ക്രൂരതകളുടെ സ്ത്രീവിരുദ്ധ ലോകത്തേക്ക് ജനിക്കാന്‍ തയാറല്ലാത്ത കുഞ്ഞുങ്ങളുടെ കഥപറയുന്ന സ്ത്രീപക്ഷ നാടകമാണ് പെണ്‍പിറവി.
കേരളശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഇക്കൊല്ലത്തെ നാടകയാത്രയുടെ മുഖ്യ ഇനം. ഇന്ത്യന്‍ സാഹചര്യത്തില്‍ വിശിഷ്യ കേരളത്തിന്റെ പ്രത്യേക സാംസ്കാരിക സാഹചര്യത്തില്‍ സ്ത്രീ ജീവിതങ്ങള്‍ നേരിടേണ്ടി വരുന്ന വിവിധങ്ങളായ ദുരനുഭവങ്ങളുടെ കഥയും കാര്യവും ചര്‍ച്ച ചെയ്യുന്നതാണ് നാടകം. സാര്‍വദേശീയ വനിതാദിന പ്രഖ്യാപനത്തിന് നൂറ് വര്‍ഷം തികയുന്ന സാഹചര്യത്തിലാണ് പെണ്‍പിറവി അവതരിപ്പിക്കപ്പെടുന്നത്.
ശബ്ദം-അമ്മേ, ഇത് ഞാനാ, അമ്മേടെ മോള്..
നിഷ-മോളോ?
ശബ്ദം-അതെയമ്മേ, അമ്മേടെ വയറ്റില് വളര്‍ന്നോണ്ടിരിക്കണ അമ്മേടെ സ്വന്തം മോള്..
നാടകത്തിന്റെ പ്രചരണാത്മകതയെ മറികടന്ന് യഥാര്‍ഥ്യത്തിന്റെ തീവ്രാനുഭവങ്ങളിലേക്ക് നാടകം പ്രവേശിക്കുന്നത് അമ്മയും ജനിക്കാനിരിക്കുന്ന കുഞ്ഞും തമ്മിലുള്ള ഈ സംഭാഷണത്തോടെയാണ്.
ശബ്ദം-അമ്മേ - അമ്മയ്ക്കേന്നോട് ഇഷ്ടമുണ്ടോ?
നിഷ-ഇഷ്ടമുണ്ടോന്നോ? നീ വരുന്നതും നോക്കി എട്ട് കൊല്ലായിട്ട് കാത്തിരിക്കണതാ
ശബ്ദം-ഇഷ്ടമൊണ്ടെങ്കില്..
നിഷ-ഇഷ്ടമൊണ്ടെങ്കില്?..
ശബ്ദം-ഇഷ്ടമൊണ്ടെങ്കില്.. എന്നോട് ഇവിടെ ജനിക്കാന്‍ പറയരുത്
ഇവിടെ കഥ കാര്യത്തിലേക്ക് കടക്കുന്നു. ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന കുഞ്ഞുങ്ങള്‍ ഈ നശിച്ച ഭൂമിയിലേക്ക് പിറക്കാന്‍ ഭയക്കുന്നു എന്ന വിഷയം ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. അതിനുള്ള കാരണങ്ങള്‍ നിരത്തുന്നതിനുള്ള ശ്രമങ്ങള്‍ പലപ്പോഴും പ്രചണാതത്മകതയുടെ കല്ലുകടി അനുഭവിപ്പിക്കുമെങ്കിലും ഇതാണ് നമ്മുടെ യാഥാര്‍ഥ്യം എന്ന തിരിച്ചറിവ് ഈ പരിമിതികളെ മറക്കാന്‍ കാണികളെ പ്രേരിപ്പിക്കും.
ഞങ്ങളുടെ ശരീരങ്ങള്‍ വേദനകളുടെ ഖനികളാണ്..ഞങ്ങളുടെ ഓരോരോ ഞരമ്പിലും അപമാനത്തിന്റെ മുറിവുകളാണ്.. ഇങ്ങിനെ മലയാളി സ്ത്രീയുടെ നൊമ്പരങ്ങള്‍ അയവിറക്കപ്പെടുകയും ഓര്‍മിപ്പിക്കപ്പെടുകയും ചെയ്യുന്ന സംഭാഷണങ്ങള്‍ കൊണ്ട് സമ്പന്നമാണ് നാടകം.
പുരുഷന്‍ പഠിപ്പിക്കുന്നു: സ്ത്രീയേ, നീ മുന്നോട്ട് പോകരുത്. കാരണം, നിനക്ക് ഭൂമി പരന്നതാണ്. മുന്നോട്ട് പോയാല്‍ വക്കിലെത്തി നീ കൊടും താഴ്ചയിലേക്ക് വീണുപോകും. അതുകൊണ്ട് സ്ത്രീയേ, നീ നിന്നിടത്തു തന്നെ നില്‍ക്കുക. സ്ത്രീ ജന്മങ്ങളെ നിന്നിടത്തു തന്നെ നിര്‍ത്തുന്ന കുതന്ത്രങ്ങളെ ചെറുക്കാനുള്ള ആഹ്വാനങ്ങള്‍ നാടകം നിറയെയുണ്ട്.
സ്ത്രീ ശാരീരികമായും മാനസികമായും പുരുഷന്റെ അടിമ തന്നെയാണ് ശാരീരികമായും മാനസികമായും മാത്രമല്ല, ജൈവപരമായും സ്ത്രീ പുരുഷന്റെ അടിമ തന്നെയാണ് എന്ന പുരുഷ പ്രഖ്യാപനങ്ങളുമുണ്ട്. ദുരന്തങ്ങളുടെ കൊടുമുടിയിലേക്ക് സ്ത്രീയെ ഒറ്റപ്പെടുത്തുന്ന പുരുഷ ലോകത്തെ ഏറെക്കുറെ ശത്രുപക്ഷത്ത് നിര്‍ത്തുന്ന നിലപാടുകളും കുറവല്ല. എങ്കിലും വര്‍ത്തമാന കേരള സാഹചര്യത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങ
ളെ ആഴത്തില്‍ തന്നെ അന്വേഷിക്കാനുള്ള ശ്രമം ഈ നാടകത്തിലുണ്ട്.
ശബ്ദം-ഇഷ്ടമൊണ്ടെങ്കില്.. എന്നോട് ഇവിടെ ജനിക്കാന്‍ പറയരുത്
നിഷ-ഇഷ്ടമൊള്ളതുകൊണ്ടല്ലേ അമ്മ നിനക്കു വേണ്ടി കാത്തിരിക്കണത്?
ശബ്ദം-വേണ്ടമ്മേ,
നിഷ-മോളെന്താ അങ്ങനെ പറയണത്?
ശബ്ദം-പേടിയാണമ്മേ.. പേടിയാ - ഇവിടെ പെണ്ണായി പിറക്കാന്‍ പേടിയാ.അമ്മ കാണുന്നില്ലേ? പെണ്ണായി പിറന്ന ഓരോരുത്തരുടെ അനുഭവങ്ങള്?
ചെന്നായ്ക്കളലറുന്ന നാട്ടിലേയ്ക്ക് എന്നെയെന്തിനാണമ്മ വിളിക്കുന്നത്?
ഇരുളിന്‍ നഖം കൂര്‍ത്ത കാട്ടിലേയ്ക്ക് എന്നെയെന്തിനാണമ്മ വിളിക്കുന്നത്?
എന്ന ചോദ്യവുമായി വയറ്റില്‍ കിടക്കുന്ന കുഞ്ഞ് അമ്മയെ ചോദ്യം ചെയ്യുന്നു.
ശബ്ദം-കണ്ടില്ലേ അമ്മേ, എങ്ങിനെയാ അമ്മേ, ഈ മണ്ണിലേക്ക് പെണ്ണായി പിറക്കുക. എനിക്ക് ശരിക്കും പേടിയാവണമ്മേ.
നിഷ-അരുത് മോളേ-അങ്ങനെ ധൈര്യമില്ലാതാവരുത്
ശബ്ദം-പെണ്ണായി പിറന്നതു കൊണ്ട് മാത്രമല്ലേ അമ്മേ ഇവരൊക്കെ ഇതൊക്കെ സഹിക്കേണ്ടി വരുന്നത്? പെണ്ണായി പിറക്കേണ്ടീരുന്നില്ലാന്ന് തോന്നാത്ത ഏത് പെണ്ണാ അമ്മേ ഇവിടുള്ളത്..അതുകൊണ്ട് ഈ മണ്ണിലേക്ക് ഞാന്‍ വരുന്നില്ലമ്മേ..
നിഷ-എനിക്ക് മനസ്സിലാകുന്നുണ്ട് മോളേ. പക്ഷേ, നിന്നെ ഇല്ലാതാക്കാന്‍ എനിക്ക് കഴിയില്ല... ഓര്‍ത്തു നോക്കൂ.., എത്രയെത്ര പേരുടെ ഒരു തുടര്‍ച്ചയാ നീയ്! ഓര്‍ക്കുമ്പോള്‍ തന്നെ കോരിത്തരിക്കണില്ലേ?
ഈ തുടര്‍ച്ചയുടെ ന്യായമാണ് കുഞ്ഞിനുള്ള അമ്മയുടെ മറുപടി.
ഈ ലോകം, അല്ല, ഈ കാലം, നിന്നെ, നിങ്ങളെ, ഭയപ്പെടുത്തുന്നതാവാം-പക്ഷേ ഭയപ്പെട്ട് പിന്മാറുകയല്ല, വേണ്ടത്. നിങ്ങള്‍ക്ക് മുന്‍പേ പിറന്നവര്‍ പിന്മാറിയിരുന്നെങ്കില്‍ ഈ മണ്ണില്‍ പെണ്ണിന്റെ സ്ഥിതി ഇതിനേക്കാള്‍ കഷ്ടമാകുമായിരുന്നു...മറ്റൊരു ലോകം സാദ്ധ്യമാണ് മോളേ; വരൂ, നമുക്ക് ഈ ലോകം മാറ്റി പണിയാം.
ഈ മുദ്രാവാക്യ സമാനമായ പ്രഖ്യാപനത്തോടെ പെണ്‍കുഞ്ഞിനെ പുതുതലമുറയിലെ ഒരാണ്‍കുഞ്ഞ് ഇരുകൈകളാലും ഏറ്റുവാങ്ങുന്നതും സദസ്സിലേക്ക് ഇറങ്ങുന്നതും തുടര്‍ന്നുള്ള ആനന്ദോത്സവങ്ങളുമായി നാടകം പിന്മാറുന്നു.
നാടകത്തിന്റെ ആദ്യഭാഗത്ത് സ്ത്രീപ്രശ്നങ്ങളുടെ ചര്‍ച്ചകള്‍ തന്നെയുണ്ട്. പെണ്‍കുഞ്ഞുങ്ങള്‍ കുറയുന്നതിനെ കുറിച്ച് ഒരുതരം കോഫിഹൌസ് ചര്‍ച്ച തന്നെ അവതരിപ്പിക്കുന്നുമുണ്ട്. പ്രചരണാത്മകമെന്ന നിലയിലും സ്ത്രീപ്രശ്നം എന്ന നിലയിലും ഈ ചര്‍ച്ചകള്‍ കാണികള്‍ കേട്ടിരിക്കും കണ്ടിരിക്കും.
തുടക്കത്തില്‍ സ്ത്രീ സമരങ്ങളുടെയും മുന്നേറ്റങ്ങളുടെയും ചരിത്രം അനാവരണം ചെയ്യുന്ന ഭാഗമുണ്ട്. മാറുമറയ്ക്കാന്‍ വേണ്ടി സമരം ചെയ്ത ചാന്നാര്‍ സ്ത്രീകളുടെ ചരിത്രം മുതല്‍ ഇത് തുടങ്ങുന്നു.
അതിങ്ങിനെ: രാഷ്ട്രീയ മണ്ഡലത്തില്‍ കരുത്തുറ്റ പെണ്മയുടെ തളരാത്ത പോരാട്ട വീര്യം-കെ. ആര്‍. ഗൌരിയമ്മ.
എല്ലാ പ്രതികൂല സാഹചര്യങ്ങളെയും മറികടന്ന് ശാസ്ത്രത്തിന്റെ ലോകത്തേയ്ക്ക് ജ്വലിച്ചുയര്‍ന്ന കേരളത്തിന്റെ ശാസ്ത്രജ്ഞ അന്നാ മാണി.
ജീവജലം കൊള്ളയടിക്കുന്ന ആഗോള വ്യവസായ ഭീമന്‍മാര്‍ക്കെതിരെ ഗ്രാമീണ കേരളംതൊടുത്തു വിട്ട ധീര ശബ്ദം- മയിലമ്മ
ചെറുപ്രായത്തില്‍ തന്നെ സമൂഹത്തിലെ അനീതികള്‍ക്കും അസമത്വങ്ങള്‍ക്കുമെതിരെ വിപ്ലവപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ അജിത.
മാസ്മരികമായ ഭാഷയിലൂടെ മലയാളത്തെ ലോകഭാഷയാക്കി മാറ്റിയ മാധവിക്കുട്ടി
ആദിവാസി മേഖലയില്‍ നിന്നുള്ള ശക്തയായ പോരാളി സി.കെ. ജാനു.
അക്കാമ്മ ചെറിയാന്‍, മേരി റോയി, എ.വി.കുട്ടിമാളു അമ്മ..... ഇത് ചരിത്രത്തിന്റെ ഓര്‍മകളാണ്. ആത്മധൈര്യങ്ങളാണ്‍്. എന്നാല്‍ പരിഷത്തിനെ പോലൊരു സംഘടന ചരിത്രത്തില്‍ ചില സത്യങ്ങള്‍ ബോധപൂര്‍വം മറച്ചു വെയ്ക്കേണ്ടതുണ്ടോ എന്ന ചരിത്രപരമായ ഒരു ചോദ്യം നാടകം കണ്ട് കഴിയുമ്പോള്‍ അവശേഷിക്കുന്നു. ഗൌരിയമ്മ മുതല്‍ അജിതയും ജാനുവും വരെയുള്ളവര്‍ നാടകത്തില്‍ ഓര്‍മിക്കപ്പെടുമ്പോള്‍ കേരളത്തില്‍ ആദ്യമായി ഒരുകാമ്പസ് സ്ത്രീസംഘടന രൂപവല്‍കരിക്കുകയും തുടര്‍ന്ന് സ്ത്രീപക്ഷത്തു നിന്ന് സാഹിത്യത്തിലും രാഷ്ട്രീയത്തിലും ചിന്തകളിലും ശക്തമായ ഇടപെടലുകള്‍ നടത്തുകയും ചെയ്ത സാറാജോസഫ് ഈ ചരിത്രത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതെങ്ങിനെ എന്ന ചോദ്യം പ്രസക്തം മാത്രമല്ല, ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്. സാറാജോസഫ് വെറും കുത്തുകുത്തിനുള്ളില്‍ മറയ്ക്കപ്പെടേണ്ട സ്ത്രീയല്ല എന്നതു തന്നെ കാരണം.
സാംകുട്ടി പട്ടംകരിയാണ് നാടക സംവിധനം. കെ.വി. ശ്രീജ, ആറങ്ങോട്ടുകര രചിച്ച ചരിത്ര വഴികളിലെ സ്ത്രീകള്‍, എന്‍.വേണുഗോപാലന്റെ പിറവികൊണ്ടേ മുറിവേറ്റവര്‍ എന്നീരചനകളെ ആസ്പദമാക്കിയാണ് രംഗസാഹിത്യം തയാറാക്കിയിരിക്കുന്നത്.
ningal kandille vallatha oranubhavamayirunnu kananam mukundanmash mokeri
ReplyDelete