Tuesday, March 8, 2011

കോണ്‍ഗ്രസ് ബി.ജെ.പിയുമായി രഹസ്യ ധാരണയിലേക്ക്


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം ബി.ജെ.പിയുമായി രഹസ്യധാരണയിലേക്ക് നീങ്ങുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പിസവുമായി ബന്ധപ്പെട്ടാണ് ബി.ജെ.പി ഇത്തവണ മുതലെടുപ്പിനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കെ.പി.സി.സി പ്രസിഡന്റ് അടക്കമുള്ള കുറേ പേര്‍ക്ക് ബി.ജെ.പിയുടെ വോട്ടുകള്‍ ലഭിക്കുമെന്നാണ് സൂചന. അതേസമയം, തിരുവനന്തപുരത്ത് നേമം അടക്കം രണ്ടോ മൂന്നോ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ സഹായം ബി.ജെ.പിക്കും ലഭിക്കും.
1991ലെ തെരഞ്ഞെടുപ്പു ധാരണയെ അനുസ്മരിപ്പിക്കുന്നതാണ് ഇക്കുറി നടക്കുന്ന രഹസ്യ നീക്കം. അന്ന് തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ കെ. കരുണാകരന്‍ തന്റെ ആശ്രിതനായിരുന്ന ബി. വിജയകുമാറിനെ മത്സരിപ്പിച്ചത് ജയിപ്പിക്കാനായിരുന്നില്ല. അന്നവിടെ മത്സരിച്ച കെ. രാമന്‍ പിള്ളക്ക് വോട്ടു മറിച്ചു നല്‍കാന്‍ രഹസ്യ ധാരണയുണ്ടായിരുന്നു. പകരം കോണ്‍ഗ്രസ് 'ഐ' വിഭാഗം മത്സരിക്കുന്ന 40 മണ്ഡലങ്ങളില്‍ വോട്ടു മറിച്ചു നല്‍കാമെന്ന് ബി.ജെ.പി യും ഏറ്റിരുന്നു. ഇക്കാര്യം അന്തരിച്ച കെ.ജി. മാരാര്‍ പിന്നീട് തന്റെ ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പുവേളയില്‍ ഈ രഹസ്യം അന്ന് പുറത്തു കൊണ്ടുവന്നത് 'മാധ്യമ'മാണ്. അതേത്തുടര്‍ന്ന് അന്ന് കെ.പി.സി.സി പ്രസിഡന്റായിരുന്ന എ.കെ. ആന്റണി പ്രത്യേക താല്‍പര്യമെടുത്ത് തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തിലിറങ്ങി പ്രചാരണം നടത്തി ബി. വിജയകുമാറിനെ വിജയിപ്പിക്കുകയും കരാര്‍ പ്രകാരം 40 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് ബി.ജെ.പിയുടെ വോട്ട് കിട്ടുകയും ചെയ്തു. അന്നും 40 മണ്ഡലങ്ങളിലൊന്നില്‍ ഈ വോട്ടിന്റെ ഗുണഭോക്താവായിരുന്നു ഇന്നത്തെ കെ.പി.സി.സി പ്രസിഡന്റ്.
ഇക്കുറി ബി.ജെ.പി മൂന്നിടത്താണ് വിജയ പ്രതീക്ഷ പുലര്‍ത്തുന്നത്. മഞ്ചേശ്വരം, പാലക്കാട്, നേമം എന്നീ മണ്ഡലങ്ങളാണവ. മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും പാലക്കാട് വ്യവസായിയായ ഉദയ ഭാസ്‌കറും നേമത്ത് മുന്‍ കേന്ദ്ര മന്ത്രി ഒ. രാജഗോപാലുമാണ് മത്സരിക്കുന്നത്. ഇതില്‍ ഇവര്‍ക്കു മൂവര്‍ക്കും വോട്ടു മറിച്ചു നല്‍കാനുള്ള ശേഷി കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനത്തിനുണ്ടാകില്ല. എന്നാല്‍, നേമത്തും പാലക്കാട്ടും അതിനുള്ള സംവിധാനമൊരുക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് സന്ദേശം ലഭിച്ചിട്ടുണ്ടത്രെ. ഈ മണ്ഡലങ്ങളില്‍ ദുര്‍ബല സ്ഥാനാര്‍ഥികളെയോ ദുര്‍ബലരായ ഘടക കക്ഷികളെയോ മത്സരിപ്പിക്കും. കോണ്‍ഗ്രസിന് വിജയ സാധ്യതയുള്ള നേമം ജെ.എസ്.എസിന് നല്‍കാനാണ് കെ.പി.സി.സി തലത്തില്‍ ആലോചന. ആദ്യ ഘട്ടത്തില്‍ അവിടെ മത്സരിക്കാന്‍ തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് വി.എസ്. ശിവകുമാര്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. പിന്നീട് പിന്മാറി.


MADHYAMAM DAILY. 09.03.11

1 comment:

  1. കേരളത്തില്‍ ബിജെപിക്കാരന്‍ പണ്ടേ വോട്ടു കച്ചവടക്കാരായിരുന്നു, വോട്ടു മറിച്ചവരായിരുന്നു, കൂട്ടിക്കൊടുപ്പുകാരായിരുന്നു എന്നൊക്കെ അതിന്റെ തന്റെ നേതാക്കള്‍ ഏറ്റു പറഞ്ഞിരുന്നു.

    ഇന്ന്‌ കേന്ദ്ര സര്‍ക്കാറിനോടുള്ള എതിര്‍പ്പും ന്യൂനപക്ഷ വിരുദ്ധതയും കാരണം ഇവര്‍ക്ക്‌ ഏറെ പഥ്യം കോണ്‍. നേക്കാള്‍ സിപിഎമ്മാണെന്നത്‌ ഒരു വര്‍ത്തമാന കാല സത്യം. മൊയ്‌തു വാണിമേലൊന്നു നാട്ടിലിറങ്ങി, എല്ലാ വിഭാഗം ജനങ്ങളുമായി ഒന്നു സംവേദിച്ചു നോക്കൂ അപ്പോഴറിയാം കാര്യങ്ങളുടെ കിടപ്പെവിടെയെന്ന്‌.

    ReplyDelete