടെ കൂടി മര്‍ദ നിയന്ത്രണ സംവിധാനം തകരാറിലായിട്ടുണ്ടെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു. ഇതോടെ നിലയത്തിലെ അഞ്ചു റിയാക്ടറുകളും അപകട ഭീഷണി ഉയര്‍ത്തുകയാണ്. റിയാക്ടറുകള്‍ക്ക് ഉള്ളിലെ ചൂട് നിയന്ത്രിക്കുന്ന കൂളിങ് സംവിധാനം തകരാറിലാവുമ്പോഴാണ് പൊട്ടിത്തെറി ഉണ്ടാവുന്നത്. മേഖലയില്‍ നിന്ന് 170,000 ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ആണവനിലയത്തില്‍ നിന്ന് വികിരണ ചോര്‍ച്ച ഉണ്ടായാല്‍ പ്രവചനാതീതമായ ദുരന്തങ്ങളാവും ഉണ്ടാവുക. ജീവനുള്ളവയെയെല്ലാം നശിപ്പിക്കാന്‍ ശേഷിയുള്ള ആണവവികിരണങ്ങളുടെ പാരിസ്ഥിതിക ആഘാതങ്ങള്‍ പതിറ്റാണ്ടുകള്‍ നീണ്ടു നില്‍ക്കുന്നവയാകും.
രാജ്യത്തെ വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് ആണവ വിദഗ്ധരെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഫുകുഷിമ റിയാക്ടറിന്റെ പുറത്തുനിന്ന് ആണവ പദാര്‍ഥങ്ങള്‍ കണ്ടെടുത്തതായും ഇത് ആണവ വികിരണത്തിന്റെ സാധ്യത സൂചിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാട്ടുന്നു. ഫുകുഷിമ റിയാക്ടറിലെ ശനിയാഴ്ചത്തെ സ്‌ഫോടനത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു. റിയാക്ടറിന്റെ പത്തു കിലോമീറ്റര്‍ പരിധിയിലുള്ള എല്ലാവരേയും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പൊട്ടിത്തെറിയുണ്ടായ റിയാക്ടറിന്റെ കണ്‍ട്രോള്‍ റൂമില്‍ ആണവവികിരണത്തിന് ആയിരം മടങ്ങും പുറത്ത് എട്ട് മടങ്ങും സാധ്യത വര്‍ധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറഞ്ഞു. 17 നിലയങ്ങളിലായി മൊത്തം 53 ആണവ റിയാക്ടറുകളാണ് ജപ്പാനില്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ വൈദ്യുതിയുടെ 35 ശതമാനവും ആണവോര്‍ജത്തിലൂടെയാണ് സൃഷ്ടിക്കുന്നത്.

No comments:

Post a Comment